പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ ഇറാൻ, ഇറാഖ്, സൗദി അറേബ്യ എന്നിവരുൾപ്പെടുന്ന ഒരു സംയുക്ത സുരക്ഷാ കൗൺസിൽ രൂപീകരിക്കാൻ ഇറാഖ് ശ്രമിക്കുന്നതായി റിപ്പോർട്ട്. അമേരിക്ക-ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം
ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിലെ അശാന്തിക്ക് പരിഹാരം കാണാൻ മേഖലയിൽ പുതിയ സൈനിക സഖ്യം രൂപീകരിക്കാനുള്ള നീക്കം ശക്തം. ഇറാൻ - ഇറാഖ് - സൗദി അറേബ്യ സംയുക്ത സുരക്ഷ കൗൺസിലിനുള്ള നീക്കമാണ് നടക്കുന്നത്. സംയുക്ത സുരക്ഷ കൗൺസിൽ നിർദേശിച്ചുള്ള നീക്കത്തിന് പിന്നിൽ ഇറാഖെന്നാണ് റിപ്പോർട്ട്. സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി എന്നീ രാജ്യങ്ങൾ ഒപ്പുവെച്ച ചരിത്രപരമായ മക്ക സംയുക്ത പ്രതിരോധ കരാറിന് തൊട്ടുപിന്നാലെയാണ് ഇറാഖിന്റെ ഈ പുതിയ നീക്കമെന്നതാണ് ശ്രദ്ധേയം. എന്നാൽ, ഇറാഖിന്റെ ഈ നിർദ്ദേശത്തോട് സൗദി അറേബ്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കുകയോ ഇക്കാര്യം സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല.
ഹോർമുസിൽ ഫീസ് ഈടാക്കാൻ ഇറാൻ
അതേസമയം അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ ഇറാൻ തീരുമാനിച്ചു. ഇറാൻ പാർലമെന്‍റിന്‍റെയടക്കമുള്ള തീരുമാനത്തിന് ഇറാൻ ദേശീയ സുരക്ഷ കമ്മീഷൻ അംഗീകാരം നൽകി. ഇറാനി റിയാലിലോ ഇറാൻ നിശ്ചയിക്കുന്ന കറൻസിയിലോ ഫീസ് ഈടാക്കുമെന്നാണ് പ്രഖ്യാപനം. സർവീസ് ചാർജ് എന്ന നിലയിലാണ് പണം ഈടാക്കുകയെന്നും വിശദീകരണമുണ്ട്. ഹോർമുസിലൂടെ കടന്നു പോകുന്ന കപ്പലുകൾ പണം നൽകണമെന്നാണ് ഇറാൻ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ഇറാൻ - അമേരിക്ക യുദ്ധത്തിൽ സമാധാന ചർച്ചകൾക്ക് വഴിയൊരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. ഇതിനായി പാകിസ്ഥാൻ സേന മേധാവി അസീം മുനീർ ഇന്ന് ഇറാനിലെത്തും.
ആഭ്യന്തര വിമർശനങ്ങൾക്കെതിരെ ഇറാൻ പ്രസിഡന്‍റ്
അതിനിടെ യുദ്ധവുമായി ബന്ധപ്പെട്ടുള്ള ആഭ്യന്തര വിമർശനങ്ങൾക്ക് എതിരെ ആഞ്ഞടിച്ച് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ രംഗത്തെത്തിയതും ശ്രദ്ധേയമായി. കാഴ്ചക്കരായി നിന്ന് അഭിപ്രായം പറയാൻ എളുപ്പമാണെന്നും അഭിപ്രായം പറയുന്നവർ മുന്നോട്ട് വന്ന് സഹായിക്കണമെന്നും പെസഷ്കിയാൻ ആവശ്യപ്പെട്ടു. അമേരിക്കയുമായി ഉള്ള സമാധാന ധാരണ തകർന്നതിൽ ആണ് ഇറാൻ പ്രസിഡന്റിന്റെ വിമർശനം എന്നാണ് സൂചന. പുതിയ പരമോന്നത നേതാവായ മുജ്തബ ഖമനെയിയുടെ അനുമതിയോടെ ആണ് ധാരണ ഒപ്പിട്ടത് എന്നും മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി. സമാധാന നീക്കങ്ങൾ ഇറാനിലെ തീവ്ര നിലപാടുള്ള വിഭാഗം നിരന്തരം തടസപ്പെടുത്തിയിടുന്നു. ഇക്കാര്യമടക്കം ചൂണ്ടിക്കാട്ടിയാണ് ഇറാൻ പ്രസിഡന്‍റ് വിമർശനം അഴിച്ചുവിട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

