ബെയ്‌റൂട്ടിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടെന്നാണ് ഇസ്രയേൽ പ്രതിരോധ സേന സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്

ബെയ്റൂട്ട്: സായുധസംഘമായ ഹിസ്ബുല്ലയുടെ കമാൻഡർ ഫുആദ് ഷുക്കറിനെ വധിച്ചെന്ന് ഇസ്രയേൽ. ചൊവ്വാഴ്ച ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടെന്നാണ് ഇസ്രയേൽ പ്രതിരോധ സേന സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. എന്നാൽ ഹിസ്ബുല്ല ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഗോലാൻ കുന്നുകളിലെ റോക്കറ്റ് ആക്രമണത്തിന് ഉത്തരവാദി ഫുആദ് ഷുക്കറാണെന്ന് ഇസ്രയേൽ ആരോപിച്ചു.

"ഇസ്രായേൽ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ ഹിസ്ബുല്ലയെന്ന ഭീകരസംഘടനയുടെ ഏറ്റവും മുതിർന്ന സൈനിക കമാൻഡറും അതിന്‍റെ സ്ട്രാറ്റജിക് യൂണിറ്റിന്‍റെ തലവനുമായ ഫുആദ് ഷുക്കറിനെ ബെയ്റൂട്ടിൽ വധിച്ചു"- ഇസ്രയേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു.

12 കുട്ടികൾ കൊല്ലപ്പെട്ട വടക്കൻ ഇസ്രായേലിലെ ഫുട്ബോൾ മൈതാനത്തെ ആക്രമണത്തിന് പിന്നിൽ ഹിസ്ബുല്ലയാണെന്നാണ് ഇസ്രയേലിന്‍റെ ആരോപണം. ഫാലഖ്-1 എന്ന റോക്കറ്റ് തൊടുത്തുവിട്ടതിനെ തുടർന്ന് കുട്ടികൾ കൊല്ലപ്പെട്ടതിന് ഉത്തരവാദി കമാൻഡറായിരുന്ന ഫുആദ് ഷുക്കറാണെന്നാണ് ഇസ്രയേലിന്‍റെ ആരോപണം. ഇസ്രായേലികളുടെയും മറ്റ് പലരുടെയും രക്തം ഫുആദിന്‍റെ കൈകളിൽ പതിഞ്ഞിട്ടുണ്ടെന്നാണ് സൈനിക വക്താവ് റിയർ അഡമിറൽ ഡാനിയൽ ഹഗാരി പറഞ്ഞത്. ഗാസ യുദ്ധം ആരംഭിച്ചതു മുതൽ ഇസ്രയേലിനെതിരായ ഹിസ്ബുല്ലയുടെ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയത് ഷുക്കറാണെന്നും ഇസ്രയേൽ സൈന്യം ആരോപിച്ചു.

ഇന്ന് രാവിലെ ഹമാസ് തലവൻ ഇസ്മായീൽ ഹനിയ്യയും കൊല്ലപ്പെട്ടു. ഇറാന്‍റെ തലസ്ഥാനമായ ടെഹ്‌റാനിൽ വെച്ചാണ് കൊല്ലപ്പെട്ടത്. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്‌കിയന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനാണ് ചൊവ്വാഴ്ച ഹനിയ്യ ടെഹ്‌റാനിലെത്തിയത്. ചടങ്ങിന് മുൻപ് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ന് രാവിലെയാണ് ഹനിയ്യ താമസിച്ച കെട്ടിടത്തിന് നേരെ ആക്രമണമുണ്ടായതെന്ന് ഇറാൻ സൈന്യമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) പ്രസ്താവനയിൽ അറിയിച്ചു. ഹനിയ്യയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടു. 

ആക്രമണത്തിന് പിന്നിൽ ഇസ്രായേലാണെന്ന് ഹമാസ് ആരോപിച്ചു. ചതിനിറഞ്ഞ സയണിസ്റ്റ് ആക്രമണത്തിലാണ് ഹനിയ്യ കൊല്ലപ്പെട്ടതെന്നാണ് ഹമാസ് പ്രസ്താവനയിൽ പറഞ്ഞത്. എന്നാൽ ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. നേരത്തെ ഇസ്രായേൽ ഗാസയിൽ നടത്തിയ ആക്രമണത്തിൽ ഹനിയ്യയുടെ മക്കളും കൊച്ചുമക്കളും കൊല്ലപ്പെട്ടിരുന്നു.

Scroll to load tweet…

ഹമാസ് തലവൻ കൊല്ലപ്പെട്ടു; ആക്രമണമുണ്ടായത് ഇറാനിൽ പ്രസിഡന്‍റിന്‍റെ സത്യപ്രതിജ്ഞയ്ക്കെത്തിയപ്പോൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം