ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) നേവി, ചാബഹാർ തുറമുഖത്ത് നിന്ന് അറേബ്യൻ കടലിലേക്ക് വ്യാപിക്കുന്ന പുതിയ 'നിയന്ത്രിത സമുദ്ര മേഖല' സ്ഥാപിക്കുന്നു. ഹോർമുസ് കടലിടുക്കിന് പുറത്തേക്ക് തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കുന്ന ഈ നീക്കം, ഗൾഫ് മേഖലയിൽ സംഘർഷം വർധിക്കുന്ന സാഹചര്യത്തിലാണ് വരുന്നത്.
ടെഹ്റാൻ: ഗൾഫ് മേഖലയിൽ സംഘർഷം വർധിക്കുന്നതിനിടെ, നിർണായക സൈനിക നീക്കവുമായി ഇറാൻ. തങ്ങളുടെ പ്രധാന തുറമുഖമായ ചാബഹാറിൽ നിന്ന് ഒമാൻ ഉൾക്കടലിലേക്കും അറേബ്യൻ കടലിലേക്കും വ്യാപിക്കുന്ന പുതിയ 'നിയന്ത്രിത സമുദ്ര മേഖല' സ്ഥാപിക്കാൻ ഒരുങ്ങുന്നതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) നേവി. ഹോർമുസ് കടലിടുക്ക് എന്ന തങ്ങളുടെ പരമ്പരാഗത പ്രവർത്തന മേഖലയ്ക്ക് പുറത്തേക്ക് ഐആർജിസി സ്വാധീനം വ്യാപിപ്പിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിത്. ഐആർജിസി നേവി കമാൻഡർ അലിറേസ തങ്‌സിരിയാണ് ഈ പദ്ധതിയെക്കുറിച്ച് വ്യക്തമാക്കിയത്. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് പുതിയ നിയന്ത്രിത മേഖല സ്ഥാപിക്കുന്നതെന്നും ഇത് ഉടൻ നിലവിൽ വരുമെന്നും അദ്ദേഹം അറിയിച്ചു. ഇറാന്റെ ഈ നീക്കം മേഖലയിലെ സൈനിക സമവാക്യങ്ങളെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം.
ഹോർമുസിന് പുറത്തേക്ക്
നിലവിൽ പേർഷ്യൻ ഗൾഫിലെയും ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്കിലെയും സുരക്ഷാ ചുമതല ഐആർജിസി നേവിക്കാണ്. അതേസമയം, ഒമാൻ ഉൾക്കടലിലും രാജ്യാന്തര സമുദ്രപാതകളിലും ഇറാന്റെ ഔദ്യോഗിക നാവികസേനയായ 'അർതേഷ്' ആണ് പട്രോളിംഗ് നടത്തുന്നത്. എന്നാൽ പുതിയ നിയന്ത്രിത മേഖല വരുന്നതോടെ, ഐആർജിസിയുടെ പ്രവർത്തന പരിധി അറേബ്യൻ കടലിലേക്ക് കൂടി വ്യാപിക്കുകയാണ്. ഈ നീക്കം ഇറാന്റെ സൈനിക ശക്തി പ്രകടനമായാണ് വിലയിരുത്തപ്പെടുന്നത്. മുൻപ് പലതവണ പേർഷ്യൻ ഗൾഫിൽ വെച്ച് അമേരിക്കൻ നാവികസേനയുമായും മറ്റ് വിദേശ കപ്പലുകളുമായും ഐആർജിസി നേർക്കുനേർ വന്നിട്ടുണ്ട്. പുതിയ മേഖല സ്ഥാപിക്കുന്നതോടെ ഇത്തരം ഏറ്റുമുട്ടലുകൾക്ക് പുതിയ വേദിയൊരുങ്ങുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
സംഘർഷഭരിതമായ പശ്ചാത്തലം
ഇറാഖ് തീരത്ത് ഒരു എണ്ണക്കപ്പലിന് നേരെ അടുത്തിടെയുണ്ടായ ആക്രമണമടക്കം ഗൾഫ് മേഖലയിൽ സംഘർഷം പുകയുന്ന സാഹചര്യത്തിലാണ് ഇറാന്റെ പുതിയ പ്രഖ്യാപനം. ലോകത്തിലെ എണ്ണ വിതരണത്തിന്റെ വലിയൊരു പങ്ക് കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം ഇറാന് മേഖലയിൽ വലിയ മേൽക്കൈ നൽകുന്നുണ്ട്. ഇതിനുപുറമെ അറേബ്യൻ കടലിലും തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനാണ് ഇറാൻ ഇപ്പോൾ ലക്ഷ്യമിടുന്നത്. പുതിയ നിയന്ത്രിത മേഖലയുടെ സ്വഭാവം എന്തായിരിക്കുമെന്നോ, മറ്റ് രാജ്യങ്ങളിലെ കപ്പലുകൾക്ക് ഇവിടെ പ്രവേശിക്കാൻ എന്ത് നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നോ വ്യക്തമല്ല. എന്നാൽ, മേഖലയിലെ തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന സന്ദേശമാണ് ഈ നീക്കത്തിലൂടെ ഇറാൻ നൽകുന്നത്.


