റഷ്യന്‍ പൈലറ്റുമാരെ പരിഹസിച്ചതിന് ഇയാള്‍ക്കെതിരെ നടപടിയെടുത്തതായാണ് സൂചന. ഈ ജീവനക്കാരന് സമീപമുണ്ടായിരുന്ന മറ്റൊരാളാണ് സംഭവ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്.

ഇസ്രയേലിലെ (Israel) ടെല്‍ അവീവ് വിമാനത്താവളത്തില്‍ (Tel Aviv Airport) റഷ്യന്‍ വിമാനത്തിന് യുക്രൈന്‍ പതാക ഉപയോഗിച്ച് സിഗ്നല്‍ നല്‍കി (Russian plane waved with Ukraine flag) എയര്‍പോര്‍ട്ട് ജീവനക്കാരന്‍. ടെല്‍ അവീവ് വിമാനത്താവളത്തിലെ ഗ്രൌണ്ട് ഡ്യൂട്ടി സ്റ്റാഫാണ് റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനെതിരെ വേറിട്ട രീതിയില്‍ പ്രതിഷേധവുമായി എത്തിയത്. നീലയും മഞ്ഞയും കലര്‍ന്ന യുക്രൈന്‍ പതാക വീശി വിമാനത്തെ ടെര്‍മിനലിന് സമീപത്തേക്ക് എത്തിക്കുന്ന ഇയാളുടെ വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.

റഷ്യന്‍ പൈലറ്റുമാരെ പരിഹസിച്ചതിന് ഇയാള്‍ക്കെതിരെ നടപടിയെടുത്തതായാണ് സൂചന. ഈ ജീവനക്കാരന് സമീപമുണ്ടായിരുന്ന മറ്റൊരാളാണ് സംഭവ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. ഈ വീഡിയോ റെഡ്ഡിറ്റില്‍ പ്രസിദ്ധീകരിച്ചതോടെ നിരവധി ആളുകളാണ് ഗ്രൌണ്ട് ഡ്യൂട്ടി ജീവനക്കാരന് പിന്തുണയുമായി എത്തുന്നത്. ഇസ്രയേലില്‍ നിന്ന് റഷ്യന്‍ വിമാനങ്ങള്‍ ഇപ്പോഴും പറന്നുയരുന്നത് എന്തുകൊണ്ടാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളില്‍ ഏറെയും. വിമര്‍ശനം ഉയര്‍ത്തുന്നവരോട് പാലസ്തീനെതിരായ ഇസ്രയേല്‍ നിലപാട് ചൂണ്ടിക്കാണിച്ച് പ്രതികരിക്കുന്നവരും കുറവല്ല. യുക്രൈനെതിരായ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ റഷ്യ തങ്ങളുടെ വ്യോമമേഖല 36 രാജ്യങ്ങള്‍ക്ക് മുന്‍പില്‍ അടച്ചിട്ടിരിക്കുകയാണ്. ഇതില്‍ 27 രാജ്യങ്ങള്‍ യൂറോപ്യന്‍ യൂണിയനിലുള്ളതാണ്. 16 സെക്കന്‍ഡ് ദൈര്‍ഘ്യമാണ് വൈറലായ വീഡിയോയ്ക്കുള്ളത്. 

Scroll to load tweet…

 ലോകരാജ്യങ്ങള്‍ റഷ്യയ്ക്കെതിരായ ഉപരോധം ശക്തമാക്കുന്നതിനിടയിലും യുക്രൈനെതിരായ ആക്രമണം ശക്തമാക്കുകയാണ് റഷ്യ. താത്കാലിക വെടിനിർത്തൽ ഇടയ്ക്ക് പ്രഖ്യാപിച്ചെങ്കിലും അത് അവസാനിപ്പിക്കുന്നതായി രാത്രിയോടെ വ്യക്തമാക്കിയ റഷ്യ യുദ്ധം പുനരാരംഭിച്ചതായും ഇതിനോടകം അറിയിച്ചിട്ടുണ്ട്. യുക്രൈന് മുകളിൽ നോ ഫ്ലൈ സോൺ പ്രഖ്യാപിച്ച് ഏതെങ്കിലും നാറ്റോ രാജ്യം രംഗത്തെത്തിയാൽ അത് മൊത്തം നാറ്റോയും റഷ്യയും തമ്മിലുള്ള യുദ്ധമായി മാറുമെന്ന് മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുക്രൈന് മേൽ വിമാനനിരോധിതമേഖല പ്രഖ്യാപിക്കണമെന്ന് പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി അടക്കം നാറ്റോയോട് അടക്കം ആവശ്യപ്പെട്ടിരുന്നെങ്കിലും അമേരിക്ക ഇത് തള്ളിക്കളഞ്ഞിരുന്നു. അത്തരമൊരു നീക്കം നടത്തിയാൽ അത് വൻയുദ്ധത്തിൽ കലാശിക്കുമെന്നാണ് അമേരിക്ക യുക്രൈൻ ആവശ്യം നിരസിച്ചുകൊണ്ട് പുടിൻ പറഞ്ഞത്.

ഏതെങ്കിലും നാറ്റോ രാജ്യം യുക്രൈന് മേൽ നോ ഫ്ലൈ സോൺ പ്രഖ്യാപിച്ചാൽ വെറുതെയിരിക്കില്ലെന്ന് പുടിൻ പ്രഖ്യാപിക്കുമ്പോൾ എല്ലാം മുന്നിൽ കണ്ട് കച്ച കെട്ടിയാണ് പുടിൻ മുന്നോട്ട് പോകുന്നതെന്ന് വ്യക്തം. യുക്രൈന്‍റെ ആവശ്യം നാറ്റോ തള്ളിയതിനെത്തുടർന്ന് ശക്തമായ വിമർശനമാണ് സെലൻസ്കി അംഗരാജ്യങ്ങൾക്കെതിരെ ഉന്നയിച്ചത്. രാജ്യത്ത് ഇനിയുണ്ടാകുന്നു എല്ലാ മരണങ്ങൾക്കും ഉത്തരവാദി നാറ്റോ കൂടി ആയിരിക്കുമെന്നും സെലൻസ്കി പറഞ്ഞു. എന്നാൽ നാറ്റോ - റഷ്യ ഏറ്റുമുട്ടലാണ് സെലൻസ്കിയുടെ ആഗ്രഹമെന്നായിരുന്നു ഇതിന് റഷ്യ മറുപടി നൽകിയത്. അതേസമയം യുക്രൈനിലെ ഹെർസോൺ നഗരത്തിൽ റഷ്യൻ അധിനിവേശത്തിനെതിരെ ആയിരങ്ങളാണ് തെരുവിലിറങ്ങിയത്.