ബെഞ്ചമിൻ നെതന്യാഹുവിന്റെ പാർട്ടിയായ ലികുദ് പാർട്ടി 28 സീറ്റുകളിലാണ് മുന്നേറുന്നത്. പ്രതിപക്ഷസഖ്യത്തെ നയിക്കുന്ന യാഷാർ പാർട്ടി 21 സീറ്റുകളിലും ഒറ്റയ്ക്ക് മുന്നേറുന്നുണ്ട്. ഇസ്രയേൽ പാർലമെന്റായ നെസെറ്റിൽ ആകെ 120 സീറ്റുകളാണുള്ളത്. 61 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം.
ജെറുസലേം: ഇസ്രയേൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ലികുദ് പാർട്ടി നയിക്കുന്ന സഖ്യത്തിന് മുന്നേറ്റം. 42 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ഭരണപക്ഷം 57 സീറ്റുകളിലാണ് മുന്നേറുന്നത്. പ്രതിപക്ഷ സഖ്യം 47 സീറ്റുകളിലും മുന്നേറുന്നു. ബാക്കി സീറ്റുകളിൽ അറബ് പാർട്ടികൾക്കാണ് ലീഡ്.
ബെഞ്ചമിൻ നെതന്യാഹുവിന്റെ പാർട്ടിയായ ലികുദ് പാർട്ടി 28 സീറ്റുകളിലാണ് മുന്നേറുന്നത്. പ്രതിപക്ഷസഖ്യത്തെ നയിക്കുന്ന യാഷാർ പാർട്ടി 21 സീറ്റുകളിലും ഒറ്റയ്ക്ക് മുന്നേറുന്നുണ്ട്. ഇസ്രയേൽ പാർലമെന്റായ നെസെറ്റിൽ ആകെ 120 സീറ്റുകളാണുള്ളത്. 61 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. അതേസമയം, ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ. ഈ സാഹചര്യത്തിൽ അറബ് പാർട്ടികളുടെ നിലപാട് നിർണായകമായേക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, എന്തുവന്നാലും അറബ് പാർട്ടികളുമായി ചേർന്ന് സർക്കാർ രൂപീകരിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. വലതുപക്ഷത്തിന്റെ ശക്തമായ സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നും അറബ് പാർട്ടികളുമായി ചേർന്ന് സർക്കാർ രൂപീകരിക്കുമോ എന്ന ചോദ്യം പോലും ഉദിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ ഇസ്രയേൽ തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന് കരുത്തേകിയത് തന്റെ പിന്തുണയാണെന്ന് അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. പ്രസിഡന്റ് ട്രംപ് ബിബിയെ പിന്തുണച്ചതോടെ കാര്യങ്ങൾ മാറിമറഞ്ഞു. പ്രധാനമന്ത്രിയായ നെതന്യാഹുവിന് കനത്ത പരാജയം നേരിടേണ്ടിവരുന്നതിന് പകരം ഇപ്പോൾ തുല്യനിലയിലേക്കോ വിജയത്തിലേക്കോ എത്തുന്നു. പശ്ചിമേഷ്യയ്ക്കും ഇസ്രയേലിനും യുഎസിനും നല്ലത് മാത്രം ആഗ്രഹിക്കുന്ന താൻ നെതന്യാഹുവിനെ പിന്തുണച്ചതിന് ശേഷമാണ് ഇതെല്ലാം സംഭവിച്ചതെന്നും ട്രംപ് സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
നേരത്തേ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ എക്സിറ്റ് പോൾ ഫലങ്ങളിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം പ്രവചിച്ചിരുന്നില്ല. മൂന്ന് പ്രധാന ടിവി ചാനലുകളുടെ എക്സിറ്റ് പോളുകളിൽ നെതന്യാഹുവിന്റെ ലികുദ് പാർട്ടി 27 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് പ്രവചിക്കുന്നുണ്ടെങ്കിലും ലികുദ് പാർട്ടി ഉൾപ്പെടുന്ന ഭരണസഖ്യം കേവല ഭൂരിപക്ഷം നേടുമെന്ന് പറയുന്നില്ല. നെതന്യാഹുവിന്റെ ഭരണപക്ഷവും മുൻ സൈനിക മേധാവി ഗാഡി ഐസൻകോട്ട് നേതൃത്വം നൽകുന്ന പ്രതിപക്ഷവും 51 സീറ്റുകൾ വീതം നേടി തുല്യപോരാട്ടമാകുമെന്നാണ് എക്സിറ്റ് പോൾ ഫലസൂചനകൾ. അതേസമയം, ചില എക്സിറ്റ്പോളുകൾ ഐസൻകോട്ടിന് നേരിയ മുൻതൂക്കം പ്രവചിച്ചിരുന്നു. 120 സീറ്റുകളുള്ള ഇസ്രയേൽ പാർലമെന്റായ നെസെറ്റിൽ 61 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. തെരഞ്ഞെടുപ്പിന്റെ അന്തിമഫലം പുറത്തുവരാൻ 48 മണിക്കൂറെങ്കിലും എടുക്കും. എക്സിറ്റ് പോളുകളിൽ തൂക്കുസഭയ്ക്കുള്ള സാധ്യത പ്രവചിച്ചതോടെ ഇസ്രയേലിലെ അറബ് പാർട്ടികളുടെ നിലപാടും നിർണായകമാകും.
2023 ഒക്ടോബർ ഏഴിന് രാജ്യത്തിന് നേരേയുണ്ടായ ഹമാസ് ആക്രമണത്തിന് ശേഷം നടക്കുന്ന ആദ്യത്തെ തെരഞ്ഞെടുപ്പാണിത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഭരണസഖ്യവും മുൻ സൈനിക മേധാവി ഗാഡി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷസഖ്യവും തമ്മിലായിരുന്നു പ്രധാനമത്സരം. തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണവിഷയവും ഹമാസ് ആക്രമണവും ഇസ്രയേലിന്റെ സൈനിക നടപടികളുമായിരുന്നു. ഇസ്രയേലിന്റെ ശത്രുക്കൾക്കെതിരേ രാജ്യം സ്വീകരിച്ച സൈനിക നടപടികളും സൈനിക വിജയങ്ങളും ഉയർത്തിക്കാട്ടിയാണ് ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിൽ ഭരണപക്ഷമായ ലികുദ് പാർട്ടി തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത്. എന്നാൽ, ഒക്ടോബർ ഏഴിലെ സുരക്ഷാവീഴ്ചയടക്കമാണ് പ്രതിപക്ഷനേതാവായ ഐസൻകോട്ടും അദ്ദേഹത്തിന്റെ പാർട്ടിയായ യാഷാർ പാർട്ടിയും പ്രചാരണത്തിൽ മുഖ്യവിഷയമാക്കിയത്. 1200 പേർ കൊല്ലപ്പെടുകയും 251 പേരെ ബന്ദിയാക്കുകയും ചെയ്ത ഒക്ടോബർ 7 ആക്രമണത്തിൽ അന്വേഷണ കമ്മീഷൻ സ്ഥാപിക്കുമെന്നതാണ് ഐസൻകോട്ടിന്റെ പ്രധാന വാഗ്ദാനം. ഇതിനൊപ്പം ഗാസയുടെ ഭാവി, യുവാക്കൾക്ക് നിർബന്ധിത സൈനിക സേവനം തുടങ്ങിയ വിഷയങ്ങളും തെരഞ്ഞെടുപ്പിൽ ചർച്ചയായി.






