Asianet News MalayalamAsianet News Malayalam

വടക്കന്‍ ഗാസയിലേക്ക് ഇസ്രയേല്‍ സൈന്യം, 13 ബന്ദികള്‍ കൊല്ലപ്പെട്ടെന്ന് ഹമാസ്, ആഷ്കലോണില്‍ റോക്കറ്റാക്രമണം

ഇതുവരെ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1500 കടന്നു

israel hamas war; israel army to Northern Gaza; 13 hostages killed by isreal says hamas, death toll increased
Author
First Published Oct 13, 2023, 5:48 PM IST

ടെല്‍ അവീവ്: വടക്കന്‍ ഗാസയിലേക്ക് ഇരച്ചുകയറാന്‍ തയ്യാറായി അതിര്‍ത്തിയില്‍ ഇസ്രയേല്‍ സൈന്യം സജ്ജമായിരിക്കെ 13 ബന്ദികള്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന വിവരം പുറത്തുവിട്ട് ഹമാസ്. ഇസ്രയേലിന്‍റെ വ്യോമാക്രമണത്തിലാണ് 13 ബന്ദികളും കൊല്ലപ്പെട്ടതെന്നും ഹമാസ് അവകാശപ്പെട്ടു. 150ലധികം ബന്ദികളാണ് ഹമാസിന്‍റെ പിടിയിലുള്ളത്. കൊല്ലപ്പെട്ട ബന്ദികളില്‍ വിദേശികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പലസ്തീൻ പ്രസിഡൻറ് മഹമ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി.

ഇതിനിടെ, ഇസ്രയേലിലെ അഷ്കലോണിനെ ലക്ഷ്യമിട്ട് വീണ്ടും റോക്കറ്റാക്രമണം ഉണ്ടായി. ഇതുവരെ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1500 കടന്നു. 13 ബന്ദികള്‍ കൊല്ലപ്പെട്ടുവെന്ന വിവരം പുറത്തുവന്നതോടെ ശേഷിക്കുന്ന ബന്ദികളെ രക്ഷപ്പെടുത്താന്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. വിവിധ രാജ്യക്കാരായ 150ലധികം പേരെയാണ് ഹമാസ് ബന്ദികളാക്കിവെച്ചിരിക്കുന്നത്. കൈക്കുഞ്ഞുങ്ങൾ മുതൽ വയോധികര്‍ വരെയുള്ള ബന്ദികളിൽ ആരൊക്കെ ജീവനോടെ ശേഷിക്കുന്നുവെന്ന് അറിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.

നൂറു കണക്കിന് ഇസ്രയേൽ പൗരന്മാരെ ഹമാസ് ബന്ദികൾ ആക്കി ഗാസയിലേക്ക് കൊണ്ടുപോകാൻ ഉദ്ദേശിച്ചിരുന്നുവെന്നും അവരിൽ പലരെയും കമാൻഡോ ഓപ്പറേഷനിലൂടെ മോചിപ്പിക്കുക ആയിരുന്നു എന്നുമാണ് ഇസ്രയേൽ സൈന്യം അറിയിച്ചിരിക്കുന്നത്. ഇതിന്‍റെ ദൃശ്യങ്ങൾ ഇസ്രയേൽ പുറത്തുവിട്ടു. അതേസമയം, ഇസ്രയേലിനു പിന്തുണയുമായി വിവിധ രാജ്യങ്ങളിൽ പ്രകടനങ്ങൾ തുടരുന്നതിനിടെ  പ്രാർത്ഥന ദിനമായ വെള്ളിയാഴ്ച പല നഗരങ്ങളിലും കൂറ്റൻ പലസ്തീൻ അനുകൂല പ്രകടനങ്ങളും അരങ്ങേറി.ക്രമസമാധാന പ്രശ്നം  ഉണ്ടാകാതിരിക്കാൻ പലസ്തീൻ അനുകൂല പ്രകടനങ്ങൾ നിരോധിക്കുകയാണെന്ന് ഫ്രാൻസ് പ്രഖ്യാപിച്ചു. നിരോധനത്തെ എതിർത്ത് തെറിവിലിറങ്ങിയവരും പോലീസും ഏറ്റുമുട്ടി.

വടക്കൻ ഗാസയിലെ 11 ലക്ഷം ജനങ്ങളോട് 24 മണിക്കൂറിനുള്ളിൽ നാട് വിടാൻ നേരത്തെ ഇസ്രയേൽ സൈന്യം നിർദേശിച്ചിരുന്നു. നിർദേശം അവഗണിച്ച് മേഖലയിൽ തന്നെ തുടരണമെന്ന് ഹമാസും ആവശ്യപ്പെട്ടു.ലക്ഷക്കണക്കിന് മനുഷ്യരെ ഒറ്റയടിക്ക് ഒഴിപ്പിക്കാനുള്ള ഇസ്രയേൽ തീരുമാനത്തെ ഐക്യരാഷ്ട്ര സഭ വിമർശിച്ചിരുന്നു. ഇതോടെ പലരും പ്രാണരക്ഷാർത്ഥം വീടുവിട്ടു തുടങ്ങി. ആളുകളോട് നാടുവിടാന്‍ പറഞ്ഞശേഷം വടക്കന്‍ ഗാസയില്‍ ഉള്‍പ്പെടെ ആക്രമണം രൂക്ഷമാക്കാനാണ് ഇസ്രയേല്‍ നീക്കം.
 

Follow Us:
Download App:
  • android
  • ios