ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ അമേരിക്കൻ ജനതയ്ക്ക് തുറന്ന കത്തെഴുതി. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് പിന്നിലെ അമേരിക്കൻ ഭരണകൂട താൽപര്യങ്ങളെ ചോദ്യം ചെയ്തു. ഇറാൻ ഒരു യുദ്ധവും തുടങ്ങിയിട്ടില്ലെന്നും എന്നാൽ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കുകയാണ് ചെയ്തതെന്നും കത്തിൽ പറയുന്നു.
ടെഹ്റാൻ: അമേരിക്കൻ ജനതയ്ക്ക് തുറന്ന കത്തുമായി ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ. ഇറാന് അമേരിക്കയിലെയോ യൂറോപ്പിലെയോ അയൽ രാജ്യങ്ങളിലെയോ ജനങ്ങളോട് ശത്രുത ഇല്ലെന്ന് പ്രസിഡന്‍റ് കത്തിൽ പറയുന്നു. ചരിത്രത്തിലുടനീളം ആവർത്തിച്ചുള്ള വിദേശ ഇടപെടലുകളും സമ്മർദ്ദങ്ങളും നേരിടേണ്ടി വന്നിട്ടും, സർക്കാരുകളെയും അവർ ഭരിക്കുന്ന ജനങ്ങളെയും തമ്മിൽ വേർതിരിച്ചു കാണാൻ ഇറാനികൾക്ക് എപ്പോഴും സാധിച്ചിട്ടുണ്ട്. ആധുനിക കാലത്ത് ഇറാൻ ഒരു യുദ്ധവും തുടങ്ങി വെച്ചിട്ടില്ല. ലോകം ഇന്ന് ഒരു നിർണ്ണായക ഘട്ടത്തിലാണെന്നും യുദ്ധവും സമാധാനവും തമ്മിലുള്ള തെരഞ്ഞെടുപ്പ് വരുംതലമുറകളുടെ ഭാവി നിർണ്ണയിക്കുമെന്നും പെസെഷ്കിയാൻ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സംഘർഷം സംബന്ധിച്ച് നാളെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ജനങ്ങളെ അഭിസംബോധന ചെയ്യാനിരിക്കെയാണ് പെസഷ്കിയാന്‍റെ തുറന്ന കത്ത് എന്നത് ശ്രദ്ധേയമാണ്.
കത്തിലെ പ്രസക്ത ഭാഗങ്ങൾ
യുദ്ധവും പ്രതിരോധവും ഇറാൻ്റെ ചരിത്രത്തിൻ്റെ ഭാഗമാണെന്ന് കത്തിൽ പെസെഷ്കിയാൻ ഊന്നിപ്പറഞ്ഞു. തങ്ങൾ ഒരിക്കലും യുദ്ധം ആരംഭിച്ചിട്ടില്ലെന്നും എന്നാൽ ആക്രമണങ്ങളെ ശക്തമായി നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇറാനെ ഒരു ഭീഷണിയായി ചിത്രീകരിക്കുന്നത് ചരിത്രപരമായ യാഥാർത്ഥ്യത്തിന് നിരക്കുന്നതല്ല. അത്തരം ധാരണകൾ അധികാരമുള്ളവരുടെ രാഷ്ട്രീയ-സാമ്പത്തിക താൽപ്പര്യങ്ങളുടെ സൃഷ്ടിയാണ്. അക്രമങ്ങളെ ന്യായീകരിക്കാനും സൈനിക മേധാവിത്വം നിലനിർത്താനും ആയുധ വ്യവസായത്തെ പോഷിപ്പിക്കാനും തന്ത്രപ്രധാനമായ വിപണികളെ നിയന്ത്രിക്കാനും ഒരു ശത്രുവിനെ സൃഷ്ടിക്കേണ്ടത് അവരുടെ ആവശ്യമാണ്. അത്തരമൊരു സാഹചര്യത്തിൽ, ഒരു ഭീഷണി നിലവിലില്ലെങ്കിൽ അവർ അത് നിർമ്മിച്ചെടുക്കുന്നുവെന്ന് ഇറാൻ പ്രസിഡന്‍റ് വിമർശിച്ചു.
