ഐഎസിന്‍റെ ആസ്ഥാനം അഫ്ഗാനിസ്ഥാനിലേക്ക് മാറ്റുന്നുവെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി. ഇന്ത്യ, പാകിസ്ഥാന്‍, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ഭീഷണി.
ദില്ലി: ഐഎസ് തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്ലാമിക് സ്റ്റേറ്റ് അഫ്ഗാനിസ്ഥാനിലേക്ക് കളംമാറ്റുന്നുവെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് സരീഫ്. ഐഎസിന്‍റെ വളര്‍ച്ച ഇന്ത്യ, പാകിസ്ഥാന്‍, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ഭീഷണിയാണെന്നും ഐഎസിനെ തുരത്താന്‍ ഈ രാജ്യങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും സരീഫ് പറഞ്ഞു. ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ജവാദ് സരീഫിന്‍റെ വെളിപ്പെടുത്തല്‍.
ഐഎസിന്‍റെ പുനര്‍ജീവനം ഇന്ത്യയെയും ഇറാനെയും പാകിസ്ഥാനെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നു. ഐഎസിന്‍റെ ആസ്ഥാനം സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നും അഫ്ഗാനിസ്ഥാനിലേക്ക് മാറ്റുകയാണ്. ഇത് ഒരു രാജ്യത്തിന് മാത്രമല്ല എല്ലാവര്‍ക്കും ഭീഷണിയാണെന്ന് ജവാദ് സരീഫ് പറഞ്ഞു. അഫ്ഗാന്‍ കേന്ദ്രീകരിക്കുന്ന ഐഎസ് തജിക്കിസ്ഥാനിലും ഉസ്ബസ്കിസ്ഥാനിലും ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഇത് വളരെ ഗൗരവകരമായ കാര്യമാണ്. ഐഎസിന്‍റെ കളംമാറ്റം സംബന്ധിച്ചും അതുയര്‍ത്തുന്ന ഭീഷണിയെക്കുറിച്ചും ഇന്ത്യയിലെ സുഹൃത്തുക്കളുമായി നിരന്തരം ചര്‍ച്ച ചെയ്യുന്നുണ്ട്. പാകിസ്ഥാനുമായും റഷ്യയുമായും ചൈനയുമായും ബന്ധപ്പെടുന്നുണ്ട്. ഈ പ്രതിസന്ധി നമ്മളെ ഒരുമിപ്പിക്കും'- സരീഫ് പറഞ്ഞു. നമ്മുടെ രക്ഷയ്ക്ക് അമേരിക്ക എത്തില്ലെന്നും നാം സ്വയം സഹായിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ നിന്നുള്ള രണ്ട് ഡസനോളം വരുന്ന ഐഎസ് ഭീകരര്‍ ഇന്ത്യന്‍ ഏജന്‍സികളെ കബളിപ്പിക്കാനായി ഇറാനെ മാര്‍ഗമായി തെരഞ്ഞെടുക്കുന്നതായി എന്‍ഐഎ കണ്ടെത്തിയിട്ടുണ്ടെന്നും ജവാദ് സരീഫ് അറിയിച്ചു.
