ടെഹ്റാന്‍: യുക്രൈൻ വിമാനം വെടിവെച്ചിട്ടത്തതില്‍ ഇറാനിൽ പ്രതിഷേധം തുടരുന്നു, ടെഹ്റാനിൽ പ്രതിഷേധക്കാർക്ക് നേരെ വെടിവെപ്പുണ്ടായെന്ന റിപ്പോർട്ടുകൾ പൊലീസ് നിഷേധിച്ചു. യാതൊരു മുന്നറിയിപ്പും നൽകാതെ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് വെടി ഉതിർത്തെന്നാണ് ആരോപണം. ടെഹ്റാനില്‍ സ്ത്രീകൾ അടക്കമുള്ളവർക്ക് ഗുരുതരാമായി പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

പരിക്കേറ്റവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിന്‍റെയും ജനക്കൂട്ടം പേടിച്ച് ചിതറിയോടുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ആരോപണം ടെഹ്റാന്‍ പൊലീസ് നിഷേധിക്കുന്നു. ആക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചു വിടാൻ പലയിടത്തും കണ്ണീർവാതക പ്രയോഗിച്ചു എന്നാണ് വിശദീകരണം,

ആത്മ സംയമനം പാലിക്കണമെന്ന് പൊലീസുകാർക്ക് കർശ്ശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പൊലീസ് വക്താവ് പ്രതികരിച്ചു. പലയിടത്തും ഇന്‍റര്‍നെറ്റ് വിഛേദിച്ചു. തുടർച്ചയായ നാലാം ദിവസവും ഇറാനിൽ ജനരോഷം തുടരുകയാണ്.

പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി അടക്കം അപകടത്തിന് ഉത്തരവാദികളായ എല്ലാവരും മാപ്പ് പറഞ്ഞ്, രാജിവെച്ച് ഒഴിഞ്ഞ് നിയമ നടപടി നേരിടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ഇറാൻ പൗരന്മാർ അടക്കം 176 പേരു ജീവനെടുത്ത വിമാന ആക്രമണം അബദ്ധത്തിൽ പിണഞ്ഞതാണെന്ന ഇറാന്‍റെ കുറ്റ സമ്മതത്തിന് പിന്നാലെയാണ് പ്രതിഷേദം അണപൊട്ടിയത്. പ്രതിഷേധക്കാർക്ക് പിന്തുണയുമായി യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.