പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശന വേളയിൽ, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പരമ്പരാഗത ഇന്ത്യൻ വസ്ത്രം ധരിച്ച് അത്താഴവിരുന്നിനെത്തി അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. മോദിയെ സഹോദരനെന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്
ടെൽ അവീവ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്തുള്ള അത്താഴത്തിന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എത്തിയത് പരമ്പരാഗത ഇന്ത്യൻ വസ്ത്രം ധരിച്ച്. തന്റെ സുഹൃത്തിന് ഒരു സർപ്രൈസ് നൽകിയതാണെന്ന് വീഡിയോ പങ്കുവച്ച് നെതന്യാഹു ഹിന്ദിയിൽ കുറിച്ചു- "ഞങ്ങളുടെ അത്താഴത്തിന് മുമ്പ്, പരമ്പരാഗത ഇന്ത്യൻ വസ്ത്രം ധരിച്ച് എന്റെ സുഹൃത്ത് പ്രധാനമന്ത്രി മോദിയെ ഞാൻ അത്ഭുതപ്പെടുത്തി" എന്നാണ് നെതന്യാഹുവിന്‍റെ കുറിപ്പ്. മോദിയുടെ ഇസ്രയേൽ സന്ദർശന വേളയിലാണ് ഇത്. മോദി ഇസ്രയേലിൽ പ്രത്യേക പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഇസ്രയേൽ പാർലമെന്റിനെ അഭിസംബോധന ചെയ്ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് അദ്ദേഹം. പ്രധാനമന്ത്രി മോദിയെ സുഹൃത്ത് എന്ന് വിശേഷിപ്പിച്ച നെതന്യാഹു, 2023 ഒക്ടോബർ 7-നുണ്ടായ ഹമാസ് ആക്രമണങ്ങൾക്ക് ശേഷം ഇസ്രായേലിനുള്ള ഇന്ത്യയുടെ പിന്തുണയെ പ്രശംസിച്ചു.
"പ്രധാനമന്ത്രിമാരും രാഷ്ട്രത്തലവന്മാരും ഇവിടെ വരാറുണ്ട്. നമുക്കെല്ലാവർക്കും എപ്പോഴും ആവേശകരമായ നിമിഷമാണ് അത്. പക്ഷേ പ്രിയ സുഹൃത്ത് നരേന്ദ്ര മോദിയുടെ സന്ദർശനം ഏറെ പ്രത്യേകതയുള്ളതാണ്. ഇസ്രയേലിന്റെ മികച്ച സുഹൃത്തും ലോക വേദിയിലെ മികച്ച നേതാവുമാണ് അദ്ദേഹം. നരേന്ദ്ര, സുഹൃത്തിലുപരി നിങ്ങൾ എനിക്ക് സഹോദരനാണ്"- നെതന്യാഹു പറഞ്ഞു. ഹമാസ് ആക്രമണത്തിന് ശേഷം ഇന്ത്യയുടെ പിന്തുണ എടുത്തു പറഞ്ഞ നെതന്യാഹു, അക്രമത്തെ അപലപിച്ച ആദ്യത്തെ ലോക നേതാക്കളിൽ പ്രധാനമന്ത്രി മോദിയുണ്ടെന്ന് പറഞ്ഞു- "ഒക്ടോബർ 7 ലെ ഭീകരമായ ആക്രമണത്തിന് തൊട്ടുപിന്നാലെ, നിങ്ങൾ ഇസ്രയേലിനെ ധാർമ്മികമായി പിന്തുണച്ചു. നിങ്ങൾ പതറിയില്ല, നിങ്ങൾ ഇസ്രയേലിനൊപ്പം നിന്നു, ജൂതന്മാർക്കൊപ്പം നിന്നു. നന്ദി" എന്നാണ് നെതന്യാഹു പറഞ്ഞത്.
ടെൽ അവീവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമാനത്താവളത്തിൽ ഇസ്രയേൽ പ്രധാനമന്ത്രിയും ഭാര്യ സാറ നെതന്യാഹുവും ഊഷ്മളമായി സ്വീകരിച്ചതിനിടെയുണ്ടായ രസകരമായ സംഭവവും വൈറലായി. പ്രധാനമന്ത്രി മോദിയുടെ പോക്കറ്റ് സ്ക്വയറിന്റെ നിറം ഭാര്യ സാറ നെതന്യാഹുവിന്റെ വസ്ത്രവുമായി ചേരുന്നുണ്ടെന്ന് പ്രധാനമന്ത്രി നെതന്യാഹു ചൂണ്ടിക്കാട്ടി. ഇത് കാവി നിറമാണെന്ന് മോദി അവരെ അറിയിച്ചു. പരമ്പരാഗത ഇന്ത്യൻ വസ്ത്രത്തിലാണ് മോദി ഇസ്രയേലിൽ എത്തിയത്. സാറ നെതന്യാഹു കാവി നിറത്തിലുള്ള സ്യൂട്ടാണ ധരിച്ചിരുന്നത്. സാറ നെതന്യാഹു ഇന്ത്യയെ അത്ഭുത രാജ്യമെന്നാണ് വിശേഷിപ്പിച്ചത്. രണ്ട് ദിവസത്തെ സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി പ്രസിഡന്‍റ് ഐസക് ഹെർസോഗുമായും കൂടിക്കാഴ്ച നടത്തും.