ഈ യുദ്ധത്തിലൂടെ യുഎസ് പൌരന്മാരിൽ ആരുടെ താത്പര്യമാണ് സംരക്ഷിക്കപ്പെടുന്നതെന്നും ഇറാൻ പ്രസിഡന്‍റ് ചോദിക്കുന്നു. ഇറാന്‍റെ ഭാഗത്തു നിന്ന് എന്ത് ഭീഷണിയുണ്ടായിട്ടാണ് ഈ യുദ്ധം തുടങ്ങിയത്? നിരപരാധികളായ കുഞ്ഞുങ്ങളെ കൊല്ലുന്നതിലൂടെ, മരുന്നു കമ്പനികളും ആശുപത്രികളും നശിപ്പിക്കുന്നതിലൂടെ എന്താണ് ചെയ്യുന്നത്? കരാറിലെത്താനുള്ള ചർച്ചകൾക്കിടെ യുഎസ് സർക്കാരാണ് ഏകപക്ഷീയമായി പിന്മാറി ആക്രമണം തുടങ്ങിയതെന്നും ഇറാൻ പ്രസിഡന്‍റ് ചൂണ്ടിക്കാട്ടി. ഇറാന്‍റെ ഊർജ്ജ വ്യവസായ മേഖലകൾക്ക് എതിരായ ആക്രണം ഇറാൻ ജനതയ്ക്കെതിരായ ആക്രമണമാണ്. അതോടെ ഇറാന്‍റെ അതിർത്തിയും കടന്ന് യുദ്ധം വ്യാപിച്ചു. ഇത് കരുത്തല്ലെന്നും പ്രശ്ന പരിഹാരത്തിലെത്താനുള്ള കഴിവില്ലായ്മയാണെന്നും അദ്ദേഹം പറഞ്ഞു.
പലസ്തീനികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനായി ഇറാനെതിരെ തിരിയുകയായിരുന്നു ഇസ്രയേലെന്നും പെസഷ്കിയാൻ കുറ്റപ്പെടുത്തി. ഇറാൻ ഭീഷണിയാണെന്ന തരത്തിൽ വ്യാഖ്യാനം സൃഷ്ടിച്ചു. ശരിക്കും അമേരിക്ക ഫസ്റ്റ് എന്നു പറയുന്ന യുഎസ് ഭരണകൂടം ആർക്കാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം ചോദിച്ചു. ഏറ്റുമുട്ടലിൻ്റെ പാത മുൻപത്തേക്കാൾ ചെലവേറിയതും ഫലശൂന്യവുമാണെന്ന് ഇറാൻ പ്രസിഡന്‍റ് പറഞ്ഞു. യുദ്ധവും സമാധാനവും- ഏത് വേണമെന്ന തെരഞ്ഞെടുപ്പ് വരുംതലമുറകളുടെ ഭാവി നിർണ്ണയിക്കുമെന്നും പെസെഷ്കിയാൻ വ്യക്തമാക്കി. സംഘർഷം ലഘൂകരിക്കാൻ കൃത്യമായ നടപടികൾ കത്തിൽ നിർദ്ദേശിച്ചിട്ടില്ലെങ്കിലും, സമാധാനമാണ് ആഗ്രഹിക്കുന്നത് എന്ന സൂചനയാണ് അദ്ദേഹം കത്തിൽ നൽകിയത്.
ഇറാൻ വെടിനിർത്തലിന് ശ്രമിക്കുന്നുവെന്ന ഡൊണാൾഡ് ട്രംപിൻ്റെ സോഷ്യൽ മീഡിയ അവകാശവാദത്തിന് പിന്നാലെയാണ് ഈ കത്ത് പുറത്തുവന്നത്. എന്നാൽ ട്രംപിൻ്റെ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. യുഎസ് മുന്നോട്ടുവച്ച 15 ഇന നിർദ്ദേശത്തോട് ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയത് വഴി ആഗോള സമ്പദ്‌വ്യവസ്ഥയിലുണ്ടായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഇറാൻ പ്രസിഡന്‍റിന്‍റെ കത്തിൽ പരാമർശമില്ലെങ്കിലും, ഇറാൻ നടത്തിയ സൈനിക നടപടികൾ സ്വയരക്ഷയ്ക്കുള്ലതാണെന്ന് പ്രസിഡൻ്റ് വ്യക്തമാക്കി. യുഎസിലെ ജനങ്ങളോട് ഇറാനികൾക്ക് ശത്രുതയില്ലെന്നും അദ്ദേഹം പറഞ്ഞു.


