ഹോർമൂസിലെ പുതിയ പാത പ്രഖ്യാപിക്കുമെന്ന് ഇറാൻ. പുതിയ പാതയുടെ മാപ്പും വിവരങ്ങളും ഗൾഫ് രാജ്യങ്ങൾക്ക് നൽകുമെന്നാണ് പ്രഖ്യാപനം. ഗൾഫ് രാജ്യങ്ങൾക്ക് മുന്നിൽ ഹോർമൂസ് തുറക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
ടെഹ്റാൻ: ഗൾഫ് രാജ്യങ്ങളുമായി നാളെ ചർച്ച നടക്കാനിരിക്കെ സുപ്രധാന പ്രഖ്യാപനവുമായി ഇറാൻ. ഹോർമൂസിൽ തുറക്കുന്ന പുതിയ പാതയുടെ മാപ്പും വിവരങ്ങളും ഗൾഫ് രാജ്യങ്ങൾക്ക് നൽകുമെന്നാണ് പ്രഖ്യാപനം. ഹോർമൂസ് വിഷയത്തിലാണ് നാളത്തെ ചർച്ചയെന്നും ഇറാൻ അറിയിച്ചു. ഗൾഫ് രാജ്യങ്ങൾക്ക് മുന്നിൽ ഹോർമൂസ് തുറക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
നാളെ ഗൾഫ് രാജ്യങ്ങളുമയി ഹോർമൂസ് തുറക്കുന്നത് ഇറാൻ ചർച്ച ചെയ്യുമ്പോൾ, ചോദ്യങ്ങളേറെയുണ്ട്. ഇതില്‍ പ്രധാനം ഗൾഫ് രാജ്യങ്ങൾക്ക് മുന്നിൽ ഹോർമൂസ് തുറക്കുമോ എന്നതാണ്. എങ്കിൽ ഗൾഫിലെ വലിയ പ്രതിസന്ധി അവസാനിക്കും. ഗൾഫ് രാജ്യങ്ങൾ ഇറാന് കൈ കൊടുത്താലും അമേരിക്ക ഉപരോധം അവസാനിപ്പിക്കുമോ എന്നതും പ്രധാനമാണ്. ബഹറൈൻ നാളത്തെ യോഗത്തിൽ പങ്കെടുക്കില്ല. ബ്രിക്സ് വേദിയിൽ ഇറാൻ പ്രസിഡണ്ടിന്റെ സന്തുലതമായ പ്രസ്താവനകൾ അവഗണിക്കാവുന്നതല്ലെന്ന യുഎഇയുടെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷിന്റെ വാക്കുകൾ ശ്രദ്ധേയമായി. ഹോർമൂസിൽ ഒമാനുമായി ചേർന്ന് തുറക്കുന്ന പാതയുടെ വിവരങ്ങൾ ഇറാൻ ഗൾഫ് രാജ്യങ്ങൾക്ക് നൽകും. ഗൾഫിലെ തീരവും സമുദ്രവും ഇറാനെക്കൂടി ഒപ്പം ചേർത്ത് കൈകാര്യം ചെയ്യണമെന്ന നിർദേശം ഒമാൻ മുന്നോട്ട് വെച്ചിരുന്നു.
ഇതിനിടെ, ഹോർമൂസിൽ രണ്ട് കപ്പലുകൾ കൂടി ഇതിനിടെ ആഖ്രമിക്കപ്പെട്ടു. ഒന്ന് ഇറാൻ്റെ ഖേഷം തീരത്തും മറ്റൊന്ന് ഒമാനോട് ചേർന്നും. അതേസമയം, ചെങ്കടലിൽ ബാബ് അൽ മന്ദ്ബ് മേഖല കൈക്കലാക്കി ഹൂത്തികൾ നിർണായക സ്വാധീനം കൈവരിച്ചു കഴിഞ്ഞു. കനത്ത സംഘർഷം തുടരുകയാണ്. സൗദിയിലെ ജസാനിലാണ് തുവൽ മേഖലയിൽ ഹൂത്തികൾ നടത്തിയ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകളുണ്ടാകുകയും ചെയ്തത്.



