ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം അവസാനിച്ചാൽ എണ്ണവില നിയന്ത്രണത്തിൽ നിന്നെന്ന് വരില്ല.
ദില്ലി: ആഗോള എണ്ണവില കുത്തനെ ഉയർന്നു. ഇറാന്റെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡ് ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണങ്ങൾ നടത്തിയതിനെത്തുടർന്നാണ് എണ്ണ വില കുത്തനെ ഉയർന്നിരിക്കുന്നത്. ക്രൂഡ് ഓയിൽ വില ബാരലിന് 5.5 ശതമാനം വരെ ഉയർന്ന് 76 ഡോളറിൽ എത്തിയതായാണ് റിപ്പോർട്ട്. ഇറാനും ഇസ്രായേലും സൈനിക ആക്രമണങ്ങൾ തുടരുന്നതോടെ ആഗോള വിപണികളിൽ ദീർഘകാല അനിശ്ചിതത്വത്തിന്റെ തുടക്കമായിരിക്കും ഇതെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഇസ്രയേൽ ആക്രമണത്തിന് ഇറാൻ പ്രതികാരം ചെയ്താൽ സംഘർഷം വീണ്ടും രൂക്ഷമാകും. പ്രത്യേകിച്ച് ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം അവസാനിച്ചാൽ എണ്ണവില നിയന്ത്രണത്തിൽ നിന്നെന്ന് വരില്ല. കാരണം, ഏകദേശം 20 ശതമാനം എണ്ണ കയറ്റുമതിയുടെയും ഒരു പ്രധാന ധമനിയാണ് ഹോർമുസ് കടലിടുക്ക്.
ഹോർമുസ് കടലിടുക്ക് അപകടത്തിലോ?
ഇറാനു വടക്കും അറേബ്യന്‍ ഉപദ്വീപിനു തെക്കുമായി സ്ഥിതി ചെയ്യുന്ന ഹോര്‍മുസ് കടലിടുക്ക് ഒരു നിര്‍ണായക ചരക്ക് കടത്ത് മാര്‍ഗമാണ്. ലോകത്തിലെ എല്‍എന്‍ജി വ്യാപാരത്തിന്റെ ഏകദേശം 20 ശതമാനവും ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ വലിയൊരു ഭാഗവും ഈ ഇടുങ്ങിയ പാതയിലൂടെയാണ് കടന്നുപോകുന്നത്.ഹോര്‍മുസ് കടലിടുക്കിനു ചുറ്റുമുണ്ടാകുന്ന ഏതൊരു തടസ്സവും ഇറാഖ്, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണ കയറ്റുമതിയെ ബാധിച്ചേക്കാമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഈ രാജ്യങ്ങള്‍ ഇന്ത്യയുടെ പ്രധാന എണ്ണ വിതരണക്കാരാണ്. ഈ പാതയിലെ ഏതൊരു തടസ്സവും കയറ്റുമതിയെ ദോഷകരമായി ബാധിക്കും.. മുന്‍പ്, ഈ പ്രധാന പാത തടയുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹോർമുസ് കടലിടുക്ക് വഴി ഇറാൻ പ്രതികാരം ചെയ്യുമെന്നതാണ് ഏറ്റവും വലിയ വിപണി ഭയം,
കഴിഞ്ഞ വെള്ളിയാഴ്ച, ബ്രെന്റ് ക്രൂഡ് ഓയിൽ വില 13 ശതമാനത്തിലധികം ഉയർന്നു, ഇത് സമീപകാലത്തെ ഏറ്റവും വലിയ വർദ്ധനവായിരുന്നു. ഊർജ്ജ വിതരണ ശൃംഖലകൾ തടസ്സങ്ങൾ ഉമ്ടാകുമെന്ന് ഭീഷണി ഉയരുന്നതോടെ എണ്ണ വ്യാപാരികൾ കൂടുതൽ വിലക്കയറ്റത്തിന് തയ്യാറെടുക്കുകയാണ് എന്നാണ് റിപ്പോർട്ട്.
അതേസമയം, ഇസ്രായേൽ ഗ്യാസ് ഉൽപാദനം നിർത്തിയതിനെത്തുടർന്ന് ഇന്ധനക്ഷാമം ഉണ്ടാകുമെന്ന ആശങ്ക കാരണം ഈജിപ്തിന്റെ ഓഹരി വിപണി ഒരു വർഷത്തിനിടയിലെ ഏറ്റവും വലിയ ഒറ്റ ദിന ഇടിവാണ് നേരിടുന്നത്. സൗദി ഓഹരികളും ഇടിഞ്ഞു,
റഷ്യ-ഉക്രെയ്ൻ യുദ്ധം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവതരിപ്പിച്ച പുതിയ താരിഫ് നയങ്ങൾ തുടങ്ങിയ ആഗോള ഭൗമരാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് പുറമേയാണ് മിഡിൽ ഈസ്റ്റിലെ ഈ പുതിയ പൊട്ടിത്തെറി.


