വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായുള്ള ചര്‍ച്ചയിൽ ഇക്കാര്യം അറിയിച്ചെന്ന് ഇറാൻ വിദേശകാര്യമന്ത്രി സയദ് അബ്ബാസ് അരാഗ്ച്ചി അറിയിച്ചു
ദില്ലി: ഇറാൻ-ഇസ്രയേൽ സംഘര്‍ഷത്തിൽ നയതന്ത്ര ചര്‍ച്ചകള്‍ക്കുള്ള സാഹചര്യമില്ലാതാക്കിയെന്ന് ഇറാൻ. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായുള്ള ചര്‍ച്ചയിൽ ഇക്കാര്യം അറിയിച്ചെന്ന് ഇറാൻ വിദേശകാര്യമന്ത്രി സയദ് അബ്ബാസ് അരാഗ്ച്ചി അറിയിച്ചു. ഇറാനോട് ഇന്ത്യ അനുഭാവം അറിയിച്ചെന്നും ഇറാൻ വിദേശകാര്യമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ ഐക്യദാർഢ്യത്തിന് ഇറാൻ നന്ദി അറിയിച്ചെന്നും മന്ത്രി സയദ് അബ്ബാസ് അരാഗ്ച്ചി വ്യക്തമാക്കി. അതേസമയം, ഇറാനും ഇസ്രയേലും തമ്മിൽ നാളെയും ചര്‍ച്ച നടക്കില്ല. ഇക്കാര്യം ഒമാൻ ഭരണാധികാരികള്‍ സ്ഥിരീകരിച്ചു.
അതേസമയം, ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇസ്രയേലിനെ അപലപിച്ച് ഷങ്ഹായ് സഹകരണ സംഘടന പുറത്തിറക്കിയ പ്രസതാവനയിൽ നിന്നും ഇന്ത്യ മാറിനില്‍ക്കുകയാണ്. സംഘർഷം ചർച്ചയിലൂടെ അവസാനിപ്പിക്കണമെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യം ഷാങ്ഹായ് സഹകരണ സംഘടനയെ അറിയിച്ചിരുന്നുവെന്നാണ് വിദേശകാര്യ വക്താവ് നിലവില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇസ്രയേലിനെ അപലപിച്ചുകൊണ്ട് പുറത്തുവന്ന പ്രസ്താവനയിലുള്ള ചർച്ചയിൽ ഇന്ത്യ പങ്കാളിയല്ലെന്നും ഇന്ത്യ അറിയിച്ചു.

