അയർലണ്ടിലെ ഡബ്ലിനിൽ ഇന്ത്യൻ വംശജനായ ടാക്‌സി ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചു
ദില്ലി: അയർലൻ്റിൽ വീണ്ടും ഇന്ത്യൻ വംശജന് നേരെ ക്രൂരമായ ആക്രമണം. ഡബ്ലിൻ നഗരത്തിൻ്റെ പ്രാന്തപ്രദേശമായ ബല്ലിമൂണിലാണ് ടാക്‌സി ഡ്രൈവറായ ഇന്ത്യക്കാരൻ ആക്രമിക്കപ്പെട്ടത്. 23 വർഷമായി അയർലൻ്റിൽ ഡ്രൈവറായി ജോലി ചെയ്യുന്നയാളെയാണ് 2 യുവാക്കൾ ചേർന്ന് ആക്രമിച്ചതെന്നാണ് വിവരം. സ്വന്തം നാട്ടിലേക്ക് തിരികെ പോകാൻ അക്രമികൾ ആവശ്യപ്പെട്ടെന്നാണ് മർദ്ദനമേറ്റ ലഖ്‌വീർ സിങ് അയർലണ്ടിലെ മാധ്യമങ്ങളോട് പ്രതികരിച്ചത്.
വെള്ളിയാഴ്ച രാത്രി ബല്ലിമൂണിലെ പോപ്പിൻട്രീക്ക് സമീപത്താണ് സംഭവം നടന്നത്. 20-21 വയസ് പ്രായമുള്ള യുവാക്കൾ ടാക്സി വിളിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോൾ കാറിൽ നിന്നിറങ്ങിയ ശേഷം ലഖ്‌വീർ സിങിനെ മർദ്ദിക്കുകയായിരുന്നു. കുപ്പികൊണ്ട് രണ്ട് വട്ടം അക്രമികൾ ഇദ്ദേഹത്തിൻ്റെ തലക്കടിച്ചു.
പിന്നീട് ബ്യൂമോണ്ട് ആശുപത്രിയിൽ ലഖ്‌വീർ സിങ് ചികിത്സ തേടി. ഇദ്ദേഹത്തിൻ്റെ പരിക്ക് സാരമുള്ളതല്ല. താനും തൻ്റെ കുടുംബവും ഭീതിയോടെയാണ് കഴിയുന്നതെന്നാണ് ഇദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. സംഭവത്തിൽ ഐറിഷ് പൊലീസ് അന്വേഷണം തുടങ്ങി.
ഇന്ത്യാക്കാരെ തെരഞ്ഞുപിടിച്ച് സംഘടിച്ച് ആക്രമിക്കുന്ന സംഭവങ്ങൾ പതിവായതോടെ ഡബ്ലിനിലെ ഇന്ത്യൻ എംബസി അടിയന്തിര സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ജാഗ്രത പുലർത്തണമെന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് പോകരുതെന്നുമാണ് നിർദേശം. കൗമാരപ്രായക്കാരായ സംഘങ്ങൾ ഇന്ത്യൻ വംശജരെയും ഇന്ത്യാക്കാരെയും ആക്രമിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നുണ്ട്. സ്വന്തം സുരക്ഷയ്ക്കായി സ്വയം കരുതൽ സ്വീകരിക്കണം. ഇന്ത്യാക്കാർക്ക് അടിയന്തിര സാഹചര്യങ്ങളിൽ 0899423734 എന്ന നമ്പറിൽ എംബസിയെ ബന്ധപ്പെടാം. അല്ലെങ്കിൽ ആശങ്കകളും പരാതികളും cons.dublin@mea.gov.in എന്ന ഇമെയിലിലും അയക്കാവുന്നതാണെന്നും എംബസി വ്യക്തമാക്കിയിട്ടുണ്ട്.

