ഹോർമുസ് കടലിടുക്ക് തുറക്കാൻ ഉപാധികൾ വെച്ച് ഇറാനും, എന്നാൽ തങ്ങൾ അത് തുറന്നുകഴിഞ്ഞെന്ന് അവകാശപ്പെട്ട് അമേരിക്കയും നിലപാട് കടുപ്പിച്ചതോടെ പ്രതിസന്ധി തുടരുന്നു. ഉപരോധത്തിലൂടെ ഇറാനെ കൂടുതൽ സമ്മർദ്ദത്തിലാക്കാൻ അമേരിക്ക ശ്രമിക്കുമ്പോൾ, ഖത്തറും തുർക്കിയും മധ്യസ്ഥ ശ്രമങ്ങൾ നടത്തുന്നുണ്ട്.
ടെഹ്റാൻ: ഇറാൻ സന്നദ്ധത അറിയിച്ചിട്ടും ഹോർമുസ് കടലിടുക്ക് തുറക്കുന്നതിൽ തീരുമാനമായില്ല. തങ്ങളുടെ ഉപാധികൾ സമ്മതിച്ചാൽ ഹോർമുസ് തുറക്കാമെന്ന് ഇറാൻ അറിയിച്ചെങ്കിലും, ഹോർമുസ് തങ്ങൾ നേരത്തെ തുറന്നു കഴിഞ്ഞെന്നാണ് അമേരിക്കയുടെ നിലപാട്.
അമേരിക്ക ഉപാധികൾ അംഗീകരിച്ചാൽ ഹോർമുസ് തുറക്കാമെന്ന് ഇറാൻ പരസ്യമായാണ് സമ്മതിച്ചത്. എന്നാൽ അതിനു മുൻപേ തന്നെ ഹോർമുസിലെ മൈനുകൾ നീക്കി തങ്ങൾ തുറന്നതായി അമേരിക്ക പ്രഖ്യാപിച്ചു കളഞ്ഞു. ഇതോടെ തീരുമാനം നീണ്ടു. സാമ്പത്തിക ഉപരോധത്തിലൂടെ ഹോർമുസ് തുറക്കുന്നതിനും അപ്പുറമുള്ള വിട്ടുവീഴ്ച്ചകളിലേക്ക് ഇറാനെ എത്തിക്കാനാണ് അമേരിക്കൻ നീക്കം. ഇറാനാകട്ടെ നേരത്തെ ഒപ്പിട്ട സമാധാന ധാരണ പുനസ്ഥാപിച്ച് ഉപരോധങ്ങൾ ഒഴിവാക്കുന്നത് ഉൾപ്പെടെയാണ് ലക്ഷ്യമിടുന്നത്. നിലവിൽ ഖത്തറും തുർക്കിയും ശ്രമങ്ങൾ തുടരുന്നുണ്ട്.
സെപ്തംബർ 1ന് ഇറാൻ പ്രസിഡന്‍റ് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനെ കാണും. ഇറാനെതിരായ സാമ്പത്തിക ഉപരോധത്തിൽ റഷ്യൻ നിലപാട് അറിയാനായേക്കും. അന്താരാഷ്ട്ര പാത തുറന്നുവെന്ന അമേരിക്കൻ വാദം എണ്ണവില താഴ്ത്താൻ മാത്രമാണെന്ന് ഇറാൻ കുറ്റപ്പെടുത്തി. അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ ഇസ്ലാമിക ഐക്യത്തിനൊപ്പം നിൽക്കണമെന്ന് പരമോന്നത നേതാവ് മുജ്തബ ഖമനയി ആഹ്വാനം ചെയ്തു. അമേരിക്ക ഉപരോധം പ്രഖ്യാപിച്ച ഈജിപ്ഷ്യൻ ബാങ്കായ ബാങ്ക് മിസറിന്റെ യുഎഇ ശാഖകൾ പരിശോധിക്കുമെന്ന് യുഎഇ സെൻട്രൽ ബാങ്ക് അറിയിച്ചു.
