ഇസ്രയേൽ ആക്രമണം നടന്നശേഷം ആദ്യമായിട്ടാണ് ഇറാന്‍റെ ഓയിൽ ഫീൽഡിൽ ആക്രമണം നടന്നതായുള്ള വിവരം പുറത്തുവരുന്നത്
ടെഹ്റാൻ: ഇറാനിലെ എണ്ണപ്പാടം ആക്രമിച്ചതായി റിപ്പോര്‍ട്ട്. ലോകത്തേറ്റവും വലിയ ഗ്യാസ് ഫീൽഡിലൊന്നാണ് ആക്രമിക്കപ്പെട്ടതെന്നാണ് വിവരം. ബുഷഹ്‍ർ പ്രവിശ്യയിലെ പാർസ് റിഫൈനറിയാണ് ആക്രമിപ്പെട്ടതെന്നാണ് വാര്‍ത്താഏജന്‍സികളടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്രയേൽ ആക്രമണം നടന്നശേഷം ആദ്യമായിട്ടാണ് ഇറാന്‍റെ ഓയിൽ ഫീൽഡിൽ ആക്രമണം നടന്നതായുള്ള വിവരം പുറത്തുവരുന്നത്.
എണ്ണപ്പാടങ്ങള്‍ക്ക് ശക്തമായ വ്യോമ പ്രതിരോധ സംവിധാനങ്ങളുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസങ്ങള്‍ മുതൽ ഇസ്രയേൽ ഇത്തരം വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടത്തിയിരുന്നത്. ഇറാന്‍റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തതായി ഇസ്രയേൽ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ ഇറാനിലെ ഏറ്റവും വലിയ ഓയിൽ ഫീല്‍ഡുകളിലൊന്നിൽ ഇസ്രയേൽ ഡ്രോണ്‍ ആക്രമണം നടത്തിയതായുള്ള വിവരം പുറത്തുവരുന്നത്. അതേസമയം, ഇസ്രയേൽ ഇതുസംബന്ധിച്ച് ഔദ്യോഗികമായി സ്ഥിരീകരണം നടത്തിയിട്ടില്ല.
ഇതിനിടെ, ചർച്ചകളിലേക്ക് മടങ്ങി എത്തണമെന്ന് ഇറാനോട് ഫ്രഞ്ച് പ്രസിഡസിന്‍റ് മാക്രോൺ ആവശ്യപ്പെട്ടു. ഫ്രഞ്ച് പൗരന്മാരെയോ കേന്ദ്രങ്ങളെയോ ലക്ഷ്യം വെക്കരുതെന്നും ഇറാൻ പ്രസിഡന്‍റുമായുള്ള സംഭാഷണത്തിൽ മാക്രോണ്‍ ആവശ്യപ്പെട്ടു. മൂന്നു വർഷമായി ഇറാന്‍റെ ബന്ദികളായ രണ്ട് ഫ്രഞ്ച് പൗരന്മാരെ വിട്ടയക്കണമെന്നും മാക്രോണ്‍ ആവശ്യപ്പെട്ടു.


