ഞായറാഴ്ച നിർണായകം, ഗാസ വെടിനിർത്തൽ കരാർ ഇസ്രയേൽ സുരക്ഷ ക്യാബിനറ്റ് കടന്നു, അന്തിമ തീരുമാനം സർക്കാരിന് വിട്ടു
അതേസമയം കരാർ പ്രഖ്യാപിച്ച ശേഷം ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ 113 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്

ടെഹ്റാൻ: ഗാസ വെടിനിർത്തൽ കരാറിന് ഇസ്രായേൽ സർക്കാർ അന്തിമ അനുമതി നൽകുമെന്ന് റിപ്പോർട്ട്. ഇന്ന് കരാർ പരിഗണിച്ച സുരക്ഷ ക്യാബിനറ്റ് അന്തിമ തീരുമാനം സർക്കാരിന് വിടുകയായിരുന്നു. ഞായറാഴ്ച തന്നെ ധാരണ നടപ്പാകാൻ ആണ് സാധ്യത. ഇന്നത്തെ സുരക്ഷ ക്യാബിനറ്റ് ധാരണയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത് എന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ടുതന്നെ അവസാന കടമ്പ ഇനി സർക്കാർ തീരുമാനം ആയിരിക്കും. സമ്പൂർണ ക്യാബിനറ്റും ഇക്കാര്യത്തിൽ അനുകൂല തീരുമാനം കൈകൊണ്ടാൽ ഞായറാഴ്ച തന്നെ വെടിനിർത്തൽ യാഥാർത്ഥ്യത്തിലാകും.
യുദ്ധത്തിന്‍റെ പ്രധാന ലക്ഷ്യമായ ബന്ദി മോചനം നടപ്പാക്കാൻ ധാരണ സഹായിക്കും എന്നതാണ് പ്രധാന കാരണം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇസ്രായേൽ സർക്കാരിന്‍റേതായിരിക്കും. വോട്ടിംഗ് നടക്കുമോ എന്നതാണ് നിർണായകം. സുരക്ഷ ക്യാബിനറ്റ് ചേരുന്നത് നേരത്തേ ഇസ്രായേൽ വൈകിച്ചിരുന്നു. ധാരണയുടെ രണ്ടാം ഘട്ടം സംബന്ധിച്ചായിരുന്നു ഇസ്രയേലിന്റെ വിയോജിപ്പ്. ഈ ഘട്ടത്തിൽ പ്രശ്നങ്ങൾ ഉണ്ടായാൽ ഉള്ള പരിഹാരം സംബന്ധിച്ച് ഉറപ്പ് കിട്ടിയതയാണ് സൂചന. ഇസ്രായേൽ സർക്കാരിൽ ചില കക്ഷികൾക്ക് വെടി നിർത്തൽ ധാരണയോടു യോജിപ്പില്ല. ഇത് സർക്കാർ തീരുമാനത്തെ സ്വാധീനിക്കില്ല എന്നാണ് പ്രതീക്ഷ. വെടിനിർത്തലിന് ശേഷം ഗാസ, പലസ്തീനിയൻ അതോറിറ്റിയാകണം ഭരിക്കേണ്ടതെന്ന നിലപാട് പലസ്തീൻ പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഇന്നലെ അർധരാത്രി വെടിനിർത്തൽ കരാർ സംബന്ധിച്ച പ്രഖ്യാപനമുണ്ടായ ശേഷവും ഗാസയിൽ ഇസ്രയേൽ ആക്രമണം നടത്തി എന്ന റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. 73 മുതൽ 80 വരെ പേർ കൊല്ലപ്പെട്ടതായാണ് രക്ഷാപ്രവർത്തകരെ ഉദ്ദരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നത്. നിരവധി പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. എന്നാൽ ആക്രമണം നടത്തിയെന്നകാര്യം ഇസ്രയേൽ സമ്മതിച്ചിട്ടില്ല. ഇതുവരെയും ഔദ്യോഗിക പ്രതികരണം നടത്താൻ ഇസ്രയേൽ തയ്യാറായിട്ടുമില്ല.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം