കയ്യിലുള്ള യുറേനിയം ശേഖരം അമേരിക്കയ്ക്ക് എതിരായ സമ്മർദത്തിനുള്ള ആയുധമാക്കി ഇറാൻ. ഇനിയൊരു ആക്രമണമുണ്ടായാൽ യുറേനിയം സമ്പുഷ്ടീകരണം ആണവായുധ നിലവാരത്തിലേക്ക് ഉയർത്തുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകുന്നു.
കയ്യിലുള്ള യുറേനിയം ശേഖരം അമേരിക്കയ്ക്ക് എതിരായ സമ്മർദത്തിനുള്ള പുതിയ ആയുധമാക്കാൻ ഇറാൻ. ഇനി ആക്രമണമുണ്ടായാൽ യുറേനിയം സമ്പുഷ്ടീകരണം ആണവായുധ നിലവാരത്തിലേക്ക് ഉയർത്തുന്നത് ആലോചിക്കുമെന്നാണ് ഇറാൻ പാർലമെന്റ് ദേശീയ സുരക്ഷാ വക്താവിന്റെ ഭീഷണി. ഇറാൻ - അമേരിക്ക ചർച്ചകൾ നയതന്ത്ര പ്രതിസന്ധികളിൽ കുടുങ്ങി നിൽക്കുകയാണ്. മധ്യസ്ഥ രാഷ്ട്രമായ പാക്കിസ്ഥാന് നേരെയും പുതിയ ആരോപണങ്ങൾ ഇന്നുയർന്നു.

ഇറാന്റെ പക്കലുള്ള അറുപത് ശതമാനത്തിന് മുകളിൽ സമ്പുഷ്ടീകരിച്ച നാനൂറ് കിലോയിലധികം യുറേനിയം ശേഖരമാണ് യുദ്ധത്തിന് തന്നെ കാരണം. ഇത് കൈമാറാൻ ഇറാൻ തയാറാകാത്തത് ഇപ്പോൾ ചർച്ചകൾ വഴിമുട്ടാനുള്ള കാരണവും. ഇതേ ശേഖരമാണ് ഇറാന്റെ പുതിയ തുരുപ്പു ചീട്ടും. ഇനി ആക്രമണം ഉണ്ടായാൽ സമ്പുഷ്ടീകരണം 90 ശതമാനം ആക്കുന്നതിനുള്ള വഴി മുന്നിലുണ്ടെന്നാണ് മുന്നറിയിപ്പ്. അതായത് ആയുധ നിലവാരത്തിലേക്ക് ഉയർത്തുമെന്ന്. ചുരുക്കത്തിൽ ആണവായുധ ഭീഷണി. തങ്ങൾക്ക് ആണവായുധ പദ്ധതിയില്ലെന്നാണ് ഇറാന്റെ പ്രഖ്യാപിത നിലപാട്. ഇറാന്റെ പാർലമെന്റ് ദേശീയ സുരക്ഷാ വക്താവാണ് ഇത് പരസ്യമായി പോസ്റ്റ് ചെയ്തത്.
തങ്ങൾ നൽകിയ പതിനാല് ഇന പദ്ധതി അംഗീകരിക്കുക മാത്രമാണ് പരിഹാരമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കറും പറഞ്ഞു. നിലവിൽ ചർച്ചകളെ ഇറാൻ വലിച്ചു നീട്ടുന്നത് ഗൂഢ ലക്ഷ്യങ്ങളോടെയാണ് അമേരിക്കയ്ക്ക് സംശയമുണ്ട്. വെടിനിർത്തൽ അന്ത്യത്തോടടുത്തു എന്നാണ് ഡോണൾഡ് ട്രംപ് പുതുതായി പറഞ്ഞത്. ചർച്ച വഴിമുട്ടി നിൽക്കെ പാക്കിസ്ഥാൻ ആരോപണങ്ങളിൽ കുടുങ്ങി. ചർച്ചകളുടെ മറവിൽ ഇറാന്റഎ സൈനിക വിമാനങ്ങൾക്ക് നൂർഖാൻ എയർബേസിൽ പാക്കിസ്ഥാൻ പാർക്കിങ് സൗകര്യം നൽകിയെന്നാണ് സിബിഎസ് ന്യൂസ് റിപ്പോർട്ട്. അമേരിക്ക ആക്രമണങ്ങളിൽ നിന്ന് ഒളിപ്പിക്കാനായിരുന്നു ഇത്. ആരോപണം പാക്കിസ്ഥാൻ തള്ളി. ഇറാനാകട്ടെ ഈയിടെ നല്ല ഗ്യാരണ്ടി നൽകാവുന്ന രാഷ്ട്രമായി ചൈനയെ ആണ് ഉയർത്തിക്കാട്ടുന്നത്.


