ഇസ്രയേലി പതാകയുടെ നിറങ്ങളിലുള്ള 229 വെള്ള, നീല ബലൂണുകളാണ് പറത്തിയത്.
ദില്ലി: ദില്ലിയിലെ ഇസ്രയേൽ എംബസയിലെ ജീവനക്കാർ 229 ബലൂണുകൾ ആകാശത്തേക്ക് പറത്തി. ലോകത്തെ പ്രധാന നഗരങ്ങളിൽ നടത്തിയ പരിപാടിയുടെ ഭാഗമായാണ് ദില്ലിയിലും ബലൂണുകൾ പറത്തിയത്. "ബലൂൺസ് ഓഫ് ഹോപ്പ്: ബ്രിംഗ് ദി ഹോസ്‌റ്റേജസ് ഹോം" എന്ന കാമ്പയിനിന്റെ ഭാഗമായിരുന്നു ബലൂണുകൾ പറത്തൽ. ഇസ്രയേലി പതാകയുടെ നിറങ്ങളിലുള്ള 229 വെള്ള, നീല ബലൂണുകളാണ് പറത്തിയത്. ഓരോന്നും ഹമാസ് ബന്ദികളാക്കിയവരെ പ്രതിനിധീകരിക്കുന്നതായി ജീവനക്കാർ പറഞ്ഞു. 'ഞങ്ങൾ ഒറ്റക്കെട്ടായി നിൽക്കുന്നു, ഞങ്ങളുടെ പ്രിയപ്പെട്ടവരെ സുരക്ഷിതമായി തിരികെ കൊണ്ടുവരുന്നത് വരെ വിശ്രമിക്കില്ല. ഓരോ ബലൂണും സ്വാതന്ത്ര്യത്തിനായുള്ള വിലാപത്തിന്റെ പ്രതീകങ്ങളാണ്' -ഇസ്രായേൽ എംബസി എക്‌സിൽ പങ്കിട്ട പോസ്റ്റിൽ പറഞ്ഞു.
Read More... 'ഹമാസിനെതിരെ, ഇസ്രയേലിനൊപ്പം'; പശ്ചിമേഷ്യ സംഘർഷത്തിൽ നിലപാട് മാറ്റില്ലെന്ന് കേന്ദ്രം
15-ലധികം രാജ്യങ്ങളിൽ നിന്ന് ബലൂണുകൾ പറത്തി. പ്രശ്നം സാർവത്രിക മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും ഭൂമിശാസ്ത്രപരമായ അതിരുകളാൽ ബന്ധിക്കപ്പെട്ടിട്ടില്ലെന്നും ഇസ്രയേൽ എംബസി വ്യക്തമാക്കി. ശനിയാഴ്ച, യുഎൻ ജനറൽ അസംബ്ലി പ്രമേയത്തിൽ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. പ്രമേയം അടിയന്തര മാനുഷിക വെടിനിർത്തലിന് ആഹ്വാനം ചെയ്യുകയും ഗാസ മുനമ്പിൽ മാനുഷിക സഹായം ആവശ്യപ്പെടുകയും ചെയ്തു.
ഗാസയിൽ ഇസ്രയേലി വ്യോമാക്രമണം ശക്തമാക്കിയതോടെ, ഗാസ മുനമ്പിലെ ഇന്റർനെറ്റ്, ഫോൺ സേവനങ്ങൾ ഏതാണ്ട് പൂർണ്ണമായ തടസ്സം നേരിട്ടു. ഇതോടെ 2.3 ദശലക്ഷം ഗസയിൽ പൂർണായും ഒറ്റപ്പെട്ടു. ഗാസയിൽ കരയുദ്ധം ആരംഭിക്കുമെന്നും ഇസ്രയേൽ വ്യക്തമാക്കി.
