ന്യൂയോര്‍ക്ക്: കാസ്സിം സുലൈമാനിയുടെ വധത്തിന് പ്രതികാരമായി ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 11 ട്രൂപ്പ് യുഎസ് സൈനികര്‍ക്ക് പരിക്കേറ്റതായി യുഎസ് പ്രതിരോധ വകുപ്പ് സ്ഥിരീകരിച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന പ്രസി‍ഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വാദം ഇതോടെ പൊളിഞ്ഞു. അതിനിടെ യുക്രൈൻ വിമാനം അബദ്ധത്തിൽ ആക്രമിച്ച സൈന്യത്തെ പിന്തുണച്ച് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ളാ അലി ഖമനയി രംഗത്തെത്തി.

ക്രൂസ് മിസൈലാണെന്നു തെറ്റിദ്ധരിച്ച് വിമാനത്തിനുനേരെ മിസൈലാക്രമണം നടത്തിയതാണ് ദുരന്തത്തിനു കാരണമെന്ന് ഇറാൻ കുറ്റസമ്മതം നടത്തിയിരുന്നു. ഇതോടെ സൈന്യത്തിനെതിരേ ഇറാനിൽ പലയിടങ്ങളിലും പ്രക്ഷോഭം തുടരുകയാണ്. പ്രക്ഷോഭത്തിനിടെ സുലൈമാനിയുടെ ചിത്രം കീറിയെറിഞ്ഞവരെയും ഖമേനി വിമർശിച്ചു. സുലൈമാനിയെ അപമാനിച്ച നൂറോളം പേരാണോ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിൽ തെരുവിലിറങ്ങിയ ലക്ഷക്കണക്കിനു പേരാണോ ശരിക്കുള്ള ഇറാൻ ജനതയെന്നും അദ്ദേഹം ചോദിച്ചു.

അതേ സമയം അൽ അസദ് താവളത്തിലെ 11 സൈനികർക്കാണ് ആക്രമണത്തിന്റെ ആഘാതം മൂലം തലച്ചോറിനു ക്ഷതമേറ്റത് സ്ഥിരീകരിക്കപ്പെട്ടു. ഇവരിൽ 8 പേരെ വിദഗ്ധ ചികിത്സയ്ക്ക് ജർമനിയിലേക്കും 3 പേരെ കുവൈത്തിലെക്കും കൊണ്ടുപോയി. ആക്രമണം നടക്കുമ്പോൾ താവളത്തിലെ 1,500 സൈനികരും ബങ്കറുകളിലായിരുന്നു. ഇതിനിടെ,  യുഎസ് സേനയുമായി ചേർന്നുള്ള പ്രവർത്തനം പുനരാരംഭിച്ചെന്ന റിപ്പോർട്ട് ഇറാഖ് നിഷേധിച്ചു.

സൈന്യം രാജ്യത്തിന്‍റെ സുരക്ഷയാണ് പരിഗണിച്ചത്. ട്രംപ് കോമാളിയാണ്. ഇറാനുമേൽ വിഷം പുരട്ടിയ കത്തി കുത്തിയിറക്കുകയാണ് ട്രംപ് ചെയ്യുന്നതെന്നും വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നൽകിയ ശേഷം ഖമനയി പറഞ്ഞു.