ഇറാനുമായുള്ള വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷവും ലെബനനെതിരായ ആക്രമണം ഇസ്രായേൽ ശക്തമാക്കി. ബെയ്‌റൂട്ടിൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ള നേതാവ് നയിം ഖാസിമിന്റെ അനന്തരവനും പേഴ്‌സണൽ സെക്രട്ടറിയുമായ അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തിയതായി ഇസ്രായേൽ അവകാശപ്പെട്ടു. 

ടെൽ അവീവ്: ഇറാനുമായുള്ള യുഎസ്-ഇസ്രായേൽ യുദ്ധത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ലെബനനിനെതിരായ ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു. ബെയ്‌റൂട്ടിൽ രാത്രി നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ള നേതാവ് നയിം ഖാസിമിന്റെ അനന്തരവനെ കൊലപ്പെടുത്തിയതായി ഇസ്രായേൽ അവകാശവാദമുന്നയിച്ചു. ഐ.ഡി.എഫ് ബെയ്‌റൂട്ട് പ്രദേശത്ത് ആക്രമണം നടത്തിയെന്നും ഹിസ്ബുള്ള സെക്രട്ടറി ജനറൽ നയിം ഖാസിമിന്റെ അനന്തരവനും പേഴ്‌സണൽ സെക്രട്ടറിയുമായ അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തിയെന്നും സൈന്യം പറഞ്ഞു.

ഖാസെമിന്റെ അടുത്ത സഹപ്രവർത്തകനും വ്യക്തിപരമായ ഉപദേഷ്ടാവും ആയിരുന്നു ഹർഷിയെന്നും ഇസ്രായേൽ സൈന്യം പറഞ്ഞു. ബുധനാഴ്ച മുന്നറിയിപ്പില്ലാതെ മധ്യ ബെയ്‌റൂട്ടിലെ വാണിജ്യ, റെസിഡൻഷ്യൽ മേഖലകളിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 182 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് ശേഷമാണ് ഈ ആക്രമണം ഉണ്ടായതെന്ന് ലെബനൻ പറയുന്നു.

ബെയ്‌റൂട്ട്, തെക്കൻ ലെബനൻ, കിഴക്കൻ ബെക്ക താഴ്‌വര എന്നിവിടങ്ങളിലായി 10 മിനിറ്റിനുള്ളിൽ 100-ലധികം ഹിസ്ബുള്ള കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഇറാനുമായുള്ള യുഎസ്-ഇസ്രായേൽ യുദ്ധത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ആക്രമണങ്ങൾ നടന്നത്. ലെബനൻ തീവ്രവാദികളായ ഹിസ്ബുള്ള ഗ്രൂപ്പ് കാരണമാണ് ലെബനനെ കരാറിൽ ഉൾപ്പെടുത്താത്തതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിബിഎസ് ന്യൂസ് അവറിനോട് പറഞ്ഞു. ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയുമായുള്ള യുദ്ധത്തിലേക്ക് കരാർ വ്യാപിക്കുന്നില്ലെന്ന് ഇസ്രായേൽ പറഞ്ഞിരുന്നു.