ഇന്ത്യ ഒരു ആഗോള സൂപ്പർ പവർ ആണെന്നും പ്രതിരോധം, ഭീകരവാദ വിരുദ്ധ പ്രവർത്തനം തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാണെന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിഡിയോൺ സാർ പറഞ്ഞു.  

ദില്ലി: ഇന്ത്യ ഒരു 'ആഗോള സൂപ്പർ പവർ' ആണെന്നും, രണ്ട് ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം പ്രതിരോധം, നവീകരണം, ഭീകരവാദ വിരുദ്ധ പ്രവർത്തനം, വ്യാപാരം എന്നീ മേഖലകളിൽ മുമ്പെന്നത്തേക്കാളും ശക്തമാണ് എന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിഡിയോൺ സാർ. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മധ്യേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യത്തിൽ ഇന്ത്യ-ഇസ്രായേൽ പങ്കാളിത്തത്തിനുള്ള പ്രാധാന്യം ഊന്നിപ്പറഞ്ഞായിരുന്നു ഇസ്രായേൽ മന്ത്രിയുടെ പ്രതികരണം.

പ്രതിരോധ സഹകരണവും സമാധാന നീക്കങ്ങളും

പരസ്പരം ബന്ധം ഞങ്ങൾ നിരന്തരം മെച്ചപ്പെടുന്നു. ഇന്ത്യയുടെ സൗഹൃദത്തിന് ഞങ്ങൾ നന്ദിയുള്ളവരാണ്, സാർ പറഞ്ഞു. പ്രതിരോധ സഹകരണത്തിനായി ഇരു രാജ്യങ്ങളും ഒരു ധാരണാപത്രം ഒപ്പിടാൻ ഒരുങ്ങുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഞങ്ങൾ പ്രതിരോധം, കൃഷി, സമ്പദ്‌വ്യവസ്ഥ എന്നീ മേഖലകളിൽ മുന്നോട്ട് പോവുകയാണ് ഈ ബന്ധം ശക്തമാക്കാൻ ഞങ്ങൾക്ക് എപ്പോഴും ആഗ്രഹമുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലച്ചുപോയ ഗാസ സമാധാന പ്രക്രിയയെക്കുറിച്ച് സംസാരിച്ച സാർ, സ്ഥിരത നിലനിർത്തേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ട്രംപിന്റെ സമാധാന പദ്ധതിയാണ് നിലവിലുള്ള ഏക മാർഗ്ഗം. ഇതൊരു ഘട്ടംഘട്ടമായും യാഥാർത്ഥ്യബോധമുള്ളതും ആയി നടപ്പിലാക്കാൻ കഴിയുന്ന പദ്ധതിയാണ്. ഒരു ലോക നേതാവ് എന്ന നിലയിൽ, ഇത് ട്രാക്കിൽ നിലനിർത്തുന്നതിൽ ഇന്ത്യക്ക് പ്രധാന പങ്കുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

പലസ്തീൻ രാഷ്ട്രം

ഏറെ ചർച്ചചെയ്യപ്പെടുന്ന പലസ്തീൻ ഇസ്രയേൽ പ്രശ്ന പരിഹാരത്തെക്കുറിച്ച് ചോദിച്ചപ്പോൾ വിദേശകാര്യ മന്ത്രി കർശന നിലപാട് സ്വീകരിച്ചു. ഇന്ന് ഞങ്ങളുടെ സുരക്ഷയെ അപകടത്തിലാക്കുന്ന ഒരു പലസ്തീൻ രാഷ്ട്രം സ്ഥാപിക്കാൻ ഞങ്ങൾക്ക് കഴിയില്ലെന്നായിരുന്നു അദ്ദേഹർത്തിന്റെ വാക്കുകൾ. ഗാസ മുതൽ ലെബനൻ, യെമൻ വരെ ഇറാന്റെ പിന്തുണയുള്ള 'ഭീകര രാഷ്ട്രങ്ങൾ' ഇപ്പോഴും മധ്യേഷ്യയിൽ നിലനിൽക്കുന്നുണ്ട്. ട്രംപ് മുന്നോട്ടുവയ്ക്കുന്ന പ്ലാൻ ഒരു പലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന് പറയുന്നില്ല. അത് സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഞങ്ങൾ മുൻകാല തെറ്റുകളിൽ നിന്ന് പഠിച്ചു, അത് ആവർത്തിക്കില്ലെന്നും ഗാസയിലെ ഹമാസിൻ്റെ സൈനിക ശക്തി ഇല്ലാതാക്കുകയും ഭരണം മാറ്റുകയും ചെയ്യുക എന്നതാണ് ഇസ്രായേലിൻ്റെ ലക്ഷ്യമെന്നും സാർ ആവർത്തിച്ചു.

ഭീകരവാദത്തിനെതിരെ പങ്കാളിത്തം

ഭീകരതയുടെ ഒരേ വേദനയും അനുഭവവും ഇന്ത്യയും ഇസ്രായേലും പങ്കുവെക്കുന്നുവെന്നും സാര്‍ പറഞ്ഞു. എല്ലായിടത്തും ഭീകരതയുണ്ട്, അത് ഇന്ത്യയിലെ ജനങ്ങളും നിർഭാഗ്യവശാൽ അറിയുന്നു. ഞങ്ങൾ ലഷ്‌കർ-എ-തൊയ്ബയെ പോലുള്ള സംഘടനകളെ ഭീകരവാദ ഗ്രൂപ്പുകളായി കണക്കാക്കുകയും ഇൻ്റലിജൻസ്, സാങ്കേതികവിദ്യ, പ്രതിരോധം എന്നിവയിൽ അടുത്ത സഹകരണം പുലർത്തുകയും ചെയ്യുന്നു. ഭീകരതയെ നേരിടുന്നതിൽ ഇസ്രായേലിനേക്കാൾ വലിയ അനുഭവം മറ്റൊരു രാജ്യത്തിനുമില്ല, അത് ഇന്ത്യയുമായി പങ്കുവെക്കാൻ ഞങ്ങൾ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇരു രാജ്യങ്ങളും തമ്മിൽ പ്രതിരോധ, ഇൻ്റലിജൻസ് പങ്കാളിത്തത്തിനായി പുതിയ ധാരണകൾ മുന്നോട്ട് വെക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.