Asianet News MalayalamAsianet News Malayalam

മലയാളികളടക്കം 900 ഐഎസ് ഭീകരർ അഫ്‍ഗാനിസ്ഥാനില്‍ കീഴടങ്ങിയെന്ന് റിപ്പോർട്ട്

ഇവരിൽ പത്തോളം ഇന്ത്യക്കാരും അവരിൽത്തന്നെ ഭൂരിഭാ​ഗം മലയാളികളുമാണെന്നാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. അവശേഷിക്കുന്നവരിൽ ഭൂരിഭാ​ഗം പാകിസ്ഥാനികളാണ്. 

isis afiliates surrendered at afgan including from kerala
Author
Afghanistan, First Published Nov 25, 2019, 1:09 PM IST

അഫ്​ഗാൻ: 900 ഐഎസ് ഭീകരർ അഫ്​ഗാൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇവരിൽ പത്തോളം ഇന്ത്യക്കാരും അവരിൽത്തന്നെ ഭൂരിഭാ​ഗം മലയാളികളുമാണെന്നാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. അവശേഷിക്കുന്നവരിൽ ഭൂരിഭാ​ഗം പാകിസ്ഥാനികളാണ്. അഫ്​ഗാൻ ദേശീയ സുരക്ഷാ സേന ഭീകരർക്കെതിരെ പൊരുതുന്ന കിഴക്കൻ പ്രവിശ്യയായ നങ്കർഹറിലാണ് ഇത്രയധികം ഭീകരവാദികൾ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയിരിക്കുന്നത്. ഹിന്ദുസ്ഥാൻ ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തിട്ടുളളത്. 

റിപ്പോർട്ട് അനുസരിച്ച് പിടിയിലായ പത്ത് ഇന്ത്യക്കാരിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടുന്ന കുടുംബങ്ങളുമുണ്ട്. ഇവരിൽ ഭൂരിഭാ​ഗം പേരും കേരളത്തിൽ നിന്നുള്ളവരാണ്. ഇവരെ കാബൂളിലേക്ക് മാറ്റിയതായി റിപ്പോർട്ടുണ്ട്. അതേ സമയം കീഴടങ്ങിയ ഭീകരരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ രഹ‌സ്യ അന്വേഷണ ഏജൻസി ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. ''ഇവരെ ഓരോരുത്തരെയായി ‍ഞങ്ങൾ വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. ഈ പ്രകിയ പൂർത്തിയാകുന്നതോടെ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും.'' അന്വേഷണ ഉദ്യോ​ഗസ്ഥൻ വെളിപ്പെടുത്തി.  

നവംബർ 12 ന് സൈന്യത്തിന് മുന്നിൽ 93 ഭീകരർ ആയുധം വച്ച് കീഴടങ്ങിയിരുന്നു. അവരിൽ 13 പേർ പാകിസ്ഥാനി ദേശീയവാദികളായിരുന്നു. അഫ്​ഗാനിൽ പ്രത്യേക ദൗത്യ സേന നടത്തിയ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. നങ്കർഹർ കേന്ദ്രീകരിച്ച് ഇന്ത്യയിൽ നിന്നുള്ള നിരവധി ഐഎസ് ഭീകരർ സജീവമാണെന്ന് സൈന്യത്തിന് റിപ്പോർട്ട് ലഭിച്ചിരുന്നു. 2016 ൽ കേരളത്തിൽ നിന്നുള്ള സംഘം ഐ എസിൽ ചേരാൻ വേണ്ടി അഫ്​ഗാനിലേക്ക് പുറപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. പിന്നീട് ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്തെത്തിയിട്ടില്ല. ഇതിന് ശേഷമാണ് നങ്കർഹറിൽ കീഴടങ്ങിയവരിൽ മലയാളികളുമുണ്ടെന്ന വാർത്ത പുറത്ത് വന്നിരിക്കുന്നത്.  

Follow Us:
Download App:
  • android
  • ios