ഹോർമുസ് കടലിടുക്ക് വിഷയത്തിൽ യുഎസ് പ്രസിഡന്‍റ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇന്ത്യയിലെ ഇറാൻ പ്രതിനിധി രംഗത്തെത്തി. അമേരിക്കയുടെ ഭീഷണികൾ പുതിയതല്ലെന്നും സംഘർഷം ലഘൂകരിക്കുന്നതിൽ ഇന്ത്യക്ക് നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 

ദില്ലി: ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അന്ത്യശാസനത്തിന് മറുപടിയുമായി ഇന്ത്യയിലെ ഇറാന്‍റെ പ്രതിനിധി അബ്ദുൾ മജിദ് ഹക്കിം ഇലാഹി രംഗത്തെത്തി. അമേരിക്കയുടെ ഇത്തരം ഭീഷണികൾ പുതിയതല്ലെന്നും കഴിഞ്ഞ 47 വർഷമായി അവർക്ക് ഇറാനെതിരെ ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു. ഇറാനിൽ യുദ്ധം ആരംഭിച്ചത് വലിയ തെറ്റ് ആണ്. ആ യുദ്ധം വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

യുഎസ് ഇതിനകം തന്നെ യുദ്ധം ജയിച്ചു എന്ന ട്രംപിന്‍റെ അവകാശവാദവും ഇലാഹി തള്ളി. മൂന്ന് ദിവസത്തിനുള്ളിൽ ലക്ഷ്യം കാണാമെന്ന് കരുതി ഇറങ്ങിയവർക്ക് ഒരു മാസം പിന്നിട്ടിട്ടും ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങളുടെ നിലപാടുകൾ തെരുവുകളിലും യുദ്ധക്കളത്തിലും തെളിയിക്കാൻ ഇറാൻ സജ്ജമാണെന്നും ഇലാഹി കൂട്ടിച്ചേർത്തു.

അമേരിക്കയെ വിമർശിക്കുമ്പോൾ തന്നെ, സംഘർഷം ലഘൂകരിക്കുന്നതിന് നയതന്ത്രപരമായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകത ഇലാഹി ഊന്നിപ്പറഞ്ഞു. നമ്മൾ സമാധാനത്തെ കുറിച്ച് സംസാരിക്കണം. ലോകത്ത് സമാധാനം കൊണ്ടുവരണം. ഇന്ത്യൻ നയതന്ത്രം മികച്ചതാണ്. ഇന്ത്യയ്ക്ക് ഈ വിഷയത്തിൽ കൂടുതൽ പ്രധാനപ്പെട്ട പങ്ക് വഹിക്കാൻ കഴിയും. ഇപ്പോൾ നടക്കുന്ന യുദ്ധം ഇറാനെതിരെ മാത്രമല്ല, ഈ യുദ്ധം എല്ലാ മനുഷ്യർക്കും എതിരാണ്. അത് മുഴുവൻ ലോകത്തിനും എതിരാണ്. ഈ യുദ്ധം കാരണം വിവിധ രാജ്യങ്ങളിലെ നിരവധി ജനങ്ങൾ ഇപ്പോൾ ദുരിതമനുഭവിക്കുകയാണെന്നും ഇറാന്‍റെ പ്രതിനിധി പറഞ്ഞു.

പശ്ചിമേഷ്യയിലെ സംഘർഷം ആഗോള സാമ്പത്തിക വ്യവസ്ഥയെ സാരമായി ബാധിക്കുന്നുണ്ടെന്ന് ഇലാഹി മുന്നറിയിപ്പ് നൽകി. എണ്ണവില കുത്തനെ ഉയരുന്നത് ലോകമെമ്പാടുമുള്ള സാധാരണക്കാരെ ദുരിതത്തിലാക്കുകയാണ്. യുദ്ധം അവസാനിപ്പിക്കാൻ ലോകരാജ്യങ്ങളും മാധ്യമങ്ങളും ഒന്നിച്ച് ട്രംപിന് മേൽ സമ്മർദ്ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Scroll to load tweet…