ഇസ്രയേൽ സൈന്യത്തെയോ പൗരന്മാരെയോ ആക്രമിക്കുന്നവർക്ക് വധശിക്ഷ നൽകുന്ന പുതിയ നിയമത്തിനെതിരെ ലോകരാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും രംഗത്ത്. ഈ നിയമം പലസ്തീനികളെ ലക്ഷ്യം വെച്ചുള്ള വംശീയ വിവേചനമാണെന്നും  വിമർശനം 

ടെൽ അവീവ്: ഇസ്രയേൽ സൈന്യത്തെയോ പൗരന്മാരെയോ ആക്രമിക്കുന്നവർക്ക് വധശിക്ഷ ഉറപ്പാക്കുന്ന ഇസ്രയേലിൻ്റെ പുതിയ നിയമത്തിനെതിരെ ലോകരാജ്യങ്ങൾ. പുതിയ വധശിക്ഷ നിയമം പലസ്തീനികളെ ലക്ഷ്യം വെച്ചുള്ളതാണെന്നും സമാനമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന ജൂതവംശജർക്ക് ഇത് ബാധകമാകില്ലെന്നും മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഇസ്രയേലിന്റെ നീക്കം വംശീയ വിവേചനമാണെന്നും ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്നുമാണ് വിമർശനം. നിയമം അടിയന്തരമായി പിൻവലിക്കണെന്ന് ആംനസ്റ്റി ഇന്റർനാഷണൽ അടക്കമുള്ള മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടു. ശിക്ഷാവിധി വന്ന് 90 ദിവസത്തിനുള്ളിൽ തൂക്കിലേറ്റണമെന്ന കർശന വ്യവസ്ഥയും പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിയമം പാസാക്കിയതോടെ അതിരൂക്ഷ വിമർശനവുമായി ജർമനി, ഫ്രാൻസ്, ഇറ്റലി, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ രംഗത്തെത്തി. ഇസ്രയേലിലെ സിവിൽ റൈറ്റ്‌സ് അസോസിയേഷൻ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

പലസ്തീൻ ജനതയ്ക്കെതിരെയുള്ള യുദ്ധക്കുറ്റം എന്നാണ് പലസ്തീൻ അതോറിറ്റി പുതിയ നിയമനിർമാണത്തെ വിശേഷിപ്പിച്ചത്. പുതിയ നിയമം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും പലസ്തീൻ ജനതയുടെ പോരാട്ട വീര്യത്തെ തകർക്കാൻ ഇത്തരം നടപടികൾക്ക് കഴിയില്ലെന്നും പലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് പറഞ്ഞു. സൈനിക കോടതികളിൽ പലസ്തീനികളെ കുറ്റക്കാരായി വിധിക്കുന്ന കേസുകളുടെ നിരക്ക്‌ 96 ശതമാനമാണെന്നും പലപ്പോഴും പീഡിപ്പിച്ചാണ്‌ മൊഴികൾ രേഖപ്പെടുത്തുന്നതെന്നും മനുഷ്യാവകാശ സംഘടനയായ ബിസെലെം ആരോപിക്കുന്നു. നിയമം അടിയന്തരമായി പിൻവലിക്കണമെന്ന് ആംനസ്റ്റി ഇന്റർനാഷണലും ആവശ്യപ്പെട്ടു. ലോകമെമ്പാടും വധശിക്ഷയ്‌ക്കെതിരെ വികാരം ഉയരുമ്പോൾ ഇസ്രയേലിന്റെ ഈ തീരുമാനം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധങ്ങൾക്കാണ് വഴി തുറക്കുന്നത്. ഈ വർഷം ഒക്ടോബറിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി തീവ്ര വലതുപക്ഷ വോട്ടുകൾ സമാഹരിക്കാനുള്ള നീക്കമാണിതെന്നും വിലയിരുത്തപ്പെടുന്നു.