യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവെച്ച 45 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ നിർദ്ദേശം ഇറാൻ ഔദ്യോഗികമായി തള്ളിക്കളഞ്ഞു. താൽക്കാലികമായൊരു വെടിനിർത്തലല്ല, മറിച്ച് യുദ്ധത്തിന് ശാശ്വതവും ഉറപ്പുള്ളതുമായ പരിഹാരമാണ് വേണ്ടതെന്ന് ഇറാൻ വ്യക്തമാക്കി. ഇതോടെ പശ്ചിമേഷ്യയിലെ സമാധാന നീക്കങ്ങൾ വീണ്ടും അനിശ്ചിതത്വത്തിലായി
ടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവെച്ച 45 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ നിർദ്ദേശം ഇറാൻ ഔദ്യോഗികമായി തള്ളിക്കളഞ്ഞു. കേവലം താൽക്കാലികമായൊരു വെടിനിർത്തലല്ല, മറിച്ച് യുദ്ധത്തിന് ശാശ്വതവും ഉറപ്പുള്ളതുമായ പരിഹാരമാണ് വേണ്ടതെന്ന് ഇറാൻ വ്യക്തമാക്കി. അമേരിക്ക മുന്നോട്ടു വച്ച ഉപാധികൾ തള്ളിക്കൊണ്ടാണ് ഇറാൻ നിലപാട് പ്രഖ്യാപിച്ചത്. തങ്ങൾ ഉന്നയിച്ച ഉപാധികളിൽ വിട്ടുവീഴ്ചയില്ലെന്നും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ അമേരിക്കയുടെ നിർദ്ദേശങ്ങൾ അപര്യാപ്തമാണെന്നും ഇറാൻ വ്യക്തമാക്കി. ഇതോടെ പശ്ചിമേഷ്യയിലെ സമാധാന നീക്കങ്ങൾ വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
വെടിനിർത്തലുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തനെന്ന സൂചനയെടെ യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ് ഇറാൻ നിലപാട് വ്യക്തമാക്കിയത്. 'ഇസ്ലാമാബാദ് അക്കോർഡ്‌സ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന നയതന്ത്ര പരിഹാരത്തിന് അമേരിക്ക പച്ചക്കൊടി കാട്ടുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പാകിസ്ഥാൻ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഇതിന് മുൻകൈ എടുത്തത്. ഇതിന്റെ ഭാഗമായി പാകിസ്ഥാൻ ഫീൽഡ് മാർഷൽ അസിം മുനീറുമായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഇന്നലെ നിർണ്ണായക ചർച്ചകൾ നടത്തിയിരുന്നു. സമാധാന കരാർ പദ്ധതിയുടെ ഭാഗമായി ഹോർമൂസ് കടലിടുക്ക് ഉടനടി തുറക്കാനും 45 ദിവസത്തെ വെടിനിർത്തലിന് ശേഷം സ്ഥിരമായ സമാധാന കരാറിലെത്താനുമായിരുന്നു നിർദ്ദേശം. ഇതാണ് ഇറാൻ തള്ളിക്കളഞ്ഞത്. ഇതോടെ ഹോർമുസിലടക്കം പ്രതിസന്ധി തുടരുമെന്ന് ഉറപ്പായി.
വിട്ടുവീഴ്ച പാടില്ലെന്ന് ലിൻസി ഗ്രാം
അതിനിടെ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിലും ഇറാന്റെ യുറേനിയം ശേഖരം പിടിച്ചെടുക്കുന്നതിലും യാതൊരുവിധ വിട്ടുവീഴ്ചയും പാടില്ലെന്ന് അമേരിക്കൻ സെനറ്റർ ലിൻസി ഗ്രാം രംഗത്തെത്തിയിരുന്നു. ഇറാനുമായുള്ള ഏത് നയതന്ത്ര ധാരണയിലും ഈ രണ്ട് കാര്യങ്ങൾ പ്രധാന നിബന്ധനകളായിരിക്കണമെന്നും മിഡിൽ ഈസ്റ്റിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇതാണ് ഏക പോംവഴിയെന്നും അദ്ദേഹം പറഞ്ഞു. നയതന്ത്രപരമായ നീക്കത്തിലൂടെയായാലും സൈനിക ഇടപെടലിലൂടെയായാലും ഈ ലക്ഷ്യങ്ങൾ നേടിയെടുക്കണമെന്നും ലിൻസി ഗ്രാം ആവശ്യപ്പെട്ടു. ഇറാനെതിരായ യുദ്ധത്തിൽ അമേരിക്ക വലിയൊരു തന്ത്രപ്രധാന വിജയത്തിന് അരികിലാണെന്നും സെനറ്റർ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ നയതന്ത്ര ധാരണയുണ്ടാകുകയാണെങ്കിൽ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിലും ഇറാന്റെ യുറേനിയം ശേഖരം പിടിച്ചെടുക്കുന്നതിലും യാതൊരുവിധ വിട്ടുവീഴ്ചയും പാടില്ലെന്നാണ് ലിൻസി ഗ്രാമിന്‍റെ പക്ഷം.
