ഹോര്‍മുസ് കടലിടുക്കിലെ യുഎസ് നാവികസേനയുടെ ഉപരോധം മറികടന്ന് ഇറായന്‍ എണ്ണക്കപ്പലുകള്‍ പുറത്തേക്ക് കടന്നു.  സമാധാന ചര്‍ച്ചകള്‍ക്കായുള്ള പ്രാഥമിക ധാരണാപത്രത്തില്‍ ഒപ്പുവെക്കാനിരിക്കെയാണ്  ഇറാന്റെ ആദ്യത്തെ ക്രൂഡ് ഓയില്‍ കയറ്റുമതി രേഖപ്പെടുത്തിയത്

വാഷിംഗ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള നിര്‍ണ്ണായക ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കെ, ഹോര്‍മുസ് കടലിടുക്കിലെ യുഎസ് നാവികസേനയുടെ ഉപരോധം മറികടന്ന് ഇറാന്‍ എണ്ണക്കപ്പലുകള്‍ പുറത്തേക്ക് കടന്നു. ഇരുരാജ്യങ്ങളും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ക്കായുള്ള പ്രാഥമിക ധാരണാപത്രത്തില്‍ ഒപ്പുവെക്കാനിരിക്കെയാണ് രണ്ട് മാസത്തിനിടയിലെ ഇറാന്റെ ആദ്യത്തെ ക്രൂഡ് ഓയില്‍ കയറ്റുമതി രേഖപ്പെടുത്തിയത്. രാജ്യാന്തര കപ്പല്‍ ഗതാഗത നിരീക്ഷണ വെബ്‌സൈറ്റായ 'ടാങ്കര്‍ ട്രാക്കേഴ്‌സ്' ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയാണ് ഈ വിവരം പുറത്തുവിട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള അന്തിമ ഉടമ്പടിക്ക് മുന്നോടിയായുള്ള ഔദ്യോഗിക ചര്‍ച്ചകള്‍ വെള്ളിയാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡിലെ ബുര്‍ഗന്‍സ്റ്റോക്ക് മൗണ്ടന്‍ റിസോര്‍ട്ടില്‍ ആരംഭിക്കും. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ആഗോള വിപണിയില്‍ എണ്ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

നാഷണല്‍ ഇറാനിയന്‍ ടാങ്കര്‍ കമ്പനിയുടെ 'ഡിയോണ', 'ഹീറോ 2' എന്നീ രണ്ട് കപ്പലുകളാണ് ചൊവ്വാഴ്ച ഉപരോധരേഖ മറികടന്നതെന്ന് ടാങ്കര്‍ ട്രാക്കേഴ്‌സ് സ്ഥിരീകരിച്ചു. ഇവയില്‍ ആകെ 38 ലക്ഷം ബാരല്‍ ഇറാന്‍ എണ്ണയുണ്ടെന്നാണ് വിവരം. 'സ്ട്രീം' എന്ന മറ്റൊരു കപ്പല്‍ ബുധനാഴ്ച ഇറാന്‍ തുറമുഖ ലക്ഷ്യമാക്കി സഞ്ചരിക്കുന്നുണ്ട്. കൂടാതെ, 10 ലക്ഷം ബാരല്‍ ക്രൂഡ് ഓയിലുമായി എന്‍ഐടിസിയുടെ തന്നെ 'സാണിയ 1' എന്ന കപ്പല്‍ ഒമാന്‍ ഉള്‍ക്കടലിലെ യുഎസ് ഉപരോധരേഖ ബുധനാഴ്ച മറികടന്നതായി ടാങ്കര്‍ ട്രാക്കേഴ്‌സ് വ്യക്തമാക്കി.

ഇരുരാജ്യങ്ങളും തമ്മില്‍ ഔദ്യോഗിക ധാരണാപത്രത്തില്‍ ഒപ്പുവെച്ചാലുടന്‍ സമാധാന ചര്‍ച്ചകള്‍ക്ക് തുടക്കമാകും. ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ചും അന്താരാഷ്ട്ര ഉപരോധങ്ങള്‍ നീക്കുന്നതിനെക്കുറിച്ചും അടുത്ത 60 ദിവസത്തിനുള്ളില്‍ അന്തിമ തീരുമാനത്തിലെത്താനാണ് ചര്‍ച്ചം. ധാരണാപത്രം ഒപ്പിട്ടാലുടന്‍ ഇറാനില്‍ നിന്നുള്ള എണ്ണ, ഇന്ധന വില്‍പന പുനരാരംഭിക്കാന്‍ യുഎസ് അനുമതി നല്‍കുമെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. എണ്ണ വില്‍പനയ്ക്ക് പുറമെ ബാങ്കിംഗ്, ഗതാഗതം, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളിലെ ഉപരോധങ്ങള്‍ക്കും ഇളവ് ലഭിക്കും.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, ഇറാന്റെ വിദേശകാര്യ സഹമന്ത്രി മജീദ് തക്ത് റവഞ്ചി, മുഖ്യ ചര്‍ച്ചാ പ്രതിനിധി മുഹമ്മദ് ബാഗര്‍ ഗാലിബാഫ് എന്നിവര്‍ പ്രാഥമിക സമാധാന കരാറില്‍ ഡിജിറ്റലായി ഇതിനകം ഒപ്പുവെച്ചതായി മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.