ഓക്സ്ഫഡ് സർവകലാശാല ആസ്ട്ര സെനേകയുമായി ചേർന്ന് വികസിപ്പിച്ചെടുത്ത വാക്സിന് കഴിഞ്ഞ ദിവസം യുകെ അംഗീകാരം നൽകിയതോടെ, ലോകരാജ്യങ്ങളിൽ പലതും തങ്ങളുടെ പൗരന്മാരെക്കൊണ്ട് എത്രയും പെട്ടെന്ന് പ്രതിരോധ കുത്തിവെപ്പ് എടുപ്പിക്കാനുള്ള ഭഗീരഥപ്രയത്നങ്ങൾക്ക് തുടക്കമിട്ടു. ഇക്കൂട്ടത്തിൽ ഏറ്റവും വേഗത്തിൽ പുരോഗമിക്കുന്ന ഒന്ന് ഇസ്രായേലിൽ നടക്കുന്ന വാക്സിനേഷൻ പരിപാടികളാണ്. ലോകം മുഴുവൻ ഉറ്റുനോക്കുന്ന 'വാക്സിനേഷൻ പദ്ധതി'യും ഒരു പക്ഷെ ഇസ്രായേലിന്റെ തന്നെയായിരിക്കും. 

ഒരൊറ്റ ആഴ്ച കൊണ്ടുതന്നെ 90 ലക്ഷത്തിനടുത്ത് ജനസംഖ്യയുള്ള ഈ രാജ്യം തങ്ങളുടെ ആകെ ജനസംഖ്യയുടെ പത്തു ശതമാനത്തിൽ അധികം പേരെയും വാക്സിനേറ്റ് ചെയ്തു കഴിഞ്ഞിരിക്കുകയാണ്. ഇത് ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ വാക്സിനേഷൻ നിരക്കാണ്. തങ്ങളേക്കാൾ രണ്ടാഴ്ച മുന്നേ തന്നെ പ്രതിരോധ കുത്തിവെപ്പ് പരിപാടി തുടങ്ങിയ യുകെയെപ്പോലും പിന്നിലാക്കിയാണ് വാക്സിനേഷന്റെ കാര്യത്തിൽ ഇസ്രായേൽ കുതിക്കുന്നത്. 

എന്താണ് ഇസ്രായേലിന്റെ പ്ലാൻ?

"നിങ്ങൾ വേണ്ടുംവിധം സഹകരിക്കാനൊരുക്കമാണെങ്കിൽ, ലോകത്തിൽ ആദ്യം കൊവിഡ് മുക്തമാകുന്ന രാജ്യം ഇസ്രായേൽ തന്നെ ആയിരിക്കും" എന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രാജ്യത്തെ പൗരന്മാർക്ക് നൽകിയിട്ടുള്ള വാഗ്ദാനം. അത് കണക്കാക്കിത്തന്നെ വാക്സിനേഷൻ  24x7 സെന്ററുകൾ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ് ഇസ്രായേലിൽ. 'ഫൈസർ-ബയോഎൻടെക്ക്' വാക്സിന്റെ ആദ്യ ഡോസ് ദിവസം ഒന്നര ലക്ഷം പേർക്ക് വീതമാണ് ഇസ്രായേൽ കൊടുത്തുകൊണ്ടിരിക്കുന്നത് എന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. അറുപത് വയസ്സിനു മേലെ പറയമുള്ള മുതിർന്ന പൗരന്മാർ, ആരോഗ്യവകുപ്പ് ജീവനക്കാർ, ഹൈ റിസ്ക് കാറ്റഗറിയിൽ ഉള്ളവർ എന്നിവർക്ക് മുൻഗണന കൊടുത്തുകൊണ്ടാണ് ഇപ്പോൾ രാജ്യത്ത് വാക്സിൻ കൊടുത്തുകൊണ്ടിരിക്കുന്നത്. 

വേഗത്തിനു പിന്നിലെ രഹസ്യം 

താരതമ്യേന ചെറിയ ഒരു രാജ്യമാണ് എന്നത് വാക്സിൻ വിതരണം വേഗത്തിലാക്കാൻ ഇസ്രായേലിനെ സഹായിക്കുന്നുണ്ട്. എന്നാൽ, ഇസ്രായേലിന്റെ അതേ വലിപ്പം തന്നെയുള്ള, ഏതാണ്ട് അത്രതന്നെ ജനസംഖ്യയുള്ള, അതേ ഭൂപ്രകൃതിയുളള പല രാജ്യങ്ങൾക്കും വാക്സിൻ വിതരണത്തിൽ ഇസ്രായേലിന്റെ ഏഴയലത്ത് എത്താൻ സാധിച്ചിട്ടില്ല. അതിന് ഒരു കാരണം, രാജ്യം രൂപീകരിക്കപ്പെട്ട അന്നുമുതൽക്ക് തന്നെ വേണ്ടത്ര നിക്ഷേപങ്ങൾ നടത്തി, വർഷങ്ങൾ മുമ്പേ മുഴുവനായും 'ഡിജിറ്റൽ' വൽക്കരിച്ച രാജ്യത്തെ ആരോഗ്യമേഖലയിലെ മികവുറ്റ സംവിധാനങ്ങളാണ്, ഇസ്രായേലിനെ മുൻപന്തിയിലെത്തിക്കുന്നത്. 

രാജ്യത്തെ സോഷ്യൽ മീഡിയയിൽ നിന്ന് വാക്സിൻ വിരുദ്ധ പ്രചാരണങ്ങളെ നീക്കം ചെയ്യാൻവേണ്ടി ഗവണ്മെന്റ് അടുത്തിടെ ഫേസ്ബുക്കിനെ നേരിട്ട് സമീപിച്ച് സഹായം തേടിയിരുന്നു. വാക്സിൻ എടുക്കുന്നവർക്ക് സമൂഹത്തിൽ നിയന്ത്രണങ്ങൾ കൂടാതെ ഇടപെടാൻ അവരെ പര്യാപ്തമാക്കുന്ന തരത്തിൽ ഒരു ഗ്രീൻ പാസ്പോർട്ട് നൽകിയും വാക്സിനേഷൻ പ്രവർത്തനങ്ങളിൽ പുരോഗതിയുണ്ടാക്കുന്നതിനെപ്പറ്റി ഗവണ്മെന്റ് ആലോചിക്കുന്നുണ്ട്. 2023 -ൽ ഇസ്രായേലിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതും വാക്സിനേഷനിലെ ഈ അത്യുത്സാഹത്തിന് കാരണമാണ് എന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നുണ്ട്.