ഇസ്രയേൽ കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ട അയത്തൊള്ള അലി ഖമേനിയുടെ ഉപദേഷ്‌ടാവ് അലി ശംഖാനിയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് ഇറാൻ

ടെഹ്റാൻ: ഇസ്രയേലുമായി യുദ്ധം തുടരുന്നതിനിടെ രാജ്യത്തെ ജനങ്ങളോട് ഐക്യത്തോടെ ഒരുമിച്ച് നിൽക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ പ്രസിഡണ്ട് മസൂദ് പെസഷ്‌കിയാൻ. ആണവായുധം നിർമ്മിക്കുന്നത് ഇറാന്റെ പദ്ധതിയിലില്ലെന്ന് ആവർത്തിച്ച അദ്ദേഹം ഇതിന് വിരുദ്ധമായ നിലപാടെടുക്കുന്നവരാരും ഇറാൻ്റെ നയരൂപീകരണ സമിതികളിലില്ലെന്നും പറഞ്ഞു. സയൻസ്, ടെക്നോളജി, ഊർജ്ജ ആവശ്യങ്ങൾ മാത്രമാണ് ന്യൂക്ലിയർ സംബന്ധിച്ച് ഇറാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ അവകാശം തടയാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം ഇസ്രയേൽ കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ട അയത്തൊള്ള അലി ഖമേനിയുടെ ഉപദേഷ്‌ടാവ് അലി ശംഖാനിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഇറാൻ ന്യൂസ് ഏജൻസി അറിയിച്ചു. ഇദ്ദേഹം കൊല്ലപ്പെട്ടുവെന്നും ഇല്ലെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇറാൻ പ്രസിഡന്റിനെ ഫോണിൽ വിളിച്ച ഒമാൻ ഭരണാധികാരി, യുദ്ധം അവസാനിപ്പിക്കാനും ചർച്ചകളിലേക്ക് മടങ്ങിയെത്താനും മസൂദ് പെസഷ്‌കിയാനോട് ആവശ്യപ്പെട്ടു. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതിനിടെ ഇറാൻ വലിയ വില നൽകേണ്ടി വരുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇസ്രയേലിന് നേരെ മിസൈലാക്രമണം തുടരുകയും കേൾവികേട്ട വ്യോമപ്രതിരോധ സംവിധാനങ്ങളുടെ കരുത്ത് ചോദ്യം ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇറാൻ്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനിയെ വധിക്കാനുള്ള ഇസ്രയേൽ നീക്കം യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇടപെട്ട് തടഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

ഇറാനിലുള്ള എല്ലാ ഇന്ത്യക്കാരോടും ഇന്ന് തന്നെ ടെഹ്റാൻ വിടാൻ വിദേശകാര്യ മന്ത്രാലയം നിർദ്ദേശം നൽകി. ഇന്ത്യൻ വിദ്യാർത്ഥികളെ അർമേനിയ വഴി ഒഴിപ്പിക്കാനാണ് ശ്രമം. ഇസ്രയേലിലെ പ്രധാന നഗരങ്ങളിൽ കനത്ത നാശം വിതച്ച് ഇറാൻ പ്രത്യാക്രമണം തുടരുന്നതിനിടെയാണിത്. ഇസ്രയേലിലെ തുറമുഖ നഗരമായ ഹൈഫയിൽ വ്യാപക നാശനഷ്ടമുണ്ടായെന്നാണ് റിപ്പോർട്ട്. ഇസ്രയേലിലെ മലയാളികളും ആശങ്കയിലാണ് കഴിയുന്നത്.

ഇസ്രയേലിനെതിരെ ഇറാൻ ഇതുവരെ 370 ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തെന്നാണ് റിപ്പോർട്ട്. ഒരു മൊസാദ് ചാരനെ തൂക്കിലേറ്റിയെന്നും ഇറാൻ ന്യൂസ്‌ ഏജൻസി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇസ്രയേലിന്റെ ആക്രമണങ്ങള്‍ക്ക് ലോകത്തിലെ ഏറ്റവും വലിയ മിസൈല്‍ പ്രതിരോധ സംവിധാനം എന്ന് വിശേഷിപ്പിച്ചിരുന്ന ഐയണ്‍ ഡോമിനെ പോലും തകര്‍ത്തായിരുന്നു ഇറാൻ ആക്രമണം നടത്തിയത്. ഇസ്രയേലും ഇറാനും തമ്മിൽ ശത്രുത തുടങ്ങിയത് ഈ അടുത്ത കാലത്താണ്. അതിനു മുൻപ് സുഹൃത്തുക്കൾ മാത്രമല്ല, അറബ് രാജ്യങ്ങൾക്കെതിരായ പ്രതിരോധ കൂട്ടുകെട്ടും ഇറാൻ ,ഇസ്രയേൽ, തുർക്കി, എത്യോപ്യ എന്നീ നാല് രാജ്യങ്ങൾ ചേർന്ന് ഉണ്ടാക്കിയിരുന്നു.

YouTube video player