പുതിയ സര്‍ക്കാറില്‍ ചേരുന്നതില്‍ നിന്ന് മുഖ്താദ അല്‍ സദര്‍ പിന്മാറിയിരുന്നു. ഇതോടെയാണ് ഇറാഖിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് അയവ് വന്നതും അല്‍ സുഡാനി മന്ത്രിസഭ രൂപീകരിച്ച് അംഗീകാരം തേടുകയും ചെയ്തത്. 

ബാഗ്ദാദ്: ഒരു വര്‍ഷത്തോളം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവില്‍ ഇറാഖില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചു. രാജ്യമെങ്ങും പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെയാണ് മുഹമ്മദ് ഷിയ അൽ സുഡാനി (52) ഇറാഖിന്‍റെ പുതിയ പ്രസിഡന്‍റായി ചുമതല ഏറ്റെടുക്കുന്നത്. പുതിയ സര്‍ക്കാറിന് മന്ത്രിസഭ അംഗീകാരം നല്‍കി. 21 അംഗ മന്ത്രിസഭയാണ് അധികാരമേറ്റത്. മുന്‍ ഇറാഖി സര്‍ക്കാറില്‍ മനുഷ്യാവകാശ മന്ത്രിയായും തൊഴിൽ, സാമൂഹികകാര്യ മന്ത്രിയായും സേവനമനുഷ്ഠിച്ചയാളാണ് പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റ മുഹമ്മദ് ഷിയ അൽ സുഡാനി.

“പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനിയുടെ സർക്കാർ ദേശീയ അസംബ്ലിയുടെ വിശ്വാസം നേടിയിരിക്കുന്നു,” വേട്ടെടുപ്പിന് ശേഷം അദ്ദേഹത്തിന്‍റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഹാജരായ 253 നിയമസഭാംഗങ്ങളിൽ ഭൂരിഭാഗവും 21 മന്ത്രിമാരുടെ നിയമനത്തെ അംഗീകരിച്ചു. എന്നാല്‍ നിർമ്മാണ-ഭവന മന്ത്രാലയം, പരിസ്ഥിതി മന്ത്രാലയം എന്നീ മന്ത്രിസഭാ വകുപ്പുകളില്‍ തീരുമാനമായിട്ടില്ല. രണ്ട് മന്ത്രാലയങ്ങളുടെ കാര്യത്തില്‍ തീരുമാനമായില്ലെങ്കിലും പുതിയ മന്ത്രിസഭയ്ക്ക് അംഗീകാരം ലഭിച്ചു. 

കഴിഞ്ഞ വർഷം ഒക്ടോബറിൽ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നതിന് പിന്നാലെ ഇറാഖില്‍ രാഷ്ട്രീയ അനിശ്ചിതത്വം രൂപപ്പെട്ടിരുന്നു. നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്കിടെ അല്‍ സുഡാനിയെ പ്രസിഡന്‍റായി തെരഞ്ഞെടുത്തെങ്കിലും ഇറാഖിലെ ഷിയാ വിഭാഗത്തിന്‍റെ നേതാവായ പുരോഹിതന്‍ മുഖ്താദ അല്‍ സദര്‍ പ്രതിഷേധവുമായി രംഗത്തെത്തി. മുഖ്താദ അല്‍ സദറിന്‍റെ അനുയായികള്‍ രണ്ട് തവണ ഇറാഖി പാര്‍ലമെന്‍റില്‍ അതിക്രമിച്ച് കടക്കുന്നത് വരെയെത്തിയിരുന്നു കാര്യങ്ങള്‍. ഒടുവില്‍ പുതിയ സര്‍ക്കാറില്‍ ചേരുന്നതില്‍ നിന്ന് മുഖ്താദ അല്‍ സദര്‍ പിന്മാറിയിരുന്നു. ഇതോടെയാണ് ഇറാഖിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് അയവ് വന്നതും അല്‍ സുഡാനി മന്ത്രിസഭ രൂപീകരിച്ച് അംഗീകാരം തേടുകയും ചെയ്തത്. 

