സ്ത്രീകൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിൽ അയർലൻഡിൽ പഠിക്കാനെത്തിയ ഇന്ത്യൻ യുവാവ് കുറ്റക്കാരൻ. അയർലൻഡിലെത്തി ഒരു മാസത്തിനുള്ളിലാണ് ഇയാള്‍ അതിക്രമങ്ങള്‍ തുടങ്ങിയത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ഡബ്ലിൻ: അയർലന്‍ഡിലെ ഡബ്ലിനിൽ വിവിധയിടങ്ങളിൽ വെച്ച് സ്ത്രീകൾക്ക് നേരെ നഗ്നതാ പ്രദർശനവും സ്വയംഭോഗവും നടത്തിയതായി ഇന്ത്യൻ വിദ്യാർത്ഥിയുടെ കുറ്റസമ്മതം. യുസിഡി മാസ്റ്റേഴ്സ് വിദ്യാർഥി ഡബ്ലിൻ ലോവർ ഗാർഡിനർ സ്ട്രീറ്റിൽ താമസിക്കുന്ന റിഷഭ് മഹാജൻ (30) ആണ് കുറ്റ സമ്മതം നടത്തിയത്. സംഭവത്തിൽ വിദ്യാർത്ഥി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഋഷഭ് മഹാജൻ (30) ആണ് കുറ്റസമ്മതം നടത്തിയത്.
യൂണിവേഴ്സിറ്റി കോളേജ് ഡബ്ലിനിലെ സ്മർഫിറ്റ് ബിസിനസ് സ്കൂളിൽ പഠനത്തിനായി അയർലൻഡിൽ എത്തി ഒരു മാസത്തിനുള്ളിലാണ് ഇയാൾ അതിക്രമങ്ങൾ തുടങ്ങിയത്. 2024 ഒക്ടോബർ, നവംബർ മാസങ്ങളിലായി മൂന്ന് സ്ത്രീകൾക്ക് നേരെ നാല് തവണ ഇയാൾ ഇത്തരത്തിൽ പെരുമാറിയതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. ഒക്ടോബർ 23-ന് പുലർച്ചെ നഗരമധ്യത്തിലെ ഒരു ഓഫീസിൽ നൈറ്റ് ഷിഫ്റ്റ് ചെയ്യുകയായിരുന്ന യുവതിക്ക് നേരെ ഗ്ലാസ് ഭിത്തിക്ക് പുറത്തുനിന്ന് ഇയാൾ നഗ്നതാ പ്രദർശനം നടത്തി. യുവതി വിലക്കിയിട്ടും ഇയാൾ ചിരിക്കുകയും പിന്നീട് പല ദിവസങ്ങളിലായി അവിടെ തിരിച്ചെത്തി സമാനമായ രീതിയിൽ പെരുമാറുകയും ചെയ്തു. ഒരു തവണ ഓഫീസിന്‍റെ ഗ്ലാസിൽ ഇയാൾ മോശമായ രീതിയിൽ സ്പർശിക്കുകയും ചെയ്തു.
ഒക്ടോബർ 11-ന് ഒരു യൂത്ത് ഹോസ്റ്റൽ ജീവനക്കാരിക്ക് നേരെയും ഇയാൾ നഗ്നതാ പ്രദർശനം നടത്തി. ഹാലോവീൻ രാത്രിയിൽ വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന മറ്റൊരു യുവതിയെ ഇയാൾ പിന്തുടരുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. നഗരത്തിലെ തിരക്കേറിയ ഭാഗങ്ങളിൽ വെച്ച് യാതൊരു ഭയവുമില്ലാതെയാണ് പ്രതി ഇത്തരത്തിൽ പെരുമാറിയതെന്ന് ജഡ്ജി മാർട്ടിന ബാക്സ്റ്റർ നിരീക്ഷിച്ചു. മുഖം മറയ്ക്കാൻ പോലും ഇയാൾ ശ്രമിച്ചിരുന്നില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. താൻ ചെയ്ത കാര്യങ്ങൾ ഓർമ്മയില്ലെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. എന്നാൽ കോടതിയിൽ ഇയാൾ കുറ്റം സമ്മതിച്ചു. പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഇരകളോട് മാപ്പ് അപേക്ഷിച്ചു. നിലവിൽ ജാമ്യത്തിൽ കഴിയുന്ന ഋഷഭ് മഹാജന്റെ ശിക്ഷാവിധി അടുത്ത വർഷം മെയ് 19-ലേക്ക് കോടതി മാറ്റിവെച്ചു. അതുവരെ പ്രൊബേഷൻ സർവീസിന്റെ നിരീക്ഷണത്തിലായിരിക്കും പ്രതി.


