ഇസ്രയേൽ ആസ്ഥാനമായുള്ള ഡിസ്കവർ ടെക് എന്ന പരസ്യ ഏജൻസി ഓൺലൈൻ പരസ്യങ്ങളിലൂടെ ഇൻ്റർനെറ്റ് ഉപയോക്താക്കളെ രഹസ്യമായി നിരീക്ഷിച്ചതായി റിപ്പോർട്ട്. പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യാത്തവരുടെ പോലും വിവരങ്ങൾ ചോർത്തിയ ഇവർ പെൻ്റഗൺ, ഐസിസി തുടങ്ങിയവയെയും ലക്ഷ്യമിട്ടു. സുരക്ഷാ ഭീഷണിയെ തുടർന്ന് ഗൂഗിൾ ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകൾ ഈ കമ്പനിയെ വിലക്കി.
ഡൽഹി: ഇസ്രയേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന പരസ്യ ഏജൻസി ഓൺലൈൻ പരസ്യങ്ങൾ ഉപയോഗിച്ച് ഇൻ്റർനെറ്റ് ഉപയോക്താക്കളെ രഹസ്യമായി നിരീക്ഷിച്ചെന്ന് റിപ്പോർട്ട്. പലരെയും നിരീക്ഷിച്ച ഡിസ്കവർ ടെക് എന്ന കമ്പനി, ഇലക്ട്രോണിക് ഉപകരണങ്ങൾ ഹാക്ക് ചെയ്തതായും രണ്ട് ഗവേഷണ സംഘങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കനേഡിയൻ സൈബർ ഗവേഷണ സ്ഥാപനം സിറ്റിസൺ ലാബ്, ന്യൂയോർക്കിലെ പരസ്യ സുരക്ഷാ സ്ഥാപനമായ കോൺഫിയൻ്റ് എന്നിവയുടേതാണ് റിപ്പോർട്ട്. ഗവേഷണ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഡിസ്കവർ ടെകിനെ ഗൂഗിൾ തങ്ങളുടെ പരസ്യ പ്ലാറ്റ്ഫോമിൽ നിന്ന് പുറത്താക്കി. കോംകാസ്റ്റിൻ്റെ ബീസ്വാക്സ്, ഐഐബി യൂറോപ്പ് എന്നിവയും കമ്പനിയെ വിലക്കി.
അമേരിക്ക കരിമ്പട്ടികയിൽ പെടുത്തിയ കാൻഡിറു എന്ന സ്പൈവെയർ നിർമ്മാണ കമ്പനിക്കും ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസികൾക്കും ഗൂഗിൾ, കോംകാസ്റ്റ്, റഷ്യയുടെ യാൻഡെക്സ് തുടങ്ങിയ പ്രമുഖ പ്ലാറ്റ്ഫോമുകളിലേക്ക് നുഴഞ്ഞുകയറാൻ ഡിസ്കവർ ടെക് സൗകര്യം ചെയ്തതെന്നാണ് ആരോപണം. ഫോണുകളുടെയും ഇയർപോഡുകളുടെയും പരസ്യങ്ങളുടെ മറവിലാണ് ചാരപ്രവർത്തനം നടന്നത്. 1,20,000-ത്തിലധികം വെബ്സൈറ്റുകളിലും 75,000-ത്തിലധികം ആപ്പുകളിലും ഈ പരസ്യങ്ങളെത്തി. പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യാത്ത ഉപയോക്താക്കളുടെ പോലും വിവരങ്ങൾ ചോർത്തി. സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ ഫോൺ നമ്പറുകൾ, ഇവരുടെ ലൊക്കേഷൻ അടക്കമുള്ള വിവരങ്ങൾ വരെ ഈ പരസ്യങ്ങൾ ഉപയോഗിച്ച് ചോർത്തിയെന്ന് റിപ്പോർട്ട് പറയുന്നു.
പ്രതിദിനം ഒരു കോടി പരസ്യങ്ങൾ ഡിസ്കവർ ടെക് ലോകമെമ്പാടും പ്രചരിപ്പിച്ചിരുന്നു. പ്രമുഖ മാധ്യമസ്ഥാപനമായ അൽ ജസീറയുടെ 45 വിൻഡോസ് സിസ്റ്റങ്ങളിൽ 2024-25 കാലത്ത് ഇതേ പരസ്യങ്ങൾ ഉപയോഗിച്ച് കാൻഡിറു സ്പൈവെയർ കടത്തിവിട്ടുവെന്ന് ആരോപണമുണ്ട്. ഇതിനുപുറമെ, യുഎസ് പ്രതിരോധ വകുപ്പ് ആസ്ഥാനമായ പെൻ്റഗൺ, ഇൻ്റർനാഷണൽ ക്രിമിനൽ കോടതി, അന്താരാഷ്ട്ര ആണവോർജ ഏജൻസി എന്നിയുടെ അടക്കം ഇൻ്റർനെറ്റ് ശൃംഖലയിലേക്ക് ഇവർ പരസ്യങ്ങൾ കടത്തിവിട്ടിരുന്നു. പലസ്തീൻ പ്രദേശത്തും പരസ്യങ്ങൾ വ്യാപകമായി പ്രത്യക്ഷപ്പെട്ടു. ഈ ഭാഗത്ത് എല്ലാ വെബ്സൈറ്റുകളിലും എല്ലാ ദിവസവും പരസ്യങ്ങളെത്തി. യുഎൻ, നാറ്റോ, യൂറോപ്യൻ കമ്മീഷൻ, എൻവിഡിയ, ബ്രോഡ്കോം തുടങ്ങിയ വൻകിട ചിപ്പ് കമ്പനികളെ വരെ ഇവർ ലക്ഷ്യമിട്ടു.