(ഷിയാ നേതാവും ഇറാൻ വിരുദ്ധനുമായ മുഖ്തദ അൽ സദറിന്‍റെ അനുയായികള്‍ ഇറാഖി പാര്‍ലമെന്‍റില്‍ അതിക്രമിച്ച് കയറിയപ്പോള്‍. )

ലോകം വമ്പിച്ച രാഷ്ട്രീയ സാമ്പത്തിക മാറ്റങ്ങൾക്കും സംഘർഷങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന ഈ നിർണായക കാലഘട്ടത്തിൽ ഞങ്ങളുടെ മന്ത്രിതല സംഘം ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്ന് പുതിയ പ്രസിഡന്‍റ് മുഹമ്മദ് ഷിയ അൽ സുഡാനി പ്രസ്താവനയിൽ പറഞ്ഞു. ഒക്‌ടോബർ 13-ന് നാമനിർദ്ദേശം ചെയ്യപ്പെട്ട അൽ-സുഡാനിക്ക്, പാർലമെന്‍റിലെ 329 സീറ്റുകളിൽ 138-ഉം കൈവശം വച്ചിരിക്കുന്ന ശക്തമായ ഇറാൻ അനുകൂല ഷിയാ വിഭാഗങ്ങളുടെ സഖ്യമായ കോ-ഓർഡിനേഷൻ ഫ്രെയിംവർക്ക് ഉൾപ്പെടുന്ന കോലിഷൻ ഫോർ ദ അഡ്മിനിസ്‌ട്രേഷൻ ഓഫ് സ്റ്റേറ്റിന്‍റെ പിന്തുണയുണ്ടായിരുന്നു. പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് അൽ ഹൽബൂസിയുടെ നേതൃത്വത്തിലുള്ള സുന്നി ഗ്രൂപ്പും രണ്ട് പ്രധാന കുർദിഷ് പാർട്ടികളും മറ്റ് അംഗങ്ങളിൽ ഉൾപ്പെടുന്ന സഖ്യമാണിത്.

ഷിയാ നേതാവും ഇറാൻ വിരുദ്ധനുമായ മുഖ്തദ അൽ സദറിന്‍റെ പാര്‍ട്ടി എംപിമാരെല്ലാം രാജിവച്ചതോടെയാണ് കോഓർഡിനേഷൻ ഫ്രെയിംവർക്കിന് മേധാവിത്വം ലഭിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പിൽ മുഖ്തദ അൽ സദറിന്‍റെ കക്ഷിക്കാണ് ഏറ്റവും കൂടുതൽ സീറ്റുകൾ ലഭിച്ചത്. എന്നാല്‍ സർക്കാരുണ്ടാക്കുന്നതില്‍ അൽ സദര്‍ പരാജയപ്പെട്ടു. സ്വന്തം നിലയില്‍ സര്‍ക്കാരുണ്ടാക്കുന്നതില്‍ പരാജയപ്പെട്ട അല്‍ സദര്‍ ഇറാന്‍ അനുകൂല കക്ഷികളെ ഒപ്പം കൂട്ടാന്‍ തയ്യാറാകാത്തത് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കി. ഇതിനിടെയാണ് അല്‍ സദറിന്‍റെ അനുയായികള്‍ പാര്‍ലമെന്‍റിലേക്ക് അതിക്രമിച്ച് കടന്നത്. രാഷ്ട്രീയ പ്രതിസന്ധിക്കൊടുവില്‍ രാഷ്ട്രീയം വിടുന്നതായി മുഖ്തദ അല്‍ സദര്‍ പ്രഖ്യാപിച്ചു. പിന്നാലെയാണ് അല്‍ സദര്‍ സര്‍ക്കാര്‍ പാര്‍ലമെന്‍റിന്‍റെ അംഗീകാരത്തോടെ മന്ത്രിസഭ രൂപീകരിച്ചത്. എന്നാല്‍, ഇതേ സമയം രാജ്യമെങ്ങും പ്രതിഷേധങ്ങള്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിലും ഇറാന്‍ വിരുദ്ധ പ്രക്ഷോഭകരും പൊലീസും തമ്മില്‍ നിരവധി നഗരങ്ങളില്‍ ഏറ്റുമുട്ടലുകള്‍ നടന്നെന്നാണ്.