എബോള വ്യാപിക്കുന്ന പശ്ചാത്തലത്തിൽ യുഎഇ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. രാജ്യത്തെ പൊതുജനാരോഗ്യം സുരക്ഷിതമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു. കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ എന്നിവിടങ്ങളിലേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

ദുബായ്: മധ്യ ആഫ്രിക്കൻ രാജ്യങ്ങളിൽ 'എബോള' വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി യുഎഇ. യുഎഇയിലെ പൊതുജനാരോഗ്യനില ഭദ്രമാണെന്നും ദേശീയ ദുരന്തനിവാരണ വകുപ്പും ആരോഗ്യ മന്ത്രാലയവും അറിയിച്ചു. എബോള വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയവും ദേശീയ ദുരന്ത നിവാരണ സമിതിയും ചേർന്ന് രാജ്യത്ത് അതീവ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യുഎഇ യാത്രാ വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങൾ

വേനൽക്കാല അവധി മുന്നിൽക്കണ്ട് യാത്രകൾ പ്ലാൻ ചെയ്യുന്ന സ്വദേശികളും പ്രവാസികളും ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു. അത്യാവശ്യ കാര്യങ്ങൾക്കൊഴികെ താഴെ പറയുന്ന മൂന്ന് രാജ്യങ്ങളിലേക്കുമുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കാനാണ് നിർദ്ദേശം. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ എന്നീ രാജ്യങ്ങളിലാണ് എബോള ബാധ റിപ്പോര്‍ട്ട് ചെയ്തത്. യുഎഇയിലെ പൊതുജനാരോഗ്യ സാഹചര്യം നിലവിൽ പൂർണ്ണമായും സുരക്ഷിതവും സുസ്ഥിരവുമാണെന്ന് ആരോഗ്യ മന്ത്രി അഹമ്മദ് അലി അൽ സായിഗിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം വിലയിരുത്തി. എങ്കിലും മുൻകരുതലിന്റെ ഭാഗമായി താഴെ പറയുന്ന നടപടികൾ ശക്തമാക്കിയിട്ടുണ്ട്.

വിമാനത്താവളങ്ങളിലും അതിർത്തികളിലും നിരീക്ഷണം കർശനമാക്കി. രോഗബാധിത പ്രദേശങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാരെ നിരീക്ഷിക്കാൻ പ്രത്യേക സജ്ജീകരണം ഏർപ്പെടുത്തിയിരുന്നു. എബോള വൈറസ് മുൻകൂട്ടി കണ്ടെത്തുന്നതിനുള്ള ലബോറട്ടറികളും ആശുപത്രികളും സജ്ജമാക്കി. സോഷ്യൽ മീഡിയ വഴി ആഗോളതലത്തിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ വീഴരുതെന്നും, മന്ത്രാലയത്തിന്റെ ഔദ്യോഗിക വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്നും യുഎഇ നിവാസികളോട് അധികൃതർ ആവശ്യപ്പെട്ടു.

'ബുണ്ടിബുഗ്യോ' എബോള വകഭേദം?

'ബുണ്ടിബുഗ്യോ' എന്ന അപൂർവ്വവും മാരകവുമായ എബോള വകഭേദമാണ് ഇപ്പോൾ പടരുന്നത്. 2007-ൽ ഉഗാണ്ടയിലാണ് ഈ വകഭേദം ആദ്യമായി കണ്ടെത്തിയത്.

എബോള വൈറസ് കോവിഡിനെയോ ഇൻഫ്ലുവൻസയെയോ പോലെ വായുവിലൂടെ പടരുന്ന രോഗമല്ല. രോഗബാധിതനായ ഒരു വ്യക്തിയുടെ രക്തം, തുപ്പൽ, മൂത്രം തുടങ്ങിയ ശരീരദ്രവങ്ങളുമായി നേരിട്ട് സമ്പർക്കത്തിൽ വരുന്നതിലൂടെയോ, അവർ ഉപയോഗിച്ച വസ്ത്രങ്ങൾ, സൂചികൾ എന്നിവയിലൂടെയോ മാത്രമേ വൈറസ് പടരൂ. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിന് മുൻപ്, അതായത് ലക്ഷണങ്ങളില്ലാത്ത അവസ്ഥയിൽ രോഗികളിൽ നിന്ന് മറ്റുള്ളവരിലേക്ക് വൈറസ് പടരാനുള്ള സാധ്യത വളരെ കുറവാണ്.

ശ്രദ്ധിക്കേണ്ട പ്രധാന രോഗലക്ഷണങ്ങൾ

വൈറസ് ശരീരത്തിൽ പ്രവേശിച്ച് 2 മുതൽ 21 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങാം. പ്രാരംഭ ലക്ഷണങ്ങൾ സാധാരണ പനിയുടേതിന് സമാനമായിരിക്കും. കടുത്ത പനി, കടുത്ത തലവേദന, അമിതമായ ക്ഷീണവും തളർച്ചയും, പേശി വേദനയും സന്ധി വേദനയും, ഛർദ്ദി, വയറിളക്കം എന്നിവയാണ് ലക്ഷണങ്ങൾ.