പശ്ചിമേഷ്യയിൽ യുദ്ധഭീതിയും സംഘർഷവും രൂക്ഷമായി തുടരുന്നതിനിടെ, നിർണായക വെളിപ്പെടുത്തലുകളുമായി ഇറാന്റെ വിദേശകാര്യമന്ത്രി രംഗത്ത്.
ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതിയും സംഘർഷവും രൂക്ഷമായി തുടരുന്നതിനിടെ, നിർണായക വെളിപ്പെടുത്തലുകളുമായി ഇറാന്റെ വിദേശകാര്യമന്ത്രി രംഗത്ത്. ഇറാൻ ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി വ്യക്തമാക്കി. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ രാജ്യം നിർമ്മിച്ച് വിജയികരമായി പരീക്ഷിച്ച പുതിയ ആയുധങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇറാനുമേൽ ആണവായുധം പ്രയോഗിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയ്ക്കു മേൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് പ്രമുഖ യു.എസ് മാധ്യമപ്രവർത്തകൻ ടക്കർ കാൾസൻ ആരോപിച്ചിട്ടുമുണ്ട്.
ആണവാക്രമണം സംഭവിച്ചാൽ അത് ഒരു ആഗോള ആണവ യുദ്ധത്തിലേക്ക് വഴിമാറുമെന്ന് കാൾസൻ മുന്നറിയിപ്പ് നൽകി. ഇത് മേഖലയിലെ 10 കോടിയോളം ജനങ്ങളുടെ കുടിവെള്ള സ്രോതസ്സുകളിൽ വിഷാംശം കലരാൻ കാരണമാകുമെന്നും മുഴുവൻ പേർഷ്യൻ ഗൾഫ് മേഖലയെയും ഇത് സാരമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുകൂടാതെ, ഹോർമുസ് കടലിടുക്കിൽ 24 മണിക്കൂറിനുള്ളിൽ രണ്ട് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായി. സൗദി അറേബ്യൻ തീരത്തും ആക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വടക്കുകിഴക്കൻ സൗദിയിലെ റാസ് അൽ ഖഫ്ജി തുറമുഖത്തിന് സമീപം സഞ്ചരിച്ചിരുന്ന കപ്പലിൽ രണ്ട് പ്രൊജക്ടൈലുകൾ പതിക്കുകയായിരുന്നു.


