ബഹ്‌റൈനിലെ പ്രമുഖ സ്ഥാപനമായ അലുമിനിയം ബഹ്‌റൈന് (അൽബ) നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. പ്ലാന്റിനുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണെന്നും, രാജ്യത്തിന്റെ പ്രതിരോധ സേന നിരവധി മിസൈലുകളും ഡ്രോണുകളും തകർത്തതായും അധികൃതർ അറിയിച്ചു.

ദുബായ്: ബഹ്‌റൈനിലെ പ്രമുഖ വ്യവസായ സ്ഥാപനമായ അലുമിനിയം ബഹ്‌റൈന്റെ (Alba) ആസ്ഥാനത്തിന് നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ ജീവനക്കാർക്ക് നിസ്സാര പരിക്കുകളാണ് ഉണ്ടായതെന്നും ഇവരുടെ സുരക്ഷയ്ക്കാണ് കമ്പനി പ്രഥമ പരിഗണന നൽകുന്നതെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലോകത്തെ തന്നെ ഏറ്റവും വലിയ അലുമിനിയം ഉൽപ്പാദകരിൽ ഒന്നായ അൽബയുടെ പ്ലാന്റുകൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പ്ലാന്റിനുണ്ടായ നാശനഷ്ടങ്ങൾ കമ്പനി വിലയിരുത്തി വരികയാണ്. അതേസമയം മാർച്ച് 28ന് ബഹ്‌റൈൻ പ്രതിരോധ സേന 20 മിസൈലുകളും 23 ഡ്രോണുകളും തകർത്തു. സംഘർഷം ആരംഭിച്ചത് മുതൽ ഇതുവരെ ആകെ 174 മിസൈലുകളും 385 ഡ്രോണുകളുമാണ് ബഹ്‌റൈൻ സൈന്യം വെടിവെച്ചിട്ടത്. 

രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും ബഹ്‌റൈൻ നാഷണൽ കമ്മ്യൂണിക്കേഷൻ സെന്റർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ആക്രമണം പ്ലാന്റിലെ പ്രവർത്തനങ്ങളെ എത്രത്തോളം ബാധിച്ചുവെന്ന് അൽബ നിരീക്ഷിച്ചു വരികയാണ്. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് കമ്പനി അറിയിച്ചു.