ഹോർമൂസിന് സമീപം അമേരിക്ക നടത്തിയ ആക്രമണത്തിന് മറുപടിയായി ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾ ഇറാൻ ആക്രമിച്ചു. ഇരുപക്ഷവും ആക്രമണം കടുപ്പിച്ചതോടെ പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതമായി, ഇത് എണ്ണവില കുത്തനെ ഉയരാൻ കാരണമായി.
ഇടവേളക്ക് ശേഷം പശ്ചിമേഷ്യ വീണ്ടും സംഘർഷ ഭരിതം. ഹോർമൂസിന് സമീപം ഇറാന്റെ റോക്കറ്റ് ലോഞ്ചറുകൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെ തിരിച്ചടി നൽകി ഇറാൻ. ജോർദാനിലെ അമേരിക്കൻ സൈനിക താവളങ്ങളിലേക്കാണ് ഇറാന്റെ ആക്രമണമുണ്ടായത്. രണ്ടു വ്യോമ താവളങ്ങൾ ആക്രമിച്ചു. ലാറഖ് ദ്വീപിലേക്ക് നടത്തിയ അമേരിക്കൻ ആക്രമണത്തിനുള്ള തിരിച്ചടിയായാണ് ആക്രമണങ്ങൾ നടത്തിയതെന്ന് ഇറാൻ അറിയിച്ചു. എന്നാൽ നീക്കം ചെയ്ത ശേഷവും വീണ്ടും ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കാനുള്ള ഇറാന്റെ ശ്രമങ്ങൾ തടയാനാണ് ആക്രമിച്ചതെന്ന് അമേരിക്ക വിശദീകരിച്ചു. ഒമാനിലെ ഖസബ് തീരത്തോട് ചേർന്ന് കപ്പൽ ആക്രമിക്കപ്പെട്ടിരുന്നു. വ്യോമാതിർത്തി ലംഘിച്ചെത്തിയ എട്ട് മിസൈലുകൾ തകർത്തതായി ജോർദാൻ അറിയിച്ചു.
അമേരിക്കൻ ആക്രമണത്തിൽ സാധാരണക്കാരും സൈനികരും കൊല്ലപ്പെട്ടുവെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് അറിയിച്ചു. ഇരുപക്ഷവും ആക്രമണം ആരംഭിച്ചതോടെ എണ്ണവിലയിൽ രണ്ട് ശതമാനത്തിലധികം വർധനയുണ്ടായി. ബ്രെന്റ് ക്രൂഡ് ഓയിൽ വില വീണ്ടും ബാരലിന് 90 ഡോളറിന് മുകളിലെത്തി.


