ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ റേച്ചലിനെ ചേര്‍ത്തുപിടിച്ച് അഭിനന്ദിച്ചു

ടെല്‍ അവീവ്: കാപ്പിയും ബിസ്കറ്റും നല്‍കി ഹമാസുകാരുടെ ശ്രദ്ധ തിരിച്ച് സ്വന്തം ജീവന്‍ രക്ഷിച്ച സ്ത്രീയുണ്ട് ഇസ്രയേലില്‍. റേച്ചൽ എഡ്രി എന്ന 65 കാരി. ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ റേച്ചലിനെ ചേര്‍ത്തുപിടിച്ച് അഭിനന്ദിച്ചു.

ന്യൂയോർക്ക് പോസ്റ്റിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ഹമാസുകാര്‍ 20 മണിക്കൂറോളം റേച്ചൽ എഡ്രിയെയും ഭര്‍ത്താവ് ഡേവിഡിനെയും അവരുടെ വീട്ടില്‍ ബന്ദികളാക്കിയിരുന്നു. പൊലീസ് ഓഫീസര്‍ കൂടിയായ മകന്‍ എത്തി സായുധ സംഘത്തെ കൊലപ്പെടുത്തുന്നതു വരെ സംയമനം പാലിച്ച റേച്ചൽ എഡ്രിക്ക് ഇസ്രയേലില്‍ അഭിനന്ദന പ്രവാഹമാണ്. തന്നെ ബന്ദിയാക്കിയ ഹമാസുകാര്‍ക്ക് കാപ്പിയും മൊറോക്കൻ കുക്കികളുമാണ് റേച്ചൽ എഡ്രി നല്‍കിയത്. 

ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന പ്ലക്കാർഡുമായി ജൂതർ; പ്രതിഷേധം അമേരിക്കയിലെ ക്യാപിറ്റോൾ ഹില്ലിൽ

മകനും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും വീട്ടില്‍ എത്തിയപ്പോള്‍ സായുധ സംഘം അവിടെയുണ്ടായിരുന്നുവെന്ന് റേച്ചല്‍ പറഞ്ഞു. വീട്ടില്‍ അഞ്ചംഗ സംഘമാണുള്ളതെന്ന് റേച്ചല്‍ മകനെ ആംഗ്യത്തിലൂടെ അറിയിച്ചു. സ്‌പെഷ്യൽ വെപ്പൺസ് ആൻഡ് ടാക്‌റ്റിക്‌സ് ടീം ഹമാസ് സംഘത്തെ വധിച്ച് റേച്ചലിനെയും ഭര്‍ത്താവിനെയും രക്ഷിക്കുകയായിരുന്നു.

സംഭവത്തെ കുറിച്ച് റേച്ചല്‍ പറയുന്നതിങ്ങനെ- “അവർക്ക് വിശക്കുന്നുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു. ഞാനവര്‍ക്ക് കാപ്പിയും ബിസ്കറ്റും പാനീയങ്ങളുമെല്ലാം നല്‍കി. എനിക്ക് പൊലീസ് ഓഫീസർമാരായ മക്കളുണ്ടെന്ന കാര്യം ഞാന്‍ മറച്ചുവെച്ചു. ഞാൻ നിങ്ങളെ ഹീബ്രു പഠിപ്പിക്കും, നിങ്ങൾ എന്നെ അറബിയും പഠിപ്പിക്കും എന്നെല്ലാം തമാശ പറഞ്ഞു. ഇത് ജീവിതത്തിന്റെയും മരണത്തിന്റെയും പ്രശ്നമാണെന്ന് എനിക്ക് അറിയാമായിരുന്നു"

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഇസ്രയേൽ സന്ദർശന വേളയിൽ അദ്ദേഹത്തെ കാണാൻ ക്ഷണിക്കപ്പെട്ട ഇസ്രായേലികളിൽ ഒരാളായിരുന്നു റേച്ചൽ എഡ്രി. പശ്ചിമേഷ്യ സംഘർഷഭരിതമായി തുടരവേ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിക്കാൻ പറന്നെത്തുകയായിരുന്നു അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്‍. നെതന്യാഹു നേരിട്ടെത്തി ബൈഡനെ സ്വീകരിച്ചു. ഈജിപ്ത്, ജോർദാൻ ഭരണാധികാരികളെയും പലസ്തീൻ പ്രസിഡന്‍റിനെയും കാണാൻ ബൈഡന് പദ്ധതി ഉണ്ടായിരുന്നു. എന്നാൽ ഗാസയിലെ ആശുപത്രി അക്രമണത്തോടെ അറബ് നേതാക്കൾ ബൈഡനുമായുള്ള ചർച്ചയിൽ നിന്ന് പിന്മാറുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം