ഇറാൻ്റെ പുതിയ പരമോന്നത നേതാവായ മുജ്‌തബ ഖമനെയിക്ക്, പിതാവ് അയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ട ഇസ്രായേൽ-യുഎസ് വ്യോമാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ട്. മുഖത്തും കാലിനും പരിക്കേറ്റ അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെടാത്തത് രാജ്യത്തിൻ്റെ നേതൃത്വത്തിൽ അനിശ്ചിതത്വം സൃഷ്ടിക്കുന്നു.

ടെഹ്റാൻ: ഇറാൻ്റെ പുതിയ പരമോന്നത നേതാവായ മുജ്‌തബ ഖമനെയിക്ക് മുഖത്തും കാലിനും ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ട്. പിതാവായ അയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ട ആക്രമണത്തിലാണ് മുജ്‌തബ ഖമനെയിക്കും പരിക്കേറ്റതെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി 28-ന് നടന്ന ഇസ്രായേൽ-യുഎസ് സഖ്യ വ്യോമാക്രമണത്തിലാണ് അയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടത്. അന്ന് ഇവിടെ വച്ച് മുജ്‌തബ ഖമനെയിയുടെ മുഖത്തിന് ഗുരുതരമായ പരിക്കേറ്റെന്നും ഒരു കാൽ നഷ്ടപ്പെട്ടെന്ന് സംശയിക്കുന്നതായും അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

Add Asianetnews as a Preferred SourcegooglePreferred

അയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇറാൻ്റെ പരമോന്നത നേതാവായി മുജ്‌തബ ഖമനെയി അധികാരമേറ്റത്. ഗുരുതര പരിക്കേറ്റെങ്കിലും മുജ്‌തബ ഖമനെയി ഭരണപരമായ തീരുമാനങ്ങളിൽ ഭാഗമാകുന്നുവെന്നാണ് വിവരം. പക്ഷെ പൊതുവേദിയിൽ അദ്ദേഹം ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഓഡിയോ കോൺഫറൻസുകൾ വഴിയും രേഖാമൂലമുള്ള സന്ദേശങ്ങൾ വഴിയുമാണ് അദ്ദേഹം ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നത്. അദ്ദേഹത്തിൻ്റെ ആരോഗ്യനിലയെക്കുറിച്ച് ഔദ്യോഗികമായി ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. യുഎസ് ഇൻ്റലിജൻസ് റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ഈ വാർത്ത പുറത്തുവിട്ടത്. യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ഇറാൻ്റെ നേതൃത്വത്തിൽ വലിയ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുവെന്നാണ് ഈ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.