ഇറാന്റെ ആണവ സാമഗ്രികൾ നീക്കം ചെയ്യാതെ യുദ്ധം അവസാനിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു നിലപാടെടുത്തു. ഇത് മേഖലയെ ഒരു വലിയ യുദ്ധത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്.

വാഷിംഗ്ടൺ: ദീർഘകാല സംഘർഷത്തിന് തയ്യാറെടുക്കുകയാണെന്ന സൂചനകൾ ഇറാൻ നൽകിയതോടെ പശ്ചിമേഷ്യയിലെ സാഹചര്യം അതീവ സങ്കീർണമായി തുടരുന്നു. ശത്രുവിന് മുന്നിൽ ഒരിക്കലും തലകുനിക്കില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ വ്യക്തമാക്കി. രാജ്യത്തിന്റെ താൽപ്പര്യങ്ങൾ ശക്തിപൂർവ്വം സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ സായുധ സേനകൾ പൂർണ്ണ സജ്ജമാണെന്ന് സൈനിക ഉദ്യോഗസ്ഥരും വ്യക്തമാക്കിയിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

സമാധാന ചർച്ചകളോടുള്ള ഇറാന്റെ പ്രതികരണം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിയതോടെയാണ് സാഹചര്യം കൂടുതൽ സങ്കീർണമായത്. ഇരുപക്ഷവും നിലപാടുകൾ കടുപ്പിച്ചിരിക്കുന്നതിനാൽ നയതന്ത്ര നീക്കങ്ങൾ പരാജയപ്പെടുകയും സൈനിക വിന്യാസം വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് ഒരു വലിയ യുദ്ധത്തിനുള്ള സാധ്യതകളിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. ഇസ്രായേലും സമാനമായ രീതിയിൽ വിട്ടുവീഴ്ചകൾക്ക് തയ്യാറല്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു.

ഇറാനുമായുള്ള യുഎസ്-ഇസ്രായേൽ യുദ്ധം അവസാനിച്ചെന്ന് കരുതണമെങ്കിൽ ഇറാന്റെ പക്കലുള്ള ആണവ സാമഗ്രികൾ നീക്കം ചെയ്യണമെന്ന് നെതന്യാഹു പറഞ്ഞു. ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം പൂർണ്ണമായും പുറത്തെത്തിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച ഒരു അമേരിക്കൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്.

‘യുദ്ധം ഒരിക്കലും അവസാനിച്ചിട്ടില്ല. കാരണം ഇറാന്റെ പക്കൽ ഇപ്പോഴും ആണവ സാമഗ്രികളുണ്ട്. സമ്പുഷ്ടീകരിച്ച യുറേനിയം അവിടെ നിന്ന് മാറ്റി പുറത്തെത്തിക്കണം. മാത്രമല്ല, അവിടുത്തെ ആണവ നിലയങ്ങൾ പൊളിച്ചുമാറ്റുകയും വേണം’. സിബിഎസ് ന്യൂസിന്റെ '60 മിനിറ്റ്സ്' എന്ന പരിപാടിയിൽ നെതന്യാഹു പറഞ്ഞു. യുറേനിയം എങ്ങനെ നീക്കം ചെയ്യാൻ കഴിയുമെന്ന ചോദ്യത്തിന് നേരിട്ട് ചെന്ന് അത് പുറത്തെടുക്കുക തന്നെ വേണം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.