തോഷഖാന അഴിമതി കേസിലെ മൂന്ന് വർഷം തടവ്ശിക്ഷ മരവിപ്പിച്ച് ഇസ്ലാമാബാദ് ഹൈക്കോടതി. ഇമ്രാൻ ഖാൻ നൽകിയ അപ്പീലിലാണ് കോടതിയുടെ നിർണ്ണായക വിധി.
ഇസ്ലാമാബാദ്: തോഷഖാന അഴിമതി കേസിലെ ഇമ്രാൻ ഖാന്റെ മൂന്ന് വർഷം തടവു ശിക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി മരവിപ്പിച്ചു. ഇമ്രാൻ ഖാൻ നൽകിയ അപ്പീലിലാണ് കോടതിയുടെ നിർണ്ണായക വിധി. പ്രധാനമന്ത്രിയായിരിക്കുമ്പോൾ കിട്ടിയ വിലയേറിയ സമ്മാനങ്ങൾ പൊതുഖജാനാവിൽ എൽപിക്കാതെ മറിച്ചു വിറ്റ് വലിയ രീതിയിൽ ലാഭമുണ്ടാക്കി എന്ന അരോപണമാണ് തോഷഖാന അഴിമതി കേസിന്റെ അടിസ്ഥാനം.
2018 മുതൽ 22 വരെയുള്ള കാലയളവിൽ പാകിസ്ഥാൻ സന്ദർശിച്ച അതിഥികളിൽ നിന്നും പ്രധാനമന്ത്രിയെന്ന നിലയിൽ പാരിതോഷികങ്ങൾ വാങ്ങി മറിച്ച് വിറ്റുവെന്നാണ് കേസ്. 6,35,000 ഡോളർ വിലമതിക്കുന്ന പാരിതോഷികങ്ങൾ വാങ്ങുകയും മറിച്ച് വിൽക്കുകയും ചെയ്തുവെന്ന പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇമ്രാനെതിരെ ആദ്യം നടപടി എടുത്തത്.
കേസിൽ മൂന്ന് വർഷത്തെ തടവ് ശിക്ഷയാണ് ഇമ്രാൻ ഖാന് വിചാരണ കോടതി വിധിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് ശിക്ഷ വിധി വന്നത്. ഈ വിധിയെതുടർന്ന് ഇമ്രാൻ ഖാനെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുകയും ജയിലിൽ അടക്കുകയും ചെയ്തിരുന്നു. ശിക്ഷ അനുഭവിച്ചുവരുന്ന സമയത്താണ് അദ്ദേഹം വിചാരണ കോടതി വിധിക്കെതിരെ അപ്പീൽ നൽകിയത്.
