ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ഇന്റലിജൻസ് മേധാവി ബ്രിഗേഡിയർ ജനറൽ സർദാർ മാജിദ് ഖദേമി കൊല്ലപ്പെട്ടതായി ഐആർജിസി സ്ഥിരീകരിച്ചു. ടെഹ്റാനിലുണ്ടായ വ്യോമാക്രമണത്തിലാണ് മരണം സംഭവിച്ചതെന്നും ഇതിന് പിന്നിൽ അമേരിക്കയും ഇസ്രയേലുമാണെന്നും ഇറാൻ

ടെഹ്റാൻ: ഇറാന്‍റെ ഇന്‍റലിജൻസ് മേധാവി ബ്രിഗേഡിയർ ജനറൽ സർദാർ മാജിദ് ഖദേമി കൊല്ലപ്പെട്ടെന്ന് ഐആർജിസി. ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ഇന്റലിജൻസ് വിഭാഗം തലവൻ തിങ്കളാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് ഇറാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ ആക്രമണത്തിന് പിന്നിൽ അമേരിക്കയും ഇസ്രയേലുമാണെന്ന് ഇറാൻ ആരോപിച്ചു. അഞ്ച് പതിറ്റാണ്ടോളം ഇറാന്റെ സുരക്ഷാ - ഇന്റലിജൻസ് മേഖലകളിൽ നിർണ്ണായക പങ്ക് വഹിച്ച വ്യക്തിയായിരുന്നു ഖാദേമി.

ഫെബ്രുവരി 28ന് ഇസ്രയേൽ - യുഎസ് ആക്രമണം തുടങ്ങിയ ശേഷം കൊല്ലപ്പെട്ട ഉന്നത റാങ്കിലുള്ള ഇറാനിയൻ ഉദ്യോഗസ്ഥരുടെ പട്ടികയിലെ ഏറ്റവും ഒടുവിലത്തെ പേരാണ് ഖാദേമിയുടേത്. കഴിഞ്ഞ മാസം ഇറാന്റെ സുരക്ഷാ മേധാവിയായിരുന്ന അലി ലാരിജാനി, ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബ്, കമാൻഡർ മുഹമ്മദ് പാക്പൂർ, ഐആർജിസി വക്താവ് അലി മുഹമ്മദ് നൈനി, ബാസിജ് സേനാ തലവൻ ഗുലാംറെസ സുലൈമാനി തുടങ്ങിയവർ കൊല്ലപ്പെട്ടു. ശത്രുരാജ്യങ്ങളുടെ നുഴഞ്ഞുകയറ്റങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിൽ ഖാദേമി വലിയ പങ്ക് വഹിച്ചിരുന്നുവെന്ന് ഐആർജിസി പ്രസ്താവനയിൽ പറയുന്നു.

ഖാദേമി എവിടെ വെച്ചാണ് കൊല്ലപ്പെട്ടതെന്ന് ഐആർജിസി വ്യക്തമാക്കിയിട്ടില്ല. തിങ്കളാഴ്ച പുലർച്ചെ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാന് ചുറ്റുമുള്ള ജനവാസ മേഖലകളിൽ നിരവധി വ്യോമാക്രമണങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്. പിന്നാലെയാണ് ഇന്റലിജൻസ് ചീഫിന്റെ മരണം ഐആർജിസി സ്ഥിരീകരിച്ചത്. അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ഖാദേമി കൊല്ലപ്പെട്ടതെന്ന് ഇറാൻ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ ആക്രമണത്തിന്റെ സ്വഭാവത്തെക്കുറിച്ചോ കൃത്യമായ എവിടെ വച്ചാണ് സംഭവമെന്നോ കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 

വ്യോമാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു

ടെഹ്റാനിൽ ഒന്നിന് പിറകേ ഒന്നായുണ്ടായ വ്യോമാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയുണ്ടായ ആക്രമണത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ തെക്കുപടിഞ്ഞാറന്‍ നഗരത്തില്‍ പുലര്‍ച്ചെയോടെ ജനവാസ മേഖലയിലാണ് വ്യോമാക്രണം ഉണ്ടായത്. ഇസ്​ലംഷറിനടുത്താണ് ആക്രമണം ഉണ്ടായതെന്ന് ഇറാനിലെ വാര്‍ത്താ ഏജന്‍സികളായ ഫാര്‍സും നൗര്‍ ന്യൂസും റിപ്പോര്‍ട്ട് ചെയ്തു. ഏത് കെട്ടിടത്തിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന വിവരം പുറത്തുവന്നിട്ടില്ല. ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന ട്രംപിന്‍റെ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിന് പിന്നാലെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രയേലോ അമേരിക്കയോ ഏറ്റെടുത്തിട്ടില്ല.

ഇറാന്‍റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ നടക്കുന്നതായി വിലയിരുത്തപ്പെടുന്ന ടെഹ്റാനിലെ ഷരീഫ് യൂണിവേഴ്സിറ്റിക്കെതിരെയും പുലര്‍ച്ചെ ആക്രമണം ഉണ്ടായിരുന്നു. ഷരീഫ് യൂണിവേഴ്സിറ്റിക്ക് സമീപത്തുള്ള പ്രകൃതി വാതക വിതരണ കേന്ദ്രത്തിനും ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.