ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം കടുത്തതോടെ പ്രാണരക്ഷാർത്ഥം വീടുവിട്ടവരുടെ എണ്ണം ഒന്നേകാൽ ലക്ഷം കടന്നു. 450 പേരാണ് ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടത്.

ടെൽ അവീവ് : ഗാസയിലേക്ക് ഇസ്രയേൽ കരമാർഗം സൈനിക നീക്കം നടത്തും. 48 മണിക്കൂറിനുള്ളിൽ ഇക്കാര്യത്തിൽ പ്രഖ്യാപനം ഉണ്ടായേക്കും. ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം കടുത്തതോടെ പ്രാണരക്ഷാർത്ഥം വീടുവിട്ടവരുടെ എണ്ണം ഒന്നേകാൽ ലക്ഷം കടന്നു. 450 പേരാണ് ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടത്. 

ബഹുനില കെട്ടിടങ്ങൾ മിക്കതും നിലംപൊത്തുകയും വൈദ്യുതി നിലയ്ക്കുകയും ചെയ്തതോടെ വലിയ മാനുഷിക ദുരന്തത്തിലേക്ക് നീങ്ങുകയാണ് ഗാസ. തുടർച്ചയായ രണ്ടാം ദിവസവും ഗാസയ്ക്കുമേൽ കനത്ത ബോംബ് വർഷം ഉണ്ടായി. ബഹുനില കെട്ടിടങ്ങൾ നിലംപൊത്തിയതോടെ ആയിരങ്ങൾ തെരുവിലായി. ഒന്നേകാൽ ലക്ഷം പേർ പ്രാണരക്ഷാർത്ഥം സ്‌കൂളുകളിലും ഹാളുകളിലും അഭയം തേടിയിരിക്കുന്നു. ഗാസയിലേക്കുള്ള ചരക്കുനീക്കവും ഇന്ധന നീക്കവും ഇസ്രയേൽ തടഞ്ഞതോടെ വെള്ളവും വെളിച്ചവും ഇല്ലാതാകുന്നു. ഗുരുതരമായി മുറിവേറ്റ് ആശുപത്രിയിൽ എത്തുന്ന പലരും ചികിത്സ കിട്ടാതെ മരണത്തിന് കീഴടങ്ങുന്നു. ഹമാസ് നേതാക്കളുടെ വീടുകളും ഹമാസ് ആസ്ഥാനവുമാണ് ആക്രമിച്ചതെന്ന് ഇസ്രായേൽ പറയുന്നു. എന്നാൽ ആയിരക്കണക്കിന് സാധാരണക്കാരുടെ വീടുകളും തരിപ്പണമായി. 

2005 വരെ ഇസ്രയേലിന്റെ സൈനിക സാന്നിധ്യം ഉണ്ടായിരുന്ന പ്രദേശമായിരുന്നു ഗാസ. ഇസ്രയേൽ സൈന്യം ഗാസയിൽ നിന്ന് പൂർണ്ണമായി പിന്മാറിയതിന് ശേഷമാണ് ഹമാസ് ഗാസയിൽ അധികാരത്തിലെത്തിയതും പ്രദേശം പൂർണ്ണമായി അവരുടെ നിയന്ത്രണത്തിൽ ആക്കുന്നതും. രാജ്യത്തിനുള്ളിൽ കടന്ന് ആക്രമണം നടത്തിയത് വലിയ തിരിച്ചടിയായി ഇസ്രായേൽ കരുതുന്നു. വ്യോമാക്രമണത്തിലൂടെ ഹമാസിന്റെ കേന്ദ്രങ്ങൾ തകർക്കാനും, കരമാർഗം ഗാസയിലെത്തി നിയന്ത്രണം പിടിക്കാനുമാണ് ലക്ഷ്യമിടുന്നത്. അധികം വൈകാതെ സൈനിക നീക്കം തുടങ്ങും. 

യുദ്ധവെറിയിൽ പശ്ചിമേഷ്യ; ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിൽ ചര്‍ച്ചകൾ സജീവം, ഗൾഫ് രാജ്യങ്ങളുമായും ചര്‍ച്ച നടത്തും