ഇന്നലെ ഇറാനിലെ അറിയപ്പെടുന്ന ആണവ ശാസ്ത്രജ്ഞനായ മുഹ്‌സിൻ ഫഖ്‌രിസദേ ടെഹ്റാനിലെ അബ്‌സാർദ് പട്ടണത്തിൽ വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ട വിഷയത്തിൽ ഇസ്രയേലിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി. ഇത് ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഇറാന്റെ പരമാധികാരത്തിനു നേർക്കുള്ള കടന്നാക്രമണമാണ് എന്നും അവസരം വരുമ്പോൾ ഇതേ ഭാഷയിൽ തന്നെ ഇറാനും തിരിച്ചടി നൽകും എന്നും റൂഹാനി പറഞ്ഞു. സയണിസ്റ്റ് ശക്തിയ്ക്കലാണ് ഈ ആക്രമണത്തിന് പിന്നിൽ എന്നും, ഈ കുറ്റകൃത്യത്തിന്‌ പകരം വീട്ടൽ ഇറാന്റെ ഭാഗത്തുനിന്ന് ഇന്നല്ലെങ്കിൽ നാളെ ഉണ്ടാവുക തന്നെ ചെയ്യും എന്നും റൂഹാനി പറഞ്ഞു.

ഈ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി ശിക്ഷിക്കണം എന്ന് ഇറാന്റെ സുപ്രീം ലീഡറായ ആയത്തുള്ള അലി ഖൊമൈനിയും സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രസിഡന്റിന്റെ സൈനിക ഉപദേഷ്ടാവായ ഹൊസെയ്ൻ ദോഗാൻ പ്രതികരിച്ചത്, "ഇറാന്റെ ഭാഗത്തുനിന്നുള്ള ശിക്ഷാ നടപടി ഫഖ്‌രിസദേയുടെ കൊലപാതകികൾക്കുമേൽ ഇടിമിന്നൽ പോലെ വന്നുപതിക്കും" എന്നാണ്. 

ഈ വിഷയത്തിൽ ഇസ്രയേലിന്റെ ഭാഗത്തുനിന്നും ഇതുവരെ പ്രതികരണങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല എങ്കിലും, ഇറാന്റെ ഗുപ്തമായ അണ്വായുധപദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത് മുഹ്‌സിൻ ഫഖ്‌രിസദേ ആണെന്ന രീതിയിൽ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട് ഇസ്രായേൽ, മുമ്പ് പലവട്ടം. 2018 ഏപ്രിലിൽ ഇസ്രായേലി പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു നടത്തിയ ഒരു അവതരണത്തിൽ ഫഖ്‌രിസദേയെ പേരെടുത്തു പറഞ്ഞു തന്നെ വിമർശിച്ചിരുന്നു. 

ഇറാനിലെ ഏറെ ആദരണീയനായ ഒരു ആണവ ശാസ്ത്രജ്ഞനും ഇറാന്റെ പ്രതിരോധ ഗവേഷണങ്ങളുടെ പ്രധാന ബുദ്ധികേന്ദ്രവും ആയിരുന്ന മുഹ്‌സിൻ ഫഖ്‌രിസദേയുടെ വധം ഇരു രാജ്യങ്ങൾക്കും ഇടയിൽ ഇതിനകം തന്നെ വളരെ മോശം അവസ്ഥയിലേക്ക് കൂപ്പുകുത്തിയിട്ടുള്ള നയതന്ത്ര ബന്ധങ്ങളെ കൂടുതൽ വഷളാക്കിയിരിക്കുകയാണ്. "ഫഖ്‌രിസദേയുടെ കൊലപാതകം വെളിവാക്കുന്നത് യൂറോപ്യൻ യൂണിയൻ അടക്കമുള്ള സംഘടനകളുടെ ഇരട്ടത്താപ്പിനെക്കൂടിയാണ്" എന്ന് ഇറാന്റെ വിദേശകാര്യ മന്ത്രിയായ ജവാദ് സരീഫും ട്വീറ്റ് ചെയ്തു. 

 

ഇറാന്റെ ആണവപദ്ധതികളെ തുറന്നെതിർക്കുന്ന അമേരിക്കക്കും, ഇക്കാര്യത്തിൽ അമേരിക്കയുടെ അതെ നയം സ്വീകരിക്കുന്ന ഇസ്രായേലിനും എതിരായി ഇറാൻ നീങ്ങാനുള്ള സാധ്യതകളാണ് ഈ കൊലപാതകം ഇപ്പോൾ തുറന്നിട്ടിരിക്കുന്നത്.

ഇസ്രയേലിന്റെ ഇന്റലിജൻസ് സംവിധാനമായ മൊസാദ് ആണ് ഈ ആക്രമണത്തിന് പിന്നിലെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയിലെ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് പത്രവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്തായാലും ഈ വധത്തെ തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇസ്രയേലി എംബസികളിൽ അതീവജാഗ്രതാ നിർദേശം പുറപ്പെടുവിക്കപ്പെട്ടിട്ടുണ്ട്. 

ഇറാന്റെ ഇസ്ലാമിക് റെവലൂഷനറി ഗാർഡ് കോർപ്സിൽ ഒരു ഉന്നത റാങ്കുള്ള ഉദ്യോഗസ്ഥൻ കൂടി ആയിരുന്നു കൊല്ലപ്പെട്ട ഫഖ്‌രിസദേ. ജനുവരിയിൽ ഐആർഎഫിന്റെ ഖുദ്സ് ഫോഴ്സിനെ നയിച്ചിരുന്ന കാസിം സുലൈമാനി അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് ശേഷം ഇപ്പോൾ രണ്ടാമതൊരു ലക്ഷ്യമിട്ടുള്ള കൊലപാതകം കൂടി നടന്നതോടെ ശക്തമായ ഒരു തിരിച്ചടി ഏത് നിമിഷവും ഇറാന്റെ ഭാഗത്തുനിന്ന് ഉണ്ടാകാം എന്ന ആശങ്കയിലാണ്  അന്താരാഷ്ട്രനയതന്ത്ര ലോകം.