Asianet News MalayalamAsianet News Malayalam

വടക്കൻ ഗാസയിലേക്ക് കടന്നുകയറി ഇസ്രയേൽ ടാങ്കുകൾ, കരമാർഗ്ഗവും ആക്രമണം തുടങ്ങി

ഗാസയിൽ ഇന്ധനം ഇന്നത്തോടെ തീരും. അതോടെ ആറു ലക്ഷം അഭയാർത്ഥികൾക്ക്  സഹായം നൽകിവരുന്ന യുഎൻ ഏജൻസികൾ പ്രവർത്തനം നിർത്തേണ്ടി വരും

Israel tanks went to North Gaza returned after attack kgn
Author
First Published Oct 26, 2023, 11:48 AM IST

ടെൽ അവീവ്: ഇസ്രയേലിന്റെ സൈനിക ടാങ്കുകൾ വടക്കൻ ഗാസയിലേക്ക് കടന്നുകയറി. ഇന്നലെ രാത്രിയാണ് നിരവധി യുദ്ധ ടാങ്കുകൾ ഗാസ അതിർത്തിയിൽ കയറി ഹമാസ് കേന്ദ്രങ്ങൾ ആക്രമിച്ച് തിരിച്ചെത്തിയതെന്ന് ഇസ്രയേൽ പറയുന്നു. വ്യോമാക്രമണം നടത്തി വന്ന ഇസ്രയേൽ കഴിഞ്ഞ ദിവസങ്ങളിൽ കരമാർഗ്ഗം ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഗാസയില്‍ കരയുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ഇന്നലെ ഇസ്രയേൽ ജനതയോട് പറഞ്ഞിരുന്നു.

അതിനിടെ ഇസ്രയേൽ ഹമാസ് യുദ്ധത്തിൽ ഇതുവരെ ഗാസയിൽ മാത്രം മരണം 6600 ആയി. സ്ഥിതി ചർച്ച ചെയ്ത യുഎൻ രക്ഷാസമിതി യോഗം നാലാം തവണയും സമവായത്തിൽ എത്താതെ പിരിഞ്ഞു. അമേരിക്ക അവതരിപ്പിച്ച പ്രമേയം ചൈനയും റഷ്യയും വീറ്റോ ചെയ്തതോടെയായിരുന്നു ഇത്. ഗാസയില്‍ വ്യോമാക്രമണം തുടരുകയാണ് ഇസ്രയേൽ. 24 മണിക്കൂറിനിടെ ഉണ്ടായ ആക്രമണത്തിൽ 756 പേർ കൊല്ലപ്പെട്ടെന്നാണ് വിവരം.

അതേസമയം ഗാസയിൽ ഇന്ധനം ഇന്നത്തോടെ തീരും. അതോടെ ആറു ലക്ഷം അഭയാർത്ഥികൾക്ക്  സഹായം നൽകിവരുന്ന യുഎൻ ഏജൻസികൾ പ്രവർത്തനം നിർത്തേണ്ടി വരും.  ഇന്ധന ട്രക്കുകളെ ഗാസയിൽ കടക്കാൻ ഇസ്രയേൽ അനുവദിച്ചിട്ടില്ല. കനത്ത വ്യോമാക്രമണം  ഇസ്രയേൽ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ കൊല്ലപ്പെട്ട 756 പേരിൽ 300 ലേറെ കുട്ടികളാണ്. യുദ്ധം കൂടുതൽ പടരുമോ എന്ന ആശങ്കയും കനക്കുകയാണ്. 

സിറിയക്കുള്ളിലെ സൈനിക കേന്ദ്രത്തിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ എട്ടു സൈനികർ കൊല്ലപ്പെട്ടു. യെമനിൽ നിന്ന് സിറിയയിലെ അമേരിക്കൻ സൈനിക താവളത്തിനു നേരെ മിസൈൽ ആക്രമണം നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെട്ടു. ഇറാഖിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കു നേരെയും തുടർച്ചയായി ശിയാ സായുധ സംഘങ്ങൾ ആക്രമണം നടത്തുകയാണ്.  പലസ്തീൻ അതോറിറ്റിയുടെ ഭാഗിക നിയന്ത്രണത്തിൽ ഉള്ള വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. ലെബനൻ അതിർത്തിയിൽ ഇസ്രായേലിനു നേരെ ഇന്നും ഹിസ്ബുല്ല ആക്രമണം നടത്തി. തിരിച്ചും ആക്രമണം ഉണ്ടായി. ഹിസ്ബുല്ല അടക്കം സായുധ സംഘങ്ങളെ മുൻനിർത്തി വലിയ ഏറ്റുമുട്ടലിന് ഇറാൻ പദ്ധതി ഒരുങ്ങുന്നുവെന്ന് യുഎസ് സംശയിക്കുന്നു. അതുകൊണ്ട് അമേരിക്ക മേഖലയിൽ സൈനിക സാന്നിധ്യം  കൂട്ടുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Follow Us:
Download App:
  • android
  • ios