യാത്ര തിരിച്ച് കേവലം 15 മിനിറ്റിനുള്ളിൽത്തന്നെ മോശം കാലാവസ്ഥയെത്തുടർന്ന് ഫെറിയിൽവെള്ളം കയറി അപകടത്തിൽപ്പെടുകയായിരുന്നു

സൈപ്രസ്: 270 ഓളം യാത്രക്കാരുമായി പോയ ഫെറി മുങ്ങി വൻ അപകടം. വടക്കൻ സൈപ്രസ് തീരത്തുണ്ടായ അപകടത്തിൽ 7 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് തുർക്കിയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 24 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. വടക്കൻ സൈപ്രസിലെ കിറേനിയ തുറമുഖത്ത് നിന്ന് കറ്റമരൻ ശൈലിയിലുള്ള ഫെറി സർവീസ് ആരംഭിച്ച് അധികം വൈകാതെയാണ് അപകടമുണ്ടായത്. യാത്ര തിരിച്ച് കേവലം 15 മിനിറ്റിനുള്ളിൽത്തന്നെ മോശം കാലാവസ്ഥയെത്തുടർന്ന് ഫെറിയിൽവെള്ളം കയറി അപകടത്തിൽപ്പെടുകയായിരുന്നു. തീരത്തു നിന്ന് ഏകദേശം 7.5 കിലോമീറ്റർ അകലെ ഡയാന ബീച്ചിന് സമീപത്തുവെച്ചാണ് ബോട്ട് തലകീഴായി മറിഞ്ഞത്. ഇതുവരെ 237 പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടെന്നാണ് അധികൃതർ വിശദമാക്കുന്നത്. ലൈഫ് ജാക്കറ്റുകൾ ധരിച്ച് ആൾക്കാർ വെള്ളത്തിൽ ഒഴുകിനടക്കുന്നതിന്റെയും രക്ഷപ്പെടുത്തിയവരെ കരയിലെത്തിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

അപകടത്തിൽ തർക്കി പ്രസിഡന്റ് റെസെപ് തയ്യിപ്പ് എർദോഗൻ അനുശോചനം രേഖപ്പെടുത്തി. കാണാതായവർക്കായി സൈപ്രസ് അധികൃതരുമായി ചേർന്ന് വലിയ രീതിയിലുള്ള രക്ഷാപ്രവർത്തനമാണ് നടത്തുന്നതെന്നും നല്ല വാർത്തകൾക്കായി പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട സൈപ്രസ് സർക്കാരും തങ്ങളുടെ പക്കലുള്ള എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് രക്ഷാപ്രവർത്തനത്തിന് സഹായിക്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പമാണ് തങ്ങളുടെ ചിന്തകളെന്നും മനുഷ്യജീവൻ രക്ഷിക്കുന്നതിനാണ് ഇപ്പോൾ പ്രഥമ പരിഗണനയെന്നും അധികൃതർ കൂട്ടിിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം