ലബനനിലെ ആക്രമണത്തിന് തിരിച്ചടിയായി ഇറാൻ ഇസ്രയേലിന് നേരെ മിസൈൽ ആക്രമണം നടത്തി. മിസൈലുകൾ തകർത്തതായി ഇസ്രായേൽ അവകാശപ്പെടുമ്പോൾ, പ്രത്യാക്രമണമുണ്ടായാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിച്ചു

ടെഹ്റാൻ: ലബനനിലെ ഇസ്രയേൽ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഇസ്രയേലിന് നേരെ ഇറാന്റെ അതിശക്തമായ മിസൈൽ ആക്രമണ പരമ്പര. നിരവധി മിസൈലുകളാണ് ഇസ്രയേൽ ലക്ഷ്യമിട്ട് ഇറാൻ തൊടുത്തത്. ഇസ്രയേലിന്റെ വടക്കൻ പ്രദേശങ്ങൾ ലക്ഷ്യമാക്കി ഇറാൻ കൂട്ടത്തോടെ തൊടുത്ത അനവധി മിസൈലുകൾ തങ്ങൾ വിജയകരമായി തകർത്തതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ഏത് തരത്തിലുള്ള വ്യോമാക്രമണങ്ങളെയും ചെറുക്കാൻ ഇസ്രയേൽ സേന സജ്ജമാണെന്നും ഇറാന് കനത്ത തിരിച്ചടി നൽകാൻ സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും ഇസ്രായേൽ വ്യക്തമാക്കി എന്നാൽ ഇസ്രായേലിന്റെ ഭാഗത്തുനിന്ന് പ്രത്യാക്രമണം ഉണ്ടായാൽ ആക്രമണം കൂടുതൽ ശക്തമായി തുടരുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പശ്ചിമേഷ്യ വീണ്ടും അശാന്തം

ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക നീക്കങ്ങൾ ശക്തമായതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതിയും അതോടൊപ്പം അമേരിക്കൻ സേന അതീവ ജാഗ്രതയിലുമാണ്. ഇറാൻ ആക്രമണം നടത്തിയാൽ തിരിച്ചടിക്കരുതെന്ന് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായാണ് വിവരം. യു എസ് കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടേക്കുമെന്ന സൂചനകളെത്തുടർന്ന് ജോർദാനിലെ അമേരിക്കൻ എംബസി തങ്ങളുടെ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മിഡിൽ ഈസ്റ്റിൽ വലിയൊരു യുദ്ധസാഹചര്യം ഒഴിവാക്കാനുള്ള നയതന്ത്ര നീക്കങ്ങളും ഇതിനിടെ സജീവമാണ്.

ലെബനൻ ആക്രമണം പ്രകോപനം

ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേൽ വ്യോമസേന നടത്തിയ വൻ വ്യോമാക്രമണമാണ് ഇറാനെ ആക്രമണത്തിന് പ്രേരിപ്പിച്ചത്. ജനവാസ മേഖലയായ ദഹിയേയിൽ പ്രവർത്തിച്ചിരുന്ന ഹിസ്ബുള്ളയുടെ പ്രധാന കമാൻഡ് ആസ്ഥാനവും തന്ത്രപ്രധാനമായ ഭൂഗർഭ ഓപ്പറേഷൻ റൂമും ലക്ഷ്യമിട്ടായിരുന്നു ഇസ്രായേൽ യുദ്ധവിമാനങ്ങളുടെ ആക്രമണം. ആക്രമണത്തിൽ ഈ കേന്ദ്രം വിജയകരമായി തകർത്തതായി ഇസ്രായേൽ പ്രതിരോധ സേന അവകാശപ്പെട്ടിരുന്നു. ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശമായ ദഹിയേയിൽ തുടർച്ചയായി അതിശക്തമായ സ്ഫോടനങ്ങളാണ് ഉണ്ടായത്. ജനവാസ മേഖലയിലെ കെട്ടിടങ്ങൾക്ക് താഴെയാണ് ഹിസ്ബുള്ളയുടെ ഈ ഭൂഗർഭ ആസ്ഥാനം പ്രവർത്തിച്ചിരുന്നതെന്ന് ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു. ആക്രമണത്തെത്തുടർന്ന് കിലോമീറ്ററുകളോളം ദൂരത്തിൽ പുകപടലങ്ങൾ ഉയർന്നതായും നിരവധി കെട്ടിടങ്ങൾ പൂർണ്ണമായി തകർന്നതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മേഖലയിൽ ഇപ്പോഴും കടുത്ത യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്.