ഒക്ടോബറിലോ നവംബറിലോ തെരഞ്ഞെടുപ്പ് നടക്കും. മൂന്ന് വർഷത്തിനിടെ അഞ്ചാം തവണയാണ് ഇസ്രയേൽ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്
ജറുസലേം: ഇസ്രയേൽ പാർലമെന്റ് പിരിച്ചുവിടും. എട്ടു പാർട്ടികൾ ഉൾപ്പെടുന്ന മുന്നണി ഭരണ സഖ്യം പിരിച്ചുവിടാൻ പ്രധാനമന്ത്രി നാഫ്‌തലി ബെന്നറ്റും വിദേശകാര്യ മന്ത്രി യൈർ ലിപിഡും ചേർന്ന് തീരുമാനിച്ചു. ഇത് പ്രകാരം യൈർ ലിപിഡ് കാവൽ പ്രധാനമന്ത്രിയാകും. ഇതോടെ ഇസ്രയേലിൽ വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങി. ഒക്ടോബറിലോ നവംബറിലോ തെരഞ്ഞെടുപ്പ് നടക്കും. മൂന്ന് വർഷത്തിനിടെ അഞ്ചാം തവണയാണ് ഇസ്രയേൽ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. മുൻപ് നടന്ന നാല് തെരഞ്ഞെടുപ്പുകളിലും ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടിയിരുന്നില്ല. യമിന പാർട്ടി നേതാവ് നാഫ്‌തലി ബെന്നറ്റ് കഴിഞ്ഞ വർഷം ജൂണിലാണ് പ്രധാനമന്ത്രിയായത്. 12 വർഷം നീണ്ട ബെഞ്ചമിൻ നെതന്യാഹു ഭരണം അവസാനിപ്പിച്ചായിരുന്നു നാഫ്‌തലി ബെന്നറ്റ് അധികാരമേറ്റത്. എന്നാൽ 120 അംഗ പാർലമെന്റിൽ ഭരണപക്ഷത്തെ എട്ട് പാർട്ടികൾക്കുമായി 61 സീറ്റ് മാത്രമാണ് ഉണ്ടായിരുന്നത്.
