ഐഎസ് അവരുടെ ടെലഗ്രാം ചാനലിലൂടെ 25 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവിട്ടു. മുഖം മറച്ച് ഏഴുപേരും നാഷണല്‍ തൗഹീദ് ജമാഅത്ത് നേതാവായ സഹ്റാന്‍ ഹാഷിമും ഉള്‍പ്പെട്ടെ എട്ടുപേരാണ് ദൃശ്യത്തിലുള്ളത്.

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ ആരാധനാലയങ്ങളിലും ആഡംബര ഹോട്ടലുകളിലും ചാവേറാക്രമണം നടത്തിയതിന് പിന്നില്‍ ഭീകരസംഘടനയായ ഐഎസ് തന്നെയാണെന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്ത്. ചാവേര്‍ ആക്രമണങ്ങള്‍ക്ക് പുറപ്പെടും മുമ്പ് ഭീകരര്‍ പ്രതിജ്ഞയെടുക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്.

ഐഎസ് തന്നെയാണ് അവരുടെ ടെലഗ്രാം ചാനലിലൂടെ 25 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവിട്ടത്. മുഖം മറച്ച് ഏഴുപേരും നാഷണല്‍ തൗഹീദ് ജമാഅത്ത് നേതാവായ സഹ്റാന്‍ ഹാഷിമും ഉള്‍പ്പെട്ടെ എട്ടുപേരാണ് ദൃശ്യത്തിലുള്ളത്. സെഹ്റാന്‍ ഹാഷിമാണ് മറ്റുള്ളവര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത്. അറബിയിലാണ് പ്രതിജ്ഞയെടുക്കുന്നത്. 

ചാവേറായി പൊട്ടിത്തെറിച്ച ഏഴംഗ സംഘത്തിലെ ഇൽഹാം ഇബ്രാഹിം, ഇൻഷാഫ് എന്നിവര്‍ ഒരു കുടുംബത്തില്‍നിന്നുള്ളവരാണ്. 
പൊലീസ് വീട് റെയ്ഡ് ചെയ്യവേ പിടി കൊടുക്കാതിരിയ്ക്കാന്‍ ഇൽഹാമിന്‍റെ ഗർഭിണിയായ ഭാര്യ ഫാത്തിമ, വീട്ടിൽ ബോംബ് സ്ഫോടനം നടത്തി. സ്‌ഫോടനത്തിൽ, ഫാത്തിമ, അവരുടെ ഗർഭാവസ്ഥയിലുള്ള കുഞ്ഞ്, മൂന്ന് കുട്ടികൾ, മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ കൊല്ലപ്പെട്ടു. 

നാഷണല്‍ തൗഹീദ് ജമാഅത്ത് നേതാവ് സെഹ്‌റാൻ ഹാഷിമാണ്പദ്ധതിയുടെ സൂത്രധാരൻ എന്നാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ പറയുന്നത്. ഭീകരാക്രമണത്തിന് പുറത്ത്നിന്നുള്ള സഹായം ലഭിച്ചെന്നും ശ്രീലങ്കന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഹാഷിമും ചാവേറായി കൊല്ലപ്പെട്ടിരുന്നു. ഹാഷിമിന്‍റെ പ്രകോപനപരമായ പ്രസംഗ വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സെഹ്റാന്‍ ഹാഷിം ഭീകരനാണെന്ന് ശ്രീലങ്കയിലെ മുസ്ലിം സംഘടനകള്‍ അധികൃതരെ അറിയിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ നടപടിയെടുത്തിരുന്നില്ല.

Scroll to load tweet…