അമേരിക്കൻ സൈനിക ആക്രമണത്തിന് പിന്നാലെ ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. തങ്ങളുടെ സൈന്യത്തെ ആക്രമിച്ച് തീവ്രവാദി ഗ്രൂപ്പുകളെ ഇളക്കിവിടാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും ഇറാൻ ആരോപിച്ചു
ടെഹ്റാൻ: ഇറാന്റെ സൈന്യത്തെ ആക്രമിച്ച് തീവ്രവാദി ഗ്രൂപ്പുകളെ ഇളക്കിവിടാൻ അമേരിക്കൻ ശ്രമമെന്ന് ആരോപണവുമായി ഇറാൻ. ഇറാൻഷഹറിൽ ഏഴ് സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ആരോപണം. ഈ നിലയിലാണ് അമേരിക്കയുടെ നീക്കമെങ്കിൽ ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. തെക്കൻ ഇറാനിൽ അമേരിക്ക നടത്തി ആക്രമണത്തിൽ 30 സാധാരണക്കാരും ഏഴ് സൈനികരും കൊല്ലപ്പെട്ടതോടെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുകയാണ്. ഏഴ് മണിക്കൂർ നീണ്ട കനത്ത വ്യോമാക്രമണമാണ് അമേരിക്ക നടത്തിയത്. ധാന്യ സംഭരണകേന്ദ്രങ്ങളും കുടിവെള്ള പ്ലാന്റുകളും അമേരിക്ക തകർത്തെന്ന് ഇറാൻ ആരോപിച്ചു. ഇറാൻ ഇനിയും ചർച്ചയ്ക്ക് വഴങ്ങിയില്ലെങ്കിൽ പവർ പ്ലാന്റുകളും പാലങ്ങളും തകർക്കുമെന്ന് ട്രംപും ഭീഷണി മുഴക്കി. ഇതോടെ മേഖലയാകെ വലിയ ആശങ്കയിലാണ്.
വിശദ വിവരങ്ങൾ
തെക്കുകിഴക്കൻ ഇറാനിലെ ബാംപൂർ സൈനിക ബാരക്കിൽ 13 മിസൈലുകളയച്ച് നടത്തിയ ആക്രമണത്തിലാണ് ഏഴ് സൈനികർ കൊല്ലപ്പെട്ടത്. സിസ്താൻ ബലൂചിസ്താൻ പ്രവിശ്യയിലാണിത്. പാക് - അഫ്ഗാൻ അതിർത്തിയിൽ ഇറാൻ സൈന്യത്തെ ദുർബലമാക്കി മേഖലയിൽ തീവ്രവാദ പ്രവർത്തനം ഇളക്കിവിടാൻ ലക്ഷ്യമിട്ടുള്ള ആക്രമണമാണിതെന്ന് ഇറാൻ ആരോപിച്ചു. തെക്കൻ ഇറാനിലാണ് 30 സാധാരണക്കാർ കൊല്ലപ്പെട്ടതെന്ന് ഇറാൻ സർക്കാർ വക്താവ് ഫാത്തിമ മൊഹറിജാനി സ്ഥിരീകരിച്ചു. ഹൊവൈസ് മേഖലയിൽ കൂറ്റൻ ധാന്യ സംഭരണ കേന്ദ്രവും മറ്റിടങ്ങളിൽ കുടിവള്ള പ്ലാന്റും ആക്രമിച്ചു. ഇന്ന് നേരം പുലർന്ന ശേഷവും ആക്രമണം ഉണ്ടായി. തിരിച്ചടിയായി ലോകത്തെ എണ്ണ - പാചകവാതക കയറ്റുമതി റൂട്ടുകൾ തടയുമെന്ന് ഭീഷണി. ഒന്നുകിൽ എല്ലാവർക്കും, അല്ലെങ്കിൽ ആർക്കുമില്ല എന്നതായിരിക്കും സമീപനമെന്നാണ് ഇറാന്‍റെ താക്കീത്. കുവൈത്തിൽ അമേരിക്കയുടെ മേഖലയിലെ തന്നെ വലിയ വെയർഹൗസായ കെ ജി എൽ വെയർഹൗസ്, ബഹ്റൈനിൽ സൈനിക ഉപകരണ കേന്ദ്രം, ജോർദാനിൽ അൽ അസറക് വ്യോമതാവളം എന്നിവ ആക്രമിച്ചെന്നും ഇറാൻ വ്യക്തമാക്കി. ഇറാൻ ബന്ധമുള്ള അൻപത് ഷിപ്പിങ് കമ്പനികൾക്കും വ്യക്തികൾക്കും കപ്പലുകൾക്കും കൂടി അമേരിക്ക വിലക്ക് ഏർപ്പെടുത്തി. യുദ്ധ സമയമായതിനാൽ, ഒമാന്റെ തീരം വഴി പോകാൻ ശ്രമിക്കുന്ന കപ്പലുകളും തടയുമെന്ന് ഇറാൻ വിലപാട് വ്യക്തമാക്കി.
