പലസ്തീൻ തടവുകാരനെ ഇസ്രായേൽ സൈനികർ ക്രൂരമായി പീഡിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്ന സംഭവത്തിൽ, സൈന്യത്തിൻ്റെ മുൻ ഉന്നത അഭിഭാഷക മേജർ ജനറൽ യിഫാത്ത് ടോമർ-യെരുഷാൽമി അറസ്റ്റിലായി. രാഷ്ട്രീയ വിവാദങ്ങൾക്കിടെയാണ് അറസ്റ്റിലായത്.

ജറുസലേം: പലസ്തീൻ തടവുകാരനെ ഇസ്രായേൽ സൈനികർ ക്രൂരമായി പീഡിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്ന സംഭവത്തിൽ ഇസ്രയേൽ സൈന്യത്തിൻ്റെ മുൻ ഉന്നത അഭിഭാഷക അറസ്റ്റിൽ. ഇസ്രായേൽ പ്രതിരോധ സേനയുടെ (ഐഡിഎഫ്) മിലിട്ടറി അഡ്വക്കേറ്റ് ജനറൽ മേജർ ജനറൽ യിഫാത്ത് ടോമർ-യെരുഷാൽമിയാണ് അറസ്റ്റിലായത്. വീഡിയോ ചോർന്നതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കഴിഞ്ഞ ആഴ്ച ഇവർ രാജിവച്ചിരുന്നു.

ഇന്നലെ ഇവരെ കാണാതായതായി വാർത്തകൾ വന്നിരുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഇസ്രയേലിൽ ഉയർന്ന രാഷ്ട്രീയ വിവാദം ശക്തമായിക്കൊണ്ടിരിക്കെയാണ് ഇവരെ കാണാതായത്. തുടർന്ന് ടെൽ അവീവിന് വടക്ക് ഒരു കടൽത്തീരത്തോട് ചേർന്ന് പൊലീസ് വ്യാപക തിരച്ചിൽ നടത്തി. അധികം വൈകാതെ ഇവരെ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

2024 ഓഗസ്റ്റിൽ ഒരു ഇസ്രായേലി വാർത്താ ചാനലിൽ സംപ്രേഷണം ചെയ്ത ദൃശ്യങ്ങളെ ചൊല്ലിയാണ് വിവാദം. തെക്കൻ ഇസ്രായേലിലെ എസ്ഡി ടെയ്മാൻ സൈനിക താവളത്തിലെ റിസർവ് സൈനികരാണ് പലസ്തീൻ തടവുകാരനെ പീഡിപ്പിച്ചത്. ക്രൂരമായി മർദിക്കുകയും മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് മലദ്വാരത്തിൽ കുത്തുകയും ചെയ്തെന്നാണ് ആരോപണം. ഗുരുതരമായി പരിക്കേറ്റ പലസ്തീൻകാരനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ഇതിന് പിന്നാലെ അഞ്ച് സൈനികർക്കെതിരെ കേസെടുത്തെങ്കിലും പേര് വെളിപ്പെടുത്തിയിരുന്നില്ല. കുറ്റാരോപിതർ കുറ്റം നിഷേധിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയപ്പോഴും ഇവർ കുറ്റം നിഷേധിച്ചു. വിവാദ വീഡിയോ ചോർന്നതെങ്ങിനെയെന്ന് അന്വേഷിക്കാൻ കഴിഞ്ഞയാഴ്ച പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. അന്ന് മുതൽ സൈനിക അഡ്വക്കേറ്റ് ജനറലായ മേജർ ജനറൽ യിഫാത് ടോമർ-യെരുഷാൽമി അവധിയിലായിരുന്നു. ഇവരെ സ്ഥാനത്തേക്ക് തിരികെ വരാൻ അനുവദിക്കില്ലെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി നിലപാടെടുത്തതിന് പിന്നാലെയാണ് ഇവർ ജോലിയിൽ നിന്ന് രാജിവച്ചത്.